സഹപാഠിക്കു സാമ്പാർ അഭിഷേകം; നാലു പേർക്കു സസ്പെൻഷൻ
Tuesday, June 28, 2016 1:12 PM IST
കണ്ണൂർ: പരിയാരം നഴ്സിംഗ് കോളജിലെ ആൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിൽ സഹപാഠിയെ പിറന്നാൾ ദിനത്തിൽ മരത്തിൽ കെട്ടിയിട്ട് സാമ്പാർ അഭിഷേകം നടത്തിയ സംഭവത്തിൽ നാലു പേരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായി അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ അറിയിച്ചു. നഴ്സിംഗ് കോളജ് വിദ്യാർഥികളായ എം. ജിതേഷ്, പി. വിജേഷ്, വിപിൻ എന്നിവരെയും മെഡിക്കൽ കോളജിൽ ബയോമെഡിക്കൽ ട്രെയിനിയായി പ്രവർത്തിക്കുന്ന അർജുൻ അജയകുമാറിനെയുമാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.

ഇതു സംബന്ധിച്ചു വിശദമായി അന്വേഷിക്കുന്നതിനു ഫോറൻസിക് വിഭാഗം മേധാവി ഡോ. എസ് ഗോപാലകൃഷ്ണപിള്ളയെ ചുമതലപ്പെടുത്തിയതായി ഡയറക്ടർ പറഞ്ഞു. പിറന്നാളുകാരനെ ഹോസ്റ്റലിനു മുന്നിലെ മരത്തിൽ കെട്ടിയിട്ട് ശരീരത്തിൽ സാമ്പാർ അഭിഷേകം ചെയ്ത് പ്രാകൃതമായ രീതിയിലായിരുന്നു തിങ്കളാഴ്ച വൈകുന്നേരം ആറോടെ പിറന്നാളാഘോഷം നടന്നത്. ഇതുവഴി വന്ന ഓട്ടോ ഡ്രൈവർ സംഭവം കണ്ട് പോലീസിനെ വിരമറിയിച്ചു.


കെട്ടിയിട്ട വിദ്യാർഥിക്കു പരാതിയില്ലായിരുന്നെങ്കിലും പൊതുജനങ്ങൾക്ക് കണ്ടാൽ അറപ്പുളവാക്കുന്ന വിധത്തിലുള്ള പ്രവൃത്തി ചെയ്തതിന് അഞ്ച് വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. പിറന്നാളാഘോഷത്തിൽ ഇത്തരം രീതികൾ ഹോസ്റ്റലിൽ പതിവാണെന്ന പരാതികളുയർന്നിട്ടുണ്ട്. കോളജിൽ നടക്കുന്നത് റാഗിംഗാണെന്നും അതിനാൽ റാഗിംഗ് തടയൽ നിയമപ്രകാരം കേസെടുക്കണമെന്നുമുള്ള ആവശ്യവുമുയർന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.