സംസ്‌ഥാന സാമ്പത്തിക സ്‌ഥിതി: ധവളപത്രം ഇന്നിറക്കും
സംസ്‌ഥാന സാമ്പത്തിക സ്‌ഥിതി: ധവളപത്രം ഇന്നിറക്കും
Wednesday, June 29, 2016 2:04 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ സാമ്പത്തിക സ്‌ഥിതി സംബന്ധിച്ചുള്ള ധവളപത്രം ഇന്നു പുറത്തിറക്കും. ധവളപത്രത്തിലെ കരടു നിർദേശങ്ങൾക്ക് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകി. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നിർദേശങ്ങൾ അടങ്ങുന്ന ധവളപത്രം നിയമസഭയിൽ വയ്ക്കാനും തീരുമാനിച്ചു.

സംസ്‌ഥാനത്തിന്റെ സാമ്പത്തിക സ്‌ഥിതി മോശമാണെന്നാണു ധനവകുപ്പിന്റെ വിലയിരുത്തൽ. പൊതുകടം 1,55,389.33 കോടി രൂപയായി ഉയർന്നു. 2011 മാർച്ചിൽ ഇത് 73,655 കോടി രൂപയായിരുന്നു. 9000 കോടിയുടെ റവന്യു കമ്മിയാണ് യുഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ പറഞ്ഞിരുന്നത്. എന്നാൽ, ഇതിന്റെ ഇരട്ടി വരുമെന്നാണ് ധനമന്ത്രിയുടെ വിലയിരുത്തൽ.

ധന പ്രതിസന്ധി ഗുരുതരാവസ്‌ഥയിലെത്തിച്ചതിന്റെ ചില കാരണങ്ങൾ ധവളപത്രത്തിൽ എടുത്തുപറയുന്നുണ്ട്. കൊടുത്തു തീർക്കാത്ത പെൻഷൻ–കരാർ കുടിശികകൾ, പ്രഖ്യാപിച്ചിട്ടും നടപ്പാക്കാത്ത പദ്ധതികൾ തുടങ്ങിയവയുടെ വിശദാംശങ്ങളും ധവളപത്രത്തിൽ പ്രതീക്ഷിക്കാം. സംസ്‌ഥാനത്തിന്റെ അടിയന്തര ബാധ്യത 5965 കോടി രൂപയാണ്. പെൻഷൻ കുടിശിക 1000 കോടി. വിവിധ വകുപ്പുകൾക്കു നൽകാനുള്ള ബിൽ കുടിശിക 2000 കോടി. കരാറുകാർക്കു 1600 കോടിയും കൊടുത്തു തീർക്കാനുണ്ട്. റവന്യുകുടിശിക ഇനത്തിൽ 12,608 കോടി രൂപ പിരിച്ചെടുക്കാനുണ്ട്. ഇതിൽ 7,695 കോടി രൂപ തർക്കത്തിലാണ്. ഇന്നത്തെ സ്‌ഥിതി തുടർന്നാൽ ഈ വർഷം ധനകമ്മി 17,000 കോടിയായി ഉയർന്നേക്കും; സൂചന നൽകുന്നു.


മലപ്പുറം പാലച്ചിറമേട് വാഹാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകാനും മന്ത്രിസഭ തീരുമാനിച്ചു. കരമന ദേശീയപാതയിലെ കുഴിയിൽ വീണു മരിച്ച തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി പ്രകാശിന്റെ ഭാര്യക്ക് ജോലിയും അഞ്ചു ലക്ഷം രൂപ ധന സഹായവും നൽകും. ചികിത്സയിൽ കഴിയുന്ന മുൻ എംഎൽഎ കെ.സി. കുഞ്ഞിരാമനു വെല്ലൂർ ആശുപത്രിയിലെ ചികിത്സാ ചെലവ് പൂർണമായും സർക്കാർ വഹിക്കും.

മുണ്ടക്കയത്ത് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച മാധ്യമപ്രവർത്തകൻ സനൽ ഫിലിപ്പിന്റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ നൽകും. നെടുമങ്ങാട് സ്വദേശി രാജന്റെ മകൻ ലിനു രാജന്റെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് അഞ്ചു ലക്ഷം രൂപ ധനസഹായം നൽകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.