ഇതരസംസ്‌ഥാന തൊഴിലാളി ക്ഷേമം: കർമപദ്ധതിക്കു രൂപം നൽകുന്നു
Tuesday, June 28, 2016 1:00 PM IST
കൊച്ചി: സംസ്‌ഥാനത്തുള്ള ഇതരസംസ്‌ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി ഗവർണറുടെ നയപ്രഖ്യാപനത്തിലുള്ള ആവാസ് ഉൾപ്പെടെയുള്ള നിർദേശങ്ങൾ നടപ്പാക്കുന്നതിനായി കർമപദ്ധതിക്കു രൂപം നൽകിവരികയാണെന്നു തൊഴിൽവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്‌തമാക്കി. പെരുമ്പാവൂരിലെ മൂന്നു പ്ലൈവുഡ് കമ്പനികളിലും തൊഴിലാളികളുടെ താമസസ്‌ഥലങ്ങളിലും നടത്തിയ പരിശോധനയ്ക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇപ്പോൾ മറ്റു സംസ്‌ഥാനങ്ങളിൽ നിന്നുവരുന്നവരുടെ കൃത്യമായ കണക്ക് നമ്മുടെ പക്കലില്ല. 22–25 ലക്ഷം പേർ ഇവിടെ പണിയെടുക്കുന്നുവെന്നാണ് ഏകദേശകണക്ക്. ഇതു കൃത്യമായി കണക്കാക്കുകയാണ് ആദ്യലക്ഷ്യം. ഇൻഷ്വറൻസുമായി ബന്ധിപ്പിച്ചുള്ള ഇ–കാർഡ് സംവിധാനം നടപ്പാക്കാൻ കുറച്ചു സമയമെടുക്കും. പേരും വിലാസവുമുള്ള ഒരു തിരിച്ചറിയൽ കാർഡിന് അധികം സമയം വേണ്ട. ഇത്തരത്തിൽ രണ്ടോ മൂന്നോ കാർഡ് പലരുടെയും പക്കൽ ഇപ്പോൾ തന്നെയുണ്ടാകാം. എന്നാൽ കാർഡിൽ രക്‌തഗ്രൂപ്പ്, ഇൻഷ്വറൻസ് തുടങ്ങിയ വിശദാംശങ്ങൾ കൂടുമ്പോൾ സ്വാഭാവികമായും ആറു മാസമെങ്കിലും എടുക്കും. അത്തരത്തിൽ കുറ്റമറ്റ സംവിധാനമാണ് വിഭാവനം ചെയ്യുന്നത്.


നിയമസഭയിലും മാധ്യമങ്ങളിലും ഇതരസംസ്‌ഥാന തൊഴിലാളികളെ സംബന്ധിച്ചു വന്ന അഭിപ്രായങ്ങളുടെയും കാഴ്ചപ്പാടിന്റെയും അടിസ്‌ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇതരസംസ്‌ഥാന തൊഴിലാളികളുടെ ജീവിത സാഹചര്യം, തൊഴിലിടങ്ങളിലെ സാഹചര്യം എന്നിവ കുറച്ചുനാളായി സർക്കാരിന്റെ പരിഗണനയിലുള്ളതാണ്. നിശ്ചയമായും കുറേക്കൂടി മെച്ചപ്പെട്ട സൗകര്യം അവർക്കു ചെയ്തുകൊടുക്കേണ്ടതുണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ സന്ദർശനത്തിന്റെ വെളിച്ചത്തിൽ ഇതരസംസ്‌ഥാന തൊഴിലാളികളുടെ ജീവിതസൗകര്യം സംബന്ധിച്ച് കെട്ടിടം ഉടമകൾക്കും തൊഴിലുടമകൾക്കും നിർദേശം നൽകും. പുതിയ കാർഡ് സംവിധാനം നിലവിൽ വരുന്നതോടെ ഇക്കാര്യത്തിൽ ഉത്തരവാദിത്തം കൂടും.

നിലവിൽ ജില്ലകളിലുള്ള ആരോഗ്യ, റവന്യു, തൊഴിൽ, പഞ്ചായത്ത് വകുപ്പുകളുടെ സംയുക്‌ത കർമസേനയുടെ പ്രവർത്തനം കൂടുതൽ ഊർജിതമാക്കാൻ നിർദേശം നൽകുമെന്നും ടോം ജോസ് വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.