ഐഎൻടിയുസി സംസ്‌ഥാന ക്യാമ്പ് അടൂരിൽ
Tuesday, June 28, 2016 1:07 PM IST
കൊച്ചി: ഐഎൻടിയുസി സംസ്‌ഥാന ക്യാമ്പ് അടുത്ത മാസം 28, 29 തീയതികളിൽ അടൂർ മാർത്തോമ്മാ സെന്ററിൽ നടക്കും. സംസ്ഥാന ഭാരവാഹികൾ, റീജണൽ പ്രസിഡന്റുമാർ, ജില്ലാ പ്രസിഡന്റുമാർ എന്നിവർ ക്യാമ്പിൽ പങ്കെടുക്കുമെന്നു സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. പുനഃസംഘടിപ്പിച്ച ഐഎൻടിയുസി സംസ്‌ഥാന ജനറൽ കൗൺസിൽ യോഗത്തിനുശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടു മേഖലാ ക്യാമ്പുകളും 140 നിയോജകമണ്ഡലം ക്യാമ്പുകളും നടത്തി 1,25,000 തൊഴിലാളി പ്രവർത്തകരെ വാർത്തെടുക്കുകയാണ് ലക്ഷ്യം. നവംബർ 14ന് അനാഥക്കുട്ടികളുടെ ജന്മദിനമായി ആഘോഷിക്കും. സംസ്ഥാനത്തെ എല്ലാ അനാഥാലയങ്ങളിലുമുള്ള കുട്ടികൾക്ക് ഐഎൻടിയുസി പ്രവർത്തകർ ഭക്ഷണവും വസ്ത്രങ്ങളും നൽകുമെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

ഇടത് സർക്കാരിനെതിരേ സമരത്തിലേക്ക് ഉടൻ എടുത്തുചാടില്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വർഷവും തൊഴിലാളിനയം ഇല്ലാതിരുന്ന ഒരു സർക്കാരായിരുന്നു കേരളം ഭരിച്ചിരുന്നത്. അതിന്റെ ഫലമാണ് യുഡിഎഫ് അനുഭവിച്ചത്. സർക്കാരിന് ഐഎൻടിയുസി അവകാശപത്രിക സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്‌ടപ്പെടുമെന്ന ആശങ്ക നിലനിൽക്കുന്നു. താനും എളമരം കരീമും കെ.പി. രാജേന്ദ്രനും ഒപ്പിട്ട നിവേദനം സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. അനുകൂല നിലപാട് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.


എസ്ബിഐ ലയനത്തിനെതിരേ ശക്‌തമായ പ്രക്ഷോഭം നടത്താൻ സംസ്ഥാന ജനറൽ കൗൺസിൽ തീരുമാനിച്ചു. അടുത്തയാഴ്ച തിരുവനന്തപുരത്ത് സത്യഗ്രഹവും ധർണയും സംഘടിപ്പിക്കും.

സെപ്റ്റംബർ രണ്ടിലെ ദേശീയ പണിമുടക്കിൽ സമസ്ത മേഖലകളും സ്തംഭിപ്പിക്കും. കോൺഗ്രസിൽ ബൂത്ത് തലം മുതൽ മാറ്റംവേണം. ഐഎൻടിയുസി മാതൃകയിൽ ബൂത്ത് തലം മുതൽ തെരഞ്ഞെടുപ്പ് നടത്തണം.

കോൺഗ്രസ് ജാതി മത സംഘടനകളുടെ കോ–ഓർഡിനേഷൻ കമ്മിറ്റി ആകരുതെന്നും ചന്ദ്രശേഖരൻ പറഞ്ഞു. കോൺഗ്രസിന് പുതിയ മുഖവും ശരീരവും വേണം. കഴിവ് തെളിയിക്കുന്നവർ ആരായാലും അംഗീകരിക്കണം. രാജ്യമാകെ കോൺഗ്രസ് തകർച്ചയിലാണ്. നിലപാടിലും പരിഗണനയിലും വലിയ മാറ്റം വന്നാലേ കോൺഗ്രസ് രക്ഷപ്പെടൂവെന്നും ചന്ദ്രശേഖരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.