സിമി ക്യാമ്പ്: പ്രായപൂർത്തിയാകാത്ത പ്രതിക്കെതിരേ കുറ്റപത്രം
Tuesday, June 28, 2016 1:12 PM IST
കൊച്ചി: പാനായിക്കുളം സിമി ക്യാമ്പ് കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയാകാത്ത പ്രതിക്കെതിരേ കുറ്റപത്രം സമർപ്പിച്ചു. എൻഐഎയുടെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഈരാറ്റുപേട്ട സ്വദേശിക്കെതിരേയാണ് എറണാകുളം ജുവനൈൽ ജസ്റ്റീസ് ബോർഡ് മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രത്തിനൊപ്പം എൻഐഎ കോടതി നേരത്തേ പാനായിക്കുളം കേസ് വിചാരണ നടത്തുമ്പോൾ സാക്ഷികളെ വിസ്തരിച്ചതിന്റെ പകർപ്പ്, കോടതി ഉത്തരവിന്റെ പകർപ്പ് എന്നിവയും ചേർത്തിട്ടുണ്ട്. കേസ് അടുത്തമാസം ഏഴിനു വാദം കേട്ടശേഷം ബോർഡ് തുടർനടപടി സ്വീകരിക്കും. 2006 ലെ സ്വാതന്ത്ര്യദിനത്തിൽ പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തിൽ നിരോധിത സംഘടനയായ സിമിയുടെ നേതൃത്വത്തിൽ രഹസ്യയോഗം നടത്തിയെന്നാണ് ആരോപണം. പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഒറ്റപ്പാലം സ്വദേശി റഷീദ് മൗലവിയെ മാപ്പുസാക്ഷിയാക്കി 15 പ്രതികളുടെ വിചാരണ നടത്തിയിരുന്നു. ഇതിൽ അഞ്ചു പേരെ ശിക്ഷിക്കുകയും മറ്റു 10 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത പ്രതിയുടെ കേസ് ജുവനൈൽ കോടതിയിലേക്ക് മാറ്റുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.