കാണാതായ വയോധികനെ പോലീസ് നായ കണ്ടെത്തി
കാണാതായ വയോധികനെ പോലീസ് നായ കണ്ടെത്തി
Wednesday, June 29, 2016 1:55 PM IST
കൂത്താട്ടുകുളം: കാണാതായ വയോധികനെ പോലീസ് നായ കണ്ടെത്തി. മറവിരോഗമുള്ള എഴുപത്തിമൂന്നുകാരനെ കണ്ടെത്താനായി പോലീസ് ഉദ്യോഗസ്‌ഥർ ഉൾപ്പെടെ നൂറ്റമ്പതോളം പേർ രാത്രിയും പുലർച്ചെയും വ്യാപക തെരച്ചിൽ നടത്തിയിട്ടും ഒരു സൂചനയും ലഭിക്കാതിരിക്കെയാണ് മഴയുടെ പ്രതികൂല സാഹചര്യത്തിലും റൂണി എന്ന പോലീസ് നായ തന്റെ ദൗത്യം സ്തുത്യർഹമായി നിറവേറ്റിയത്.

ബുധനാഴ്ച വൈകുന്നേരം അയൽപക്കത്തെ വീട്ടിലേക്കു പോയ പാലക്കുഴ മഞ്ചാടി പുത്തൻപുരയിൽ ജോർജ് പൈലിയെ കാണാതാവുകയായിരുന്നു. ആൽസ്ഹൈമേഴ്സ് രോഗബാധിതനായ ജോർജിന് ഓർമക്കുറവുള്ളതിനാൽ വീട്ടിലേക്കു തിരിച്ചെത്താൻ കഴിയാതെ വന്നു.

രാത്രി ഏറെ വൈകിയും തിരിച്ചുവരാതായപ്പോൾ പ്രദേശവാസികൾ അര കിലോമീറ്ററോളം ചുറ്റളവിൽ ജോർജിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കൂത്താട്ടുകുളം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്‌ഥരും തെരച്ചിലിൽ പങ്കെടുത്തു. ഇന്നലെ പുലർച്ചെവരെ തെരച്ചിൽ തുടർന്നെങ്കിലും ഫലമുണ്ടായില്ല. രാവിലെ പെയ്ത മഴമൂലം തെരച്ചിൽ നിർത്തിവയ്ക്കേണ്ടി വന്നു.

തുടർന്ന് കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിൽനിന്ന് അറിയിച്ചതനുസരിച്ച് കളമശേരി പോലീസ് ക്യാമ്പിൽനിന്ന് റൂണി എന്ന പോലീസ് നായയെ ഉച്ചയോടെ സ്‌ഥലത്തെത്തിച്ചു. ജോർജിന്റെ കട്ടിലിൽ നിന്നു മണം പിടിച്ച് പോലീസ് നായ 750 മീറ്ററോളം ദൂരം സഞ്ചരിച്ച് ഒരു വീട്ടുമുറ്റത്ത് ചെന്നുനിന്നു. നായ മണം പിടിച്ചെത്തിയ വീടിന്റെ ചുറ്റുവട്ടത്തായി പോലീസും നാട്ടുകാരും ചേർന്നു നടത്തിയ തെരച്ചിലിൽ 75 മീറ്ററോളം അകലെ പൈനാപ്പിൾ തോട്ടത്തിൽ ഉച്ചയ്ക്ക് ഒന്നര യോടെ ജോർജിനെ മുറിവുകളോടെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസ് ജീപ്പിൽ ജോർജിനെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. പെരുമ്പാവൂർ ജിഷവധക്കേസ്, അന്യസംസ്‌ഥാന തൊഴിലാളി ഭാര്യയെയും കുഞ്ഞിനെയും വധിച്ച സംഭവം, ബൈക്കിലെത്തി മോഷണം തുടങ്ങിയ കേസുകളി ൽ നിർണായക തെളിവുകൾ കണ്ടെത്താൻ സഹായിച്ച പോലീസ് നായയാണ് റൂണി.


ഡോഗ്സ്ക്വാഡിലെ ഹേമന്ത്, രഞ്ജിത് എന്നിവരും കൂത്താട്ടുകുളം പ്രിൻസിപ്പൽ എസ്ഐ ജി.പി. മനുരാജ്, എഎസ്ഐ സുരേഷ്, എഎസ്ഐ ജയൻ, ജോർജ്, അഭിലാഷ്, ഉണ്ണികൃഷ്ണൻ എന്നിവരും തെരച്ചിലിനു നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.