അമിറുൾ ഇസ്ലാമിനെ കണ്ടിട്ടില്ലെന്നു ജിഷയുടെ അമ്മയും സഹോദരിയും
അമിറുൾ ഇസ്ലാമിനെ കണ്ടിട്ടില്ലെന്നു ജിഷയുടെ അമ്മയും സഹോദരിയും
Tuesday, June 28, 2016 1:24 PM IST
<ആ>സ്വന്തം ലേഖകൻ

കൊച്ചി: പെരുമ്പാവൂരിൽ നിയമവിദ്യാർഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമിറുൾ ഇസ്ലാമിനെ നേരത്തെ കണ്ടിട്ടില്ലെന്നു ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും. പ്രതിയെ ഇന്നലെ ആലുവ പോലീസ് ക്ലബ്ബിൽ വച്ച് ഇരുവരുടെയും മുന്നിൽ ഹാജരാക്കി. ഇരുവർക്കും പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞില്ല. പ്രതിക്കു രാജേശ്വരിയെയും ദീപയെയും തിരിച്ചറിയാനുമായില്ല.

അമിറുളിനെ മുൻ പരിചയമില്ലെന്ന് ആലുവ പോലീസ് ക്ലബ്ബിൽനിന്നു പുറത്തുവന്ന രാജേശ്വരിയും ദീപയും വ്യക്‌തമാക്കി. തങ്ങൾക്ക് ഇയാളെ അറിയില്ലെന്നു ദീപ പറഞ്ഞു. മുമ്പു കണ്ടിട്ടുമില്ല. എന്തിനാണു ജിഷയെ കൊലപ്പെടുത്തിയതെന്നു രാജേശ്വരി അമിറുളിനോടു ചോദിച്ചതായി ദീപ പറഞ്ഞു. അമിറുളിന്റെ ഭാഷ അറിയില്ല. എന്നാൽ, അപ്പോഴത്തെ അവസ്‌ഥയിൽ അങ്ങനെ സംഭവിച്ചുപോയി എന്നാണു പ്രതി പറഞ്ഞതിന്റെ അർഥമെന്ന് അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്‌ഥർ തങ്ങളോടു പറഞ്ഞുതന്നതായി ദീപ കൂട്ടിച്ചേർത്തു.

ജിഷയെ പ്രതിക്കു മുൻ പരിചയമുണ്ടെന്ന തരത്തിൽ നേരത്തേ വാർത്തകൾ വന്നിരുന്നു. ദീപയ്ക്കും രാജേശ്വരിക്കും ഇയാളെ അറിയാമെന്നും വാർത്തകൾ ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ വ്യക്‌തത വരുത്തുന്നതിനാണ് ഇന്നലെ ഇരുവരുടെയും മുമ്പിൽ പ്രതിയെ ഹാജാരാക്കിയത്. പ്രതിയെ മുന്നിലെത്തിച്ചപ്പോൾ രാജേശ്വരി അലമുറയിട്ട് കരയുകയായിരുന്നു. ഇന്നലെ ഉച്ചയോടെ പോലീസ് ക്ലബ്ബിൽ എത്തിയ രാജേശ്വരിയും ദീപയും ഒന്നര മണിക്കൂറോളം അവിടെ ചെലവിട്ടു.

അതേസമയം, അമീറുൾ ഇസ്ലാം മുൻവൈരാഗ്യങ്ങളുടെ പേരിലല്ല ജിഷയെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലേക്കാണ് അന്വേഷണസംഘം എത്തുന്നത്. ഇതു സ്‌ഥിരീകരിക്കുന്നതിനു മതിയായ കാര്യങ്ങളൊന്നും അന്വേഷണസംഘത്തിനു ലഭിച്ചിട്ടില്ല. മദ്യലഹരിയിൽ ലൈംഗിക താത്പര്യത്തോടെ ജിഷയെ കടന്നുപിടിക്കുകയും അത് കൊലപാതകത്തിലേക്ക് എത്തുകയായിരുന്നുവെന്നുമുള്ള നിഗമനത്തിലേക്കാണ് അന്വേഷണ സംഘം എത്തിച്ചേരുന്നത്.


എന്നാൽ, ഇതിനെ പൂർണമായും സാധൂകരിക്കുന്ന തെളിവുകൾ അന്വേഷണസംഘത്തിനു ലഭിച്ചിട്ടില്ല. കൊലപാതകത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന പ്രതിയുടെ സുഹൃത്ത് അനാർ ഇസ്ലാമിനെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇയാളെ തേടി ഒരു സംഘം ജന്മദേശമായ ആസാമിലുണ്ട്. അന്വേഷണ സംഘത്തിലെ എസ്പി പി.കെ. മധുവും ആസാമിലേക്ക് തിരച്ചിട്ടുണ്ട്. ജിഷയുടെ വീടിന്റെ കട്ടിളയിൽ രക്‌തക്കറ പുരണ്ടത് നേരത്തെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കൃത്യം നടത്തുന്നതിനിടെ ഉണ്ടായ പിടിവലിക്കിടയിൽ രക്‌തം പുരണ്ടാതാകാമെന്ന അനുമാനത്തിലായിരുന്നു പോലീസ്. ഇന്നലെ പ്രതിയെ വീട്ടിൽ എത്തിച്ചപ്പോൾ രക്‌തക്കറ പുരണ്ട സ്‌ഥലം പ്രതിയുടെ കൈ അകലത്തിൽ തന്നെയുള്ളതാണോ എന്നതിൽ സ്‌ഥിരീകരണവും വരുത്തി.

അതേസമയം, സംഭവസ്‌ഥലത്തുനിന്ന് കണ്ടെത്തിയ രക്‌തം പ്രതിയുടേതു തന്നെയാണെന്നു തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഇനിസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ വീണ്ടും സ്‌ഥിരീകരിച്ചു. ഇതു സംബന്ധിച്ച റിപ്പോർട്ട് ഉടൻതന്നെ പെരുമ്പാവൂർ ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിക്കു കൈമാറും. പ്രതിയുടെ പോലീസ് കസ്റ്റഡി കാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തിൽ എത്രയും വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. പ്രതി പരസ്പരവിരുദ്ധമായ മൊഴി നൽകുന്നത് അന്വേഷണസംഘത്തെ കാര്യങ്ങൾ ഇഴപിരിച്ചു കാണുന്നതിൽ ഏറെ പ്രയാസപ്പെടുത്തിയിരുന്നു. എന്നാൽ, അവ ഒന്നൊന്നായി അഴിച്ചുമാറ്റി ഇയാളിലേക്ക് തന്നെ എത്തിച്ചേരുന്ന വിധത്തിലാണ് അന്വേഷണങ്ങൾ പുരോഗമിക്കുന്നത്. അതിനിടെ പ്രതി കൊലയ്ക്കുശേഷം രക്ഷപ്പെട്ട ഓട്ടോറിക്ഷയും ഡ്രൈവറെയും തിരിച്ചറിഞ്ഞു. ഓട്ടോറിക്ഷാ ഡ്രൈവർ പ്രതിയെയും തിരിച്ചറിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.