യുവാവ് മർദനമേറ്റു മരിച്ചു
Tuesday, June 28, 2016 12:45 PM IST
മങ്കട: മങ്കടയിൽ സിപിഎം പ്രവർത്തകനായ യുവാവ് മർദനമേറ്റു മരിച്ചു. മങ്കട കൂട്ടിൽ പ്രദേശത്തെ പൊതുപ്രവർത്തകനും ഡിവൈഎഫ്ഐ പ്രാദേശിക നേതാവുമായ കുന്നശേരി അബ്ദുൾ നസീർ (40) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി വീടിനടുത്തുണ്ടായ സംഘർഷത്തിനിടെയാണ് യുവാവ് മരിച്ചത്. പരസ്ത്രീ ബന്ധം ആരോപിച്ച് അയൽവാസിയായ പ്രവാസിയുടെ വീടിനു സമീപത്തുവച്ചാണ് അക്രമികൾ നസീറിനെ പിടികൂടിയത്. ഇതേത്തുടർന്നുണ്ടായ വാക്കു തർക്കം കൈയേറ്റത്തിലും മർദനത്തിലും കലാശിക്കുകയായിരുന്നു. ക്രൂരമായി മർദനമേറ്റ് ബോധരഹിതനായ നസീറിനെ പിന്നീട് മങ്കട പോലീസ് എത്തിയാണ് പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നസീർ ഇന്നലെ രാവിലെയാണ് മരിച്ചത്. പരസ്ത്രീ ബന്ധം ആരോപിച്ച സ്ത്രീയുടെ വീട്ടിൽ വച്ചാണ് മർദനമേറ്റതെന്നു പോലീസ് പറഞ്ഞു.


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ സംഘർഷത്തിലെ ഇടതുചേരിയിലുള്ള മുഖ്യ പ്രവർത്തകനായിരുന്ന നസീറിനെതിരെ വിവിധ കേസുകളുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങൾ നിലനിൽക്കെയാണ് സദാചാര വിഷയത്തിന്റെ പേരിൽ ഇയാൾ മർദനമേറ്റു മരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.