കാവാലം ഓർമയായി
കാവാലം ഓർമയായി
Tuesday, June 28, 2016 1:24 PM IST
<ആ>സ്വന്തം ലേഖകൻ

കാവാലം: നാടകരംഗത്ത് മലയാളം കണ്ട മഹാപ്രതിഭ കാവാലം നാരായണപ്പണിക്കർക്ക് സാംസ്കാരിക കേരളം വേദനയോടെ വിടചൊല്ലി. കാവാലത്താറിന്റെ(പമ്പയാർ) തീരത്തെ ശ്രീഹരിയിൽ നാരായണമന്ത്രജപങ്ങളാലും കവിതകളാലും മുഖരിതമായ അന്തരീക്ഷത്തിൽ മകനും ഗായകനുമായ കാവാലം ശ്രീകുമാർ വൈകുന്നേരം അഞ്ചരയോടെ ചിതയ്ക്കു തീകൊളുത്തി. സാമൂഹ്യ–സാംസ്കാരിക–രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരടക്കം വൻജനാവലിയെ സാക്ഷി നിറുത്തി പ്രിയപ്പെട്ട നാരായണപ്പണിക്കർ പഞ്ചാഗ്നിയിൽ ലയിച്ചു. പൂർണ സംസ്‌ഥാന ബഹുമതികളോടെയായിരുന്നു സംസ്കാരം.

ഇന്നലെ രാവിലെ ഏഴരയോടെ കാവാലത്തെ ചാലയിൽ തറവാട്ടിൽ നാരായണപ്പണിക്കരുടെ ഭൗതികദേഹം എത്തിച്ചു. ആദരാഞ്ജലിയർപ്പിക്കാൻ നാട്ടുകാരടക്കം വൻ ജനാവലി തടിച്ചുകൂടിയിരുന്നു. ശിഷ്യഗണങ്ങളുടെയും കുരുന്നുകൂട്ടത്തിന്റെയും നേതൃത്വത്തിൽ ഗാനാർച്ചനയുമുണ്ടായി. ചാലയിൽ വീടിന്റെ ഭിത്തിയിൽ അദ്ദേഹത്തിന്റെ കൃതികളുടെ പേരുകളെല്ലാം എഴുതിവച്ചിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തോമസ്ചാണ്ടി എംഎൽഎ, ചലച്ചിത്രതാരങ്ങളായ മഞ്ജുവാര്യർ, മധുപാൽ, അനൂപ് ചന്ദ്രൻ, സജിത മഠത്തിൽ, സംവിധായകരായ ലിജോ ജോസ് പെല്ലിശേരി, ജോഷി മാത്യു, മോഹൻ, സംഗീത സംവിധായകൻ അർജുനൻ മാസ്റ്റർ, എഴുത്തുകാരൻ എൻ.എസ്. മാധവൻ, കുര്യാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത തുടങ്ങി പ്രമുഖരുടെ നീണ്ടനിര തന്നെ അന്തിമോപചാരമർപ്പിച്ചു. ദീപികയ്ക്കുവേണ്ടി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഡോ. താർസീസ് ജോസഫ് പുഷ്പചക്രം അർപ്പിച്ചു.


ഉച്ചകഴിഞ്ഞു രണ്ടരയോടെ ചാലയിൽ തറവാട്ടിൽനിന്നു വിലാപയാത്രയായി ഒരുകിലോമീറ്ററോളം അപ്പുറത്തു കാവാലത്തിന്റെ സ്വന്തം ശ്രീഹരി വീട്ടിലേക്കു ഭൗതികശരീരം സംവഹിച്ചു. തങ്ങളുടെ പ്രിയപ്പെട്ട കാവാലത്തെ അവസാനമായി ഒരു നോക്കു കാണാൻ ഇവിടെയും വൻ ജനാവലി തടിച്ചുകൂടിയിരുന്നു. സമീപത്തെ ക്ഷേത്രത്തിലെ നടതുറക്കുന്നതിനു മുന്നേ ചടങ്ങുകൾ പൂർത്തിയാക്കേണ്ടിയിരുന്നതിനാൽ നാട്ടിൽനിന്നും മറുനാട്ടിൽനിന്നും എത്തിയ പലർക്കും ശ്രീഹരിയിൽ അന്തിമോപചാരമർപ്പിക്കാനായില്ല. പലരും ഇതിന്റെ ദുഃഖവും പേറിയാണു മടങ്ങിയത്.

എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ.സി. വേണുഗോപാൽ, സുരേഷ്ഗോപി, സംവിധായകരായ ഫാസിൽ, വിനയൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാൽ, നടന്മാരായ നെടുമുടി വേണു, ഫഹദ് ഫാസിൽ, ബാലചന്ദ്രൻ തുടങ്ങിയവർ ശ്രീഹരിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.

നാലോടെ സംസ്കാരചടങ്ങുകൾ ആരംഭിച്ചു. ആശാ പ്രദീപിന്റെ സോപാനസംഗീതവും കുരുന്നുകൂട്ടത്തിന്റെയും ശിഷ്യഗണങ്ങളുടെയും പാട്ടും നെടുമുടി വേണുവിന്റെ നേതൃത്വത്തിലുള്ള ഭരതവാക്യം ചൊല്ലലുമെല്ലാം ചടങ്ങുകൾക്ക് അകമ്പടിയായി. ഇതിനിടെ സംസ്‌ഥാന സർക്കാരിനു വേണ്ടി സാംസ്കാരിക സെക്രട്ടറി റാണി ജോർജും ജില്ലാ ഭരണകൂടത്തിനുവേണ്ടി എഡിഎം സജിത് ബാബുവും പുഷ്പചക്രം അർപ്പിച്ചു. പോലീസ് സേന ഗാർഡ് ഓഫ് ഓണർ നല്കി. മൂത്തമകൻ ഹരികൃഷ്ണന്റെ മൃതദേഹം സംസ്കരിച്ചതിനരികെ ഒരുക്കിയ ചിതയിലേക്ക് അഞ്ചുമണിയോടെ നാരായണപ്പണിക്കരുടെയും മൃതദേഹവും അഗ്നിക്കായി സമർപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.