സംസ്‌ഥാനത്തെ പൊതുകടം 1,55,389 കോടി രൂപ
സംസ്‌ഥാനത്തെ പൊതുകടം 1,55,389 കോടി രൂപ
Wednesday, June 29, 2016 1:31 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ പൊതുകടം 155389.33 കോടി രൂപയായി ഉയർന്നതായി ധനമന്ത്രി ടി.എം. തോമസ് ഐസക് നിയമസഭയെ അറിയിച്ചു. 2011 മാർച്ചിൽ സംസ്‌ഥാനത്തിന്റെ പൊതുകടം 73,655 കോടി രൂപയായിരുന്നു. സംസ്‌ഥാനത്തിന്റെ അടിയന്തര ബാധ്യത 5965 കോടി രൂപയാണ്. പെൻഷൻ കുടിശിക 1000 കോടി, വിവിധ വകുപ്പുകൾക്ക് നൽകാനുള്ള ബിൽ 2000 കോടി, കരാറുകാർക്കു കൊടുത്തുതീർക്കാനുള്ളത് 1600 കോടി രൂപഎന്നിങ്ങനെയാണെന്നു ധനമന്ത്രി അറിയിച്ചു.



<ആ>റവന്യൂ കുടിശിക 12,608 കോടി രൂപ

സംസ്‌ഥാനത്ത് റവന്യൂ കുടിശിക ഇനത്തിൽ 12,608 കോടി രൂപ പിരിച്ചെടുക്കാനുണ്ടെന്നു ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഇതിൽ 7,695 കോടി രൂപ തർക്കത്തിലാണ്. ബാക്കി തുക ഊർജിത റവന്യൂ റിക്കവറിയിലൂടെ പിരിച്ചെടുക്കും. വാളയാർ ചെക്ക്പോസ്റ്റിനെ പൂർണമായും അഴിമതിമുക്‌തമാക്കും. അഴിമതിക്കാർക്കെതിരേ ശക്‌തമായ നടപടിയുണ്ടാകും. പ്രധാന ചെക്കുപോസ്റ്റുകൾ ആധുനികവത്ക്കരിച്ച് പരിശോധന വേഗത്തിലാക്കും.

നികുതിചോർച്ച തടയുന്നതിന് വിപുലമായ പരിപാടികൾ ആവിഷ്കരിക്കും. ഉപയോക്‌താക്കൾ ബിൽ ചോദിച്ചുവാങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കാനായി ലക്കി ടാക്സ് പദ്ധതി നവീകരിക്കും. നറുക്കെടുപ്പിനായി ഉപയോക്‌താക്കൾക്ക് എളുപ്പത്തിൽ ബിൽ അയയ്ക്കാൻ മൊബൽ ആപ് സജ്‌ജമാക്കും.

<ആ>മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്ക് 35.95 ലക്ഷം രൂപ ചെലവഴിച്ചു

മുഖ്യമന്ത്രിയുടെ വസതിയുൾപ്പെടെ 19 മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി 35,95,000 രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 32,62,000 രൂപ സിവിൽ ജോലികൾക്കും 3,33,000 രൂപ വൈദ്യുതീകരണത്തിനുമായി ചെലവഴിച്ചു. പുതിയ സൗകര്യങ്ങൾ ഏർപ്പെടുത്താനോ മോടിപിടിപ്പിക്കാനോ പണം ചെലവഴിച്ചിട്ടില്ല. സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങുകൾക്കായി പൊതുമരാമത്ത് വകുപ്പ് 30,81,414 രൂപയും ടൂറിസം വകുപ്പ് 3,65,200 രൂപയും പൊതുഭരണ വകുപ്പ് 20,000 രൂപയും ശുചിത്വ മിഷൻ 81,280 രൂപയും ചെലവഴിച്ചു.

<ആ>യുഡിഎഫ് സർക്കാർ പരസ്യത്തിന് ചെലവഴിച്ചത് 158 കോടി രൂപ

യുഡിഎഫ് സർക്കാർ 158,00,85,588 രൂപ പരസ്യത്തിനായി ചെലവഴിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. 2011 മേയ് 13ന് ശേഷം കഴിഞ്ഞ സർക്കാർ അധികാരമേൽക്കുന്നതിന് മുമ്പ് 32,73,786 രൂപ പ്രദർശന പരസ്യയിനത്തിൽ ചെലവായിട്ടുണ്ട്.


പോലീസ് സേനകൾക്കുള്ള നിയമനം, പരിശീലനം, സ്‌ഥാനക്കയറ്റം എന്നിവയ്ക്കു വ്യവസ്‌ഥാപിതമായ രീതിയിൽ യോജിച്ച മനുഷ്യവിഭവശേഷി നയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സൈബർ ക്രൈം അന്വേഷണത്തിനും പരിശീലനത്തിനും അടിസ്‌ഥാന സൗകര്യങ്ങളുടെ വികസനത്തിനും മുൻഗണന നൽകും. പോലീസ് സ്റ്റേഷനുകൾ സ്മാർട് പോലീസ് സ്റ്റേഷനുകളാക്കും. തീരദേശം കൈകാര്യം ചെയ്യുന്നതിനായി ഐ ആർ മറൈൻ ബറ്റാലിയനും തീവ്രവാദവും ബന്ധപ്പെട്ട പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള സഹായത്തിനായി ഇന്ത്യൻ റിസർവ് ബറ്റാലിയൻ കൂടി അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടും.

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കൈക്കൂലി, അഴിമതിക്കേസുകളിൽ 51 പോലീസ് ഉദ്യോഗസ്‌ഥർക്കെതിരേ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 18 പേർക്കെതിരേ കുറ്റവിചാരണ ചെയ്യുന്നതിനു ശിപാർശ ചെയ്യുകയോ നടപടി എടുക്കുകയോ ചെയ്തിട്ടുണ്ട്.

<ആ>വൈദ്യുതി ചാർജ് കുടിശിക 1,796 കോടി രൂപ

കഴിഞ്ഞ മാർച്ച് 31ലെ കണക്കനുസരിച്ച് കേന്ദ്ര സംസ്‌ഥാന സർക്കാർ, കേന്ദ്ര സംസ്‌ഥാന പൊതുമേഖലാ സ്‌ഥാപനങ്ങൾ, സ്വകാര്യ മേഖലാ സ്‌ഥാപനങ്ങൾ, ലൈസൻസികൾ, സംസ്‌ഥാന, തദ്ദേശ സ്‌ഥാപനങ്ങൾ എന്നിവയിൽ നിന്നും മറ്റ് ഉപഭോക്‌താക്കളിൽ നിന്നുമായി ആകെ 1796.63 കോടി രൂപ വൈദ്യുതി ചാർജ് കുടിശികയിനത്തിൽ പിരിഞ്ഞുകിട്ടാനുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദൻ അറിയിച്ചു.

<ആ>കാരുണ്യ പദ്ധതി: അടിയന്തര സഹായം ഒഴികെയുള്ളതു തുടരും

കാരുണ്യ ബെനവലന്റ് പദ്ധതിയിൽ മന്ത്രിമാർ നിർദേശിക്കുന്ന 5000, 3000 രൂപയുടെ അടിയന്തര ധനസഹായം ഒഴികെയുള്ളവ തുടരുമെന്നു ധനമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു.

ആർഎസ്ബിവൈ പദ്ധതിയിൽ ആരോഗ്യ കാർഡുള്ളവർക്കെല്ലാം കാരുണ്യയുടെ ചികിത്സാ സഹായം നൽകാൻ കഴിയണം. നിലവിൽ കാരുണ്യയുടെ ചികിത്സാ സഹായം ലഭിക്കുന്ന രോഗങ്ങൾക്കു പുറമേ പക്ഷാഘാതം, വാഹനാപകടത്തിൽ പെട്ടു കിടക്കുന്നവർക്കുള്ള ചികിത്സാ സഹായം, അസുഖങ്ങൾക്കുള്ള തുടർചികിത്സ എന്നിവയേയും പദ്ധതിയിൽ ഉൾപ്പെടുത്തി വിപുലീകരിക്കാനാണ് ആലോചിക്കുന്നത്.

ഇതിനു മുന്നോടിയായി ആർഎസ്ബിവൈ പദ്ധതി സമഗ്രമായി വിപൂലീകരിക്കുമെന്നും വി.പി. സജീന്ദ്രന്റെ സബ്മിഷനു മറുപടിയായി മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.