കണ്ണൂർ മലയോര മേഖലയിൽ വ്യാപക ഉരുൾപൊട്ടൽ, വൻനാശം
കണ്ണൂർ മലയോര മേഖലയിൽ  വ്യാപക ഉരുൾപൊട്ടൽ, വൻനാശം
Tuesday, June 28, 2016 12:59 PM IST
കണ്ണൂർ: കനത്ത മഴ തുടരുന്ന കണ്ണൂർ ജില്ലയുടെ മലയോരമേഖലയിൽ ഇന്നലെ പകൽ ഒരുഡസനിലധികം സ്‌ഥലങ്ങളിൽ ഉരുൾപൊട്ടി. നിരവധി വീടുകളും ഏക്കർകണക്കിനു കൃഷിസ്‌ഥലങ്ങളും നശിച്ചു. കോടികളുടെ നാശനഷ്‌ടം കണക്കാക്കുന്നു. തലനാരിഴയ്ക്കാണു പലസ്‌ഥലത്തും ആളപായം ഒഴിവായത്. ഇന്നലെ രാവിലെ 10.30 ഓടെ കുടിയാൻമലയ്ക്കുസമീപം മുന്നൂർകൊച്ചി, ചെകുത്താൻകാട്, പുറത്തൊട്ടി എന്നിവിടങ്ങളിലായിരുന്നു ആദ്യം ഉരുൾപൊട്ടലുണ്ടായത്. ഉച്ചയ്ക്ക് പന്ത്രണ്ടോടെ ആലക്കോട് മേഖലയിലെ ഫർലോംഗര, വൈതൽകുണ്ട്, പാത്തൻപാറ, നൂലിട്ടാമല എന്നിവിടങ്ങളിൽ പത്തോളം സ്‌ഥലത്ത് ഉരുൾപൊട്ടലുണ്ടായി.

ഉളിക്കലിനു സമീപം കേരള അതിർത്തിയിൽ കർണാടക വനത്തിലും ഉരുൾപൊട്ടലുണ്ടായി. മലയോരത്തെ പുഴകളും തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്. വൻ കൃഷിനാശമാണ് ഉരുൾപൊട്ടിയ മേഖലകളിലുണ്ടായത്. ഫർലോംഗരയിലുണ്ടായ ഉരുൾപൊട്ടലിൽ നടുവിലേടത്ത് പ്രിയയുടെ വീട് തകർന്നു. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന പ്രിയയുടെ മാതാപിതാക്കളായ കൃഷ്ണൻകുട്ടി, രാജമ്മ എന്നിവരെ ഓടിക്കൂടിയ നാട്ടുകാരാണു രക്ഷപ്പെടുത്തിയത്. വീട്ടുസാധനങ്ങളെല്ലാം മലവെള്ളത്തിൽ ഒഴുകിപ്പോയി. പെണ്ണാൽ മനോജ്, നാരായണൻ, തോയൽ നാരായണൻ, ബാലൻ എന്നിവരുടെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു.


ഒന്നരകിലോമീറ്റർ ദൂരത്തോളം ഇവിടെ കൃഷിനാശമുണ്ട്. മുതുപുന്നയ്ക്കൽ സജി, ലീലാമ്മ, അഗസ്റ്റിൻ എന്നിവരുടെ പത്തേക്കറോളം സ്‌ഥലത്തെ കൃഷി 75 മീറ്റർ വീതിയിൽ ഉരുൾവെള്ളത്തിൽ കുത്തിയൊഴുകിപ്പോയി.

ഉരുൾപൊട്ടലിനെ തുടർന്നു കുടിയാൻമല പുഴയുടെ കൈവഴിയായ മുന്നൂർകൊച്ചി തോട് മണിക്കൂറുകളോളം കരകവിഞ്ഞൊഴുകി. ചാത്തമല റോഡിലെ കലുങ്കുപാലം വെള്ളത്തിനടിയിലായത് മണിക്കൂറുകളോളം ഗതാഗതം സ്തംഭിപ്പിച്ചു. മുന്നൂർകൊച്ചി–കരാമരംതട്ട് റോഡ് നെല്ലംകുഴി തോടിനു സമീപം തകർന്നു.

കർണാടക വനത്തിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് വയത്തൂർ, വട്ട്യാംതോട് പുഴകൾ കരകവിഞ്ഞൊഴുകി. പൊയ്യൂർകരി, പോക്കാട് ഭാഗങ്ങളിലെ പാടശേഖരങ്ങളിൽ വെള്ളം കയറി നെൽക്കൃഷി നശിച്ചു. മലയോര പുഴകളുടെ കരകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർക്ക് അധികൃതർ ജാഗ്രതാനിർദേശം നൽകി. കനത്ത മഴ മലയോരത്ത് തുടരുന്നതിനാൽ ഇനിയും ഉരുൾപൊട്ടിയേക്കാമെന്ന ആശങ്കയിലാണു മലയോര ജനത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.