ഭൂരഹിതരില്ലാത്ത കേരളം പദ്ധതി നടപ്പാക്കിയില്ല
Thursday, June 30, 2016 1:45 PM IST
തിരുവനന്തപുരം: ഭൂരഹിതരില്ലാത്ത സംസ്‌ഥാനമായി കേരളത്തെ മാറ്റുമെന്ന് പ്രഖ്യാപിച്ച് യുഡിഎഫ് സർക്കാർ ആരംഭിച്ച ഭൂരഹിതരില്ലാത്ത കേരളം പദ്ധതി യുഡിഎഫ് സർക്കാർ നടപ്പിലാക്കിയിട്ടില്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആദ്യഘട്ടമായി കണ്ണൂരിനെയും കാസർഗോഡിനെയും ഭൂരഹിതരില്ലാത്ത ജില്ലകളായി പ്രഖ്യാപിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണു യുഡിഎഫ് സർക്കാർ ചെയ്തത്. ഭൂമിയില്ലാത്തവർക്കു ഭൂമിയും വീടില്ലാത്തവർക്കു വീടുമാണ് എൽഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നത്. സംയുക്‌ത പരിശോധന പൂർത്തിയാക്കിയ 1971 ജനുവരി ഒന്നിനു മുമ്പുള്ള കൈയേറ്റ ഭൂമിക്കു പട്ടയം നൽകുന്ന നടപടികൾ നടന്നുവരികയാണ്. പുഴ, കായൽ, തോട് കനാൽ പുറമ്പോക്ക് തുടങ്ങിയ സ്‌ഥലങ്ങളിലുള്ള കൈയേറ്റങ്ങൾക്ക് പട്ടയം നൽകുന്ന വിഷയം ഹൈബി ഈഡൻ ഉന്നയിച്ചു. തദ്ദേശ സ്‌ഥാപനങ്ങൾ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകുകയും തീരദേശ നിയന്ത്രിത മേഖലയുടെ അനുമതി ലഭിക്കാതെയുമുള്ള അർഹരായ കുടിയേറ്റക്കാർക്ക് പട്ടയം നൽകുമോ എന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ ചോദിച്ചു. കഴിഞ്ഞ അഞ്ചു വർഷം യുഡിഎഫിനു ചെയ്യാൻ കഴിയാതിരുന്നത് ഇപ്പോൾ ചെയ്യാൻ കഴിയുമോ എന്നതു തീർച്ചയായും പരിശോധിക്കുമെന്നായിരുന്നു മന്ത്രിയുടെ മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.