കുട്ടിമാക്കൂൽ സംഭവം: മുഖ്യമന്ത്രിയുടെ മറുപടി ദുഃഖകരമെന്നു ദളിത് യുവതികളും പിതാവും
കുട്ടിമാക്കൂൽ സംഭവം: മുഖ്യമന്ത്രിയുടെ മറുപടി ദുഃഖകരമെന്നു ദളിത് യുവതികളും പിതാവും
Wednesday, June 29, 2016 1:55 PM IST
തലശേരി: കുട്ടിമാക്കൂൽ സംഭവത്തെക്കുറിച്ചു നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ച അടിയന്തര പ്രമേയത്തിനു മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടി ദുഃഖകരവും ലജ്‌ജാകരവുമാണെ ന്നു കുട്ടിമാക്കൂലിലെ കോൺഗ്രസ് നേതാവ് നടമ്മൽ രാജനും മക്കളായ അഖില, അഞ്ജന എന്നിവരും പത്രസമ്മേളനത്തിൽ പറഞ്ഞു. സിപിഎം ഓഫീസിൽ കയറി പ്രാദേശിക നേതാവിനെ ആക്രമിച്ചതിനാണു കുട്ടിമാക്കൂലിൽ ദളിത് പെൺകുട്ടികൾക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണ്. പെൺകുട്ടികൾ നേരിട്ടു പോലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദവും വാസ്തവവിരുദ്ധമാണെന്നും അവർ പറഞ്ഞു.

അറസ്റ്റ് ചെയ്യുമ്പോൾ കൈക്കുഞ്ഞ് കൈയിലുണ്ടായിരുന്നില്ലെന്നാണു മുഖ്യമന്ത്രിയുടെ മറ്റൊരു വാദം. പരാതിയിൽ അന്വേഷിക്കണമെന്ന് എസ്ഐ ഫോണിൽ വിളിച്ചതിനെത്തുടർന്നാണ് കൈക്കുഞ്ഞുമായി സ്റ്റേഷനിൽ എത്തിയത്. അവിടെ വച്ചാണ് അറസ്റ്റ് ചെയ്തതായും കോടതിയിൽ ഹാജരാക്കുമെന്നും എസ്ഐ അറിയിച്ചത്. സ്റ്റേഷനിൽ ഹാജരാകുമ്പോൾ അഖിലയ്ക്കൊപ്പം ഒന്നര വയസ് പ്രായമുള്ള കുഞ്ഞുമുണ്ടായിരുന്നു. തലശേരി പോലീസ് സ്റ്റേഷനിലെ സിസിടിവി കാമറ പരിശോധിച്ചാൽ ഇക്കാര്യം വ്യക്‌തമാകും. തുടർന്നു പോലീസ് ജീപ്പിൽ കണ്ണൂർ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോഴും കുഞ്ഞ് ഒപ്പം തന്നെയുണ്ടായിരുന്നു. മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയതും കുഞ്ഞിനൊപ്പം തന്നെയാണ്. എന്നിട്ടും കുഞ്ഞുണ്ടായിരുന്നില്ലെന്നു പറയുന്ന മുഖ്യമന്ത്രി കേരളത്തിനാകെ അപമാനമാണ്. ജാമ്യാപേക്ഷ നൽകാതെ രണ്ടുപേരും സ്വയം ജയിലിൽ പോയെന്നാണു മുഖ്യമന്ത്രിയുടെ വിചിത്രമായ മറ്റൊരു വാദം. രണ്ടു പെൺകുട്ടികളും കൈക്കുഞ്ഞും രണ്ടു വനിതാ പോലീസുകാരും അഡ്വ. വസന്തറാമും രണ്ടു ജാമ്യക്കാരും ഒന്നിച്ചാണു മജിസ്ട്രേറ്റിന്റെ ചേംബറിൽ ഹാജരായത്. അഡ്വക്കറ്റ് ജാമ്യാപേക്ഷ നൽകിയിട്ടും മജിസ്ട്രേറ്റ് നിരസിക്കുകയായിരുന്നു. എന്നിട്ടും പച്ചക്കള്ളം പ്രചരിപ്പിക്കുകയാണു മുഖ്യമന്ത്രിയെന്നും നടമ്മൽ രാജൻ പത്രസമ്മേളനത്തിൽ പറഞ്ഞു.



<ആ>മജിസ്ട്രേറ്റിനെതിരേ ഹൈക്കോടതി രജിസ്ട്രാർക്കു പരാതി

തലശേരി: കുട്ടിമാക്കൂൽ സംഭവവുമായി ബന്ധപ്പെട്ടു സുപ്രീംകോടതിയുടെ മാർഗനിദേശം പരിഗണിക്കാതെ ദളിത് യുവതികളെ കൈക്കുഞ്ഞുമായി ജയിലിലടച്ച സംഭവത്തിൽ മജിസ്ട്രേറ്റിനെതിരേ ഹൈക്കോടതി രജിസ്ട്രാർക്കു പരാതി നൽകിയതായി കെപിസിസി എക്സിക്യൂട്ടീവ് അംഗം അഡ്വ. ഷാഹുൽ ഹമീദ് പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതിനുപുറമേ പട്ടികജാതിവർഗ കമ്മീഷനു മുന്നിൽ നേരിട്ടു ഹാജരായി അഖിലയും അഞ്ജനയും പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിൽ എസ്പിക്കു പകരം ഡിഐജി നേരിട്ടു കേസ് അന്വേഷിക്കാൻ കമ്മീഷൻ നിർദേശം നൽകി. ചാനൽ ചർച്ചകളിൽ ദളിത് പെൺകുട്ടികളെ അപമാനിച്ച സംഭവത്തിൽ എ.എൻ.ഷംസീർ എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവർക്കെതിരേ നിസാര വകുപ്പുകൾ ചേർത്താണു നിലവിൽ കേസെടുത്തിട്ടുള്ളത്. അതിനു പകരം 2016ലെ എസ്സി/എസ്ടി ആക്ട് പ്രകാരം ജാമ്യമില്ലാവകുപ്പ് ചേർത്തു കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു ഡിവൈഎസ്പിക്കു പരാതി നൽകിയിട്ടുണ്ട്. മൊഴിയെടുക്കാനാണെന്ന വ്യാജേന സ്റ്റേഷനിലേക്കു യുവതികളെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ എസ്ഐക്കെതിരേ പോലീസ് കംപ്ലെയിന്റ് അഥോറിറ്റിക്കും പരാതി നൽകിയതായും അഡ്വ. ഷാഹുൽ ഹമീദ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.