പാലാ മാർക്കറ്റിംഗ് കോ–ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരേ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്
Tuesday, June 28, 2016 1:12 PM IST
കൊച്ചി: അഴിമതിക്കേസുകളിലെ ത്വരിതാന്വേഷണത്തിൽ ഗൗരവമേറിയ കുറ്റകൃത്യമുണ്ടെന്നു കണ്ടാൽ കേസ് രജിസ്റ്റർ ചെയ്യാൻ വിജിലൻസിന് ബാധ്യതയുണ്ടെന്നും ഇതിനായി ഉന്നതതല ഉത്തരവു കാത്തിരിക്കേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി.

പാലാ മാർക്കറ്റിംഗ് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിക്ഷേപിച്ച പണം നഷ്‌ടപ്പെട്ട കേസിൽ വിജിലൻസ് നടപടിയെടുക്കുന്നില്ലെന്ന ഹർജിയിൽ ജസ്റ്റീസ് ബി. കെമാൽ പാഷയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ഹർജിക്കാരന്റെ പരാതിയിൽ ഉടൻ കേസെടുത്ത് അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു. പാലാ മാർക്കറ്റിംഗ് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഊർജിത നിക്ഷേപ സമാഹരണ യജ്‌ഞത്തിന്റെ ഭാഗമായി സൊസൈറ്റിയിൽ അഞ്ചു ലക്ഷം രൂപ നിക്ഷേപിച്ചെന്നും എന്നാൽ ഭരണസമിതിയും ബാങ്ക് ജീവനക്കാരും ചേർന്ന് തുക തിരിമറി നടത്തിയെ ന്നും 2014–15 ലെ ഓഡിറ്റ് പ്രകാരം ഓഹരി മൂലധനത്തിന്റെ 24 മടങ്ങ് നഷ്‌ടം സൊസൈറ്റിക്കുണ്ടെന്നും ഹർജിക്കാരൻ പറയുന്നു.

പണം നഷ്‌ടപ്പെട്ടതു ചൂണ്ടിക്കാട്ടി വിജിലൻസിനു നൽകിയ പരാതിയെത്തുടർന്നു ത്വരിതാന്വേഷണം നടത്തി വിജിലൻസ് സംഘം റിപ്പോർട്ട് നൽകിയിരുന്നു. ആരോപണങ്ങൾ ശരിയാണെങ്കിലും അന്വേഷണം സഹകരണ വകുപ്പിലെ വിജിലൻസ് വിഭാഗത്തിനു കൈമാറിയാൽ മതിയെന്ന ശിപാർശയാണ് ത്വരിതാന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നത്. ഇതനുസരിച്ച് കേസ് സഹകരണ വകുപ്പിലെ വിജിലൻസിനു വിട്ട് തീർപ്പാക്കി.


എന്നാൽ, നഷ്‌ടപ്പെട്ട പണം തിരികെ ലഭിക്കാൻ നടപടി ഉണ്ടായില്ലെന്നും വിജിലൻസ് ഉദ്യോഗസ്‌ഥർ രാഷ്ട്രീയക്കാരുടെ താളത്തിനൊത്തു തുള്ളിയാണ് ഇത്തരമൊരു റിപ്പോർട്ട് തയാറാക്കിയതെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഹർജി പരിഗണിക്കവെ, വിജിലൻസിന്റെ ത്വരിതാന്വേഷണത്തിൽ തട്ടിപ്പു നടത്തിയെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്‌തമാക്കി. ഈ സാഹചര്യത്തിലാണ് ഇത്തരം കേസുകളിൽ തെളിവുണ്ടെന്ന് കണ്ടാൽ വിജിലൻസ് അന്വേഷണ സംഘത്തിന് കേസ് രജിസ്റ്റർ ചെയ്യാമെന്നും ഇതിനായി ഉന്നതതല ഉത്തരവു കാക്കേണ്ടെന്നും ഹൈക്കോടതി വ്യക്‌തമാക്കിയത്. പൊതുജനങ്ങളിൽനിന്നായി 59 കോടിയിലേറെ രൂപ തട്ടിയെടുത്തെന്നാണ് ആരോപണമെന്നും കോടതി പറഞ്ഞു. പാലാ മീനച്ചിൽ താലൂക്കിലെ കെ.ജെ. തോമസ് നൽകിയ ഹർജിയാണു സിംഗിൾ ബഞ്ച് പരിഗണിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.