ലോട്ടറി തട്ടിപ്പ്: സർക്കാരിന്റെ അപ്പീൽ സ്വീകരിച്ചു
Tuesday, June 28, 2016 1:07 PM IST
കൊച്ചി: ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട 32 കേസുകളിൽ 23 എണ്ണത്തിൽ സിബിഐ അന്വേഷണം അവസാനിപ്പിച്ചതിനെതിരേ സംസ്‌ഥാന സർക്കാർ നൽകിയ റിവിഷൻ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർകക്ഷിയായ സിബിഐക്ക് നോട്ടീസ് നൽകാനും ഹർജി പരിഗണിച്ച ജസ്റ്റീസ് രാജ വിജയരാഘവൻ നിർദേശിച്ചു. സാന്റിയാഗോ മാർട്ടിൻ ഉൾപ്പെടെയുള്ളവർ പ്രതികളായ സിക്കിം, ഭൂട്ടാൻ ലോട്ടറി തട്ടിപ്പു കേസുകളുടെ അന്വേഷണം 2011 ജൂൺ 18നാണ് സർക്കാർ സിബിഐക്കു വിട്ടത്. എന്നാൽ, പോലീസ് രജിസ്റ്റർ ചെയ്ത 32 കേസുകളിൽ 23 എണ്ണത്തിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണം അവസാനിപ്പിച്ചു.


കേസന്വേഷണം അവസാനിപ്പിക്കാൻ സിബിഐ നൽകിയ അപേക്ഷ സർക്കാരിന്റെ എതിർപ്പ് തള്ളി എറണാകുളം സിജെഎം കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. പൊതു ഖജനാവിനു നഷ്‌ടമുണ്ടാക്കിയ കേസിന്റെ അന്വേഷണം അവസാനിപ്പിക്കാൻ അനുവദിച്ച സിജെഎം കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നും കേസുകളിൽ തുടരന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് സർക്കാർ റിവിഷൻ ഹർജി നൽകിയിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.