മുഖം മറയ്ക്കാതെ അമിറുൾ ഇസ്ലാം കോടതിയിൽ
മുഖം മറയ്ക്കാതെ അമിറുൾ ഇസ്ലാം കോടതിയിൽ
Thursday, June 30, 2016 2:03 PM IST
കൊച്ചി/പെരുമ്പാവൂർ: കോടതി വളപ്പിനു പുറത്ത് ജനം രോഷാകുലരാകുമ്പോഴും അക്ഷോഭ്യനായി പ്രതി അമിറുൾ ഇസ്ലാം. തികച്ചും നിർവികാരൻ. കൊലപ്പുള്ളികൾ സാധാരണ കാണിക്കുന്ന ക്ഷോഭമോ കടുത്ത വികാരങ്ങളോ മുഖത്ത് തെളിഞ്ഞില്ല. മുഖം മറയ്ക്കാതെ ആദ്യമായി പോലീസ് എത്തിച്ച പ്രതിയെ കാണാനായി നൂറുകണക്കിന് ആളുകളാണ് പെരുമ്പാവൂർ കോടതി പരിസരത്ത് തടിച്ചുകൂടിയത്. എന്നാൽ, കഴിഞ്ഞ തവണ പ്രതിയെ ഹാജരാക്കിയപ്പോൾ ഉണ്ടായത്ര വലിയ ആൾക്കൂട്ടമായിരുന്നില്ല ഇന്നലത്തേത്. കോടതിവളപ്പിലും സമീപ പ്രദേശങ്ങളിലും പതിവുപോലെ കനത്ത സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

ഉദ്യോഗസ്‌ഥരെയും അഭിഭാഷകരെയും മാധ്യമപ്രവർത്തകരെയും ഒഴികെയുള്ളവരെ പെരുമ്പാവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിവളപ്പിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. പോലീസ് വാഹനത്തിൽ വൈകുന്നേരം നാലോടെ തന്നെ പ്രതിയെ കോടതി വളപ്പിലേക്ക് എത്തിച്ചെങ്കിലും വാഹനത്തി ൽനിന്ന് ഇറക്കാതെ ഇരുത്തിയിരിക്കുകയായിരുന്നു.

ചാരനിറത്തിലുള്ള മുക്കാൽ പാന്റ്സും വെള്ളയും നീലയും മഞ്ഞയും വരകളുള്ള ടീഷർട്ടുമായിരുന്നു പ്രതിയുടെ വേഷം. പോലീസ് വണ്ടിയിൽ ഇരുന്ന് ഇടയ്ക്കിടെ തന്നെ ചുറ്റുന്ന കാമറക്കണ്ണുകളിലേക്ക് നിർവികാരനായി നോക്കും. ഇടയ്ക്കു ചെറുചിരി മുഖത്ത് മിന്നിമറയുന്നതുപോലെ. കുറച്ചുനേരം കുനിഞ്ഞിരിക്കും. മറ്റു ചേഷ്ടകൾ ഒന്നുമില്ല. കോടതിയിലേക്ക് കയറിപ്പോയതും ഇറങ്ങിവന്നതും ഒരേ മുഖഭാവത്തോടെ.


പ്രതിയെയുംകൊണ്ട് പോലീസ് വാഹനം കോടതിവളപ്പിലെത്തിയപ്പോൾ വളരെ കുറച്ചാളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, മുഖം മറയ്ക്കാതെയാണ് പ്രതിയെ എത്തിച്ചിരിക്കുന്നതെന്ന വാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞതോടെ ജനം തടിച്ചുകൂടി. തുടർന്ന് മതിലിനു മുകളിലും മരച്ചില്ലകളിലും ഒക്കെ ആളുകൾ ആർത്തു. പലർക്കും പ്രതിയുടെ മുഖം നേരത്തേ കാണിക്കാതിരുന്നതിൽ രോഷം.

നേരത്തേ തന്നെ മുഖം മറയ്ക്കാതെ ഇയാളെ കൊണ്ടുവന്നിരുന്നെങ്കിൽ തങ്ങളെകൊണ്ട് ആവുന്ന സഹായം അന്വേഷണത്തിനു ചെയ്യാമായിരുന്നുവെന്ന് ചിലർ പറഞ്ഞു. ടെലിവിഷനിൽ മുഖം കണ്ടശേഷം സ്‌ഥലത്തെ ത്തിയ മറ്റു ചിലരാവട്ടെ ഇങ്ങയൊരാളെ മുമ്പ് അവിടെയെങ്ങും കണ്ടിട്ടില്ലെന്നു പ്രതികരിച്ചു. പ്രതിയെയും വഹിച്ചുകൊണ്ടുള്ള പോലീസ് വാഹനം കാക്കനാട് ജില്ലാ ജയിലിലേക്കു പോകുന്നതിനായി കോടതിവളപ്പിൽനിന്നു പുറത്തേക്ക് വന്നപ്പോൾ കൂടിനിന്ന ചിലർ കൂക്കി വിളിക്കുന്നുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.