വൈദ്യുതി ബോർഡിന് 2.87 കോടി രൂപ നഷ്‌ടമെന്നു സിഎജി റിപ്പോർട്ട്
വൈദ്യുതി ബോർഡിന് 2.87 കോടി രൂപ നഷ്‌ടമെന്നു സിഎജി റിപ്പോർട്ട്
Tuesday, June 28, 2016 1:24 PM IST
തിരുവനന്തപുരം: പുതിയ ദർഘാസുകൾ ക്ഷണിക്കുന്നതിലും ദർഘാസ് പൂർത്തിയാക്കുന്നതിലുമു ള്ള കാലതാമസം കാരണം വൈദ്യുതി ബോർഡിന് 2.87 കോടി രൂപ നഷ്‌ടമുണ്ടായതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട്. 2011 മുതൽ 2015 വരെ പ്രസരണ, വിതരണ പ്രവൃത്തികൾക്കായി 610 ഓർഡറുകളാണ് നൽകിയത.് ഇതിൽ 152 ഓർഡറുകൾ തെരഞ്ഞെടുത്ത് ഓഡിറ്റ് ചെയ്തപ്പോഴാണ് നഷ്‌ടം കണ്ടെത്തിയത്.

വൈദ്യുതിമോഷണം സംബന്ധിച്ച കേസുകൾ തീർക്കാൻ അതിവേഗ കോടതികൾ രൂപീകരിക്കാത്തതിനാൽ കേസുകൾ തീർപ്പാക്കുന്നതിൽ കാലതാമസമുണ്ടായി. കേരള അഗ്രോ മെഷിനറി കോർപറേഷനിൽ സ്പെയർ പാർട്സുകൾ വ്യത്യസ്ത വില്പനക്കാരിൽനിന്ന് ഉയർന്ന നിരക്കിൽ വാങ്ങിയതിനാൽ 43.89 കോടി രൂപയുടെ അധികച്ചെലവുണ്ടായതായി ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും കുറഞ്ഞ വിലയ്ക്കു സ്പെയറുകൾ നൽകുന്നവർക്കു മുൻഗണന നൽകിയില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. മാത്രമല്ല ടെൻഡർ ചട്ടപ്രകാരമല്ലാതെയാണു വാങ്ങിയത്. ചട്ടപ്രകാരം രണ്ടര കോടിയിൽ കൂടുതൽ തുകയ്ക്കു സംസ്‌ഥാനത്തിനു പുറത്തുനിന്നു വാങ്ങാൻ ചീഫ് സെക്രട്ടറി, ധന സെക്രട്ടറി, ബന്ധപ്പെട്ട സെക്രട്ടറിമാർ എന്നിവരുടെ അനുമതി വേണം. എന്നാൽ 2010 മുതൽ 15 വരെ 36.41 കോടി രൂപയ്ക്ക് സ്പെയറുകൾ വാങ്ങി.


മലബാർ സിമന്റ്സിന് ചുണ്ണാമ്പു കല്ല് എത്തിക്കുന്നതിനു കരാർ ഉണ്ടായിരിക്കേ മറ്റൊരു സ്‌ഥാപനത്തിൽനിന്ന് സാധനം വാങ്ങിയതിനാൽ കമ്പനിക്ക് 1.77 കോടി രൂപയുടെ അധിക ചെലവുണ്ടായി.

സംസ്‌ഥാനത്തെ മലമ്പുഴ, ചുള്ളിയാർ, വാളയാർ അണക്കെട്ടുകളിൽനിന്ന് മണൽ ശേഖരിച്ചു വൃത്തിയാക്കി വില്പനയ്ക്ക് ഒരുക്കിയപ്പോൾ 6.42 കോടി രൂപയുടെ മണൽ ഒഴുകിപ്പോകുകയോ മോഷ്‌ടിക്കപ്പെടുകയോ ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. എല്ലാ കേബിൾ ടിവിക്കാരും കെഎസ്ഇബിയുടെ പോസ്റ്റുകളാണ് കേബിൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്നത്.

ലോക് അദാലത്തിൽ ഉണ്ടാക്കിയ ഉഭയകക്ഷി ഉടമ്പടിമൂലം കമ്പനിക്ക് വാടകയിനത്തിൽ 14.70 കോടി രൂപയുടെ നഷ്‌ടവും സേവനനികുതി സമാഹരണത്തിൽ 1.75 കോടി രൂപയുടെ കമ്മിയും ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.