ഇടുക്കി മെഡിക്കൽ കോളജിലെ സമരം ഒത്തുതീർപ്പായി
Tuesday, June 28, 2016 1:12 PM IST
ചെറുതോണി: ഇടുക്കി സർക്കാർ മെഡിക്കൽ കോളജ് വിദ്യാർഥികൾ രണ്ടു ദിവസമായി നടത്തിവന്ന സത്യഗ്രഹ സമരം വിദ്യാർഥികളുടെ ആവശ്യം പരിഗണിച്ച് ഒത്തുതീർപ്പായി.

രണ്ടാംവർഷ എംബിബിഎസ് വിദ്യാർഥികളാണ് ആശുപത്രി അത്യാഹിത വിഭാഗത്തിനുമുന്നിൽ രണ്ടു ദിവസമായി പഠിപ്പുമുടക്കി സമരം നടത്തിയിരുന്നത്. മെഡിക്കൽ കോളജിൽ പഠനസൗകര്യങ്ങൾ ഒരുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം.

സൗകര്യമുള്ള മറ്റു മെഡിക്കൽ കോളജുകളിലേക്ക് തങ്ങളെ മാറ്റണമെന്ന ആവശ്യമായിരുന്നു പ്രധാനമായും ഇവർ ഉന്നയിച്ചിരുന്നത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും കോളജ് പ്രിൻസിപ്പലും വിദ്യാർഥി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്.

രണ്ടാംവർഷ വിദ്യാർഥികളായ 49 പേരെ വിവിധ മെഡിക്കൽ കോളജുകളിലേക്കു മാറ്റാനാണു തീരുമാനം.


തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് 18 പേരെയും കോഴിക്കോട്–10, കോട്ടയം–എട്ട്, തൃശൂർ–ഏഴ്,ആലപ്പുഴ–6 എന്നിങ്ങ”നെയുമാണു മാറ്റുന്നത്. 30–ന് ഇവർ നിശ്ചയിക്കപ്പെട്ടിരിക്കുന്ന കോളജുകളിൽ അഡ്മിഷനെടുക്കണം.

ഇടുക്കി മെഡിക്കൽ കോളജിന്റെ നിലവാരം ഉയർത്തിയശേഷം ഇവർക്ക് ഇവിടെത്തന്നെ പഠനം തുടരാനുള്ള സാഹചര്യം ഒരുക്കുമെന്നും ഡിഎംഇയിൽനിന്നും അറിയിപ്പുലഭിച്ചു. ഇതോടെയാണ് വിദ്യാർഥികൾ സമരം അവസാനിപ്പിച്ചത്.

അതേസമയം, ഒന്നാംവർഷ വിദ്യാർഥികൾ ഇടുക്കി മെഡിക്കൽ കോളജിൽതന്നെ പഠനം തുടരും.ഇടുക്കി മെഡിക്കൽ കോളജിന്റെ അംഗീകാരം നഷ്‌ടപ്പെടുത്താതെ അടിയന്തരമായി സംവിധാനങ്ങളൊരുക്കുമെന്ന് ഡിഎംഇയിൽനിന്നും ഉറപ്പുനൽകിയതായും വിദ്യാർഥികൾ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.