കലാഭവൻ മണിയുടെ മരണം: ഡിജിപിയുടെ റിപ്പോർട്ട് തള്ളി
കലാഭവൻ മണിയുടെ മരണം: ഡിജിപിയുടെ റിപ്പോർട്ട് തള്ളി
Wednesday, June 29, 2016 1:39 PM IST
തൃശൂർ: നടൻ കലാഭവൻ മണിയുടെ ദുരൂഹമരണം സംബന്ധിച്ച് ഡിജിപി നൽകിയ റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷൻ തള്ളി. വിഷയത്തിൽ കൂടുതൽ വിശദമായ റിപ്പോർട്ട് ഉടൻ ഹാജരാക്കാൻ കമ്മീഷൻ ഉത്തരവിട്ടു. മണിയുടെ ബന്ധുക്കളുടെ പരാതിയിൽ നേരത്തേ കമ്മീഷൻ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും കേസ് സിബിഐക്കു വിടാനുള്ള നടപടികളിലാണെന്ന ഒറ്റവരി റിപ്പോർട്ട് ആയിരുന്നു ഡിജിപി സമർപ്പിച്ചത്.

പരാതിയിൽ ഉന്നയിച്ചിരുന്ന കാരണങ്ങളെ സംബന്ധിച്ച് പരാമർശങ്ങളില്ലാതിരുന്ന ഡിജിപിയുടെ ഒറ്റവരി റിപ്പോർട്ടിൽ അതൃപ്തി രേഖപ്പെടുത്തിയാണ് കമ്മീഷൻ തള്ളിയത്. കാക്കനാട്ടെയും ഹൈദരാബാദിലെ കേന്ദ്രലാബിലെയും പരിശോധനാഫലങ്ങൾ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വൈരുധ്യം, സംശയിക്കുന്നവരുടെ പേരുവിവരങ്ങളടക്കമുള്ള വിശദാംശങ്ങൾ എന്നിവ ചൂണ്ടിക്കാണിച്ചുള്ളതായിരുന്നു പരാതി. കമ്മീഷൻ അംഗം പി. മോഹൻകുമാറാണ് കേസ് പരിഗണിച്ചത്. മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ ബുധനാഴ്ച കമ്മീഷനു മുന്നിൽ ഹാജരായിരുന്നു. പോലീസ് അന്വേഷണത്തിലെ വീഴ്ചയുടെ തെളിവാണ് ഡിജിപിയുടെ റിപ്പോർട്ട് തള്ളിയത്, മരണത്തിൽ ദുരൂഹതയുണ്ട്: മണിയുടെ സഹോദരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.