ഫാഷൻ അപക്ഷയ്ക്കു പാഷൻ
ഫാഷൻ അപക്ഷയ്ക്കു പാഷൻ
Friday, July 1, 2016 2:49 PM IST
തൃശൂർ: ചെറുപ്രായത്തിലേ വലിയ ബഹുമതികൾ പേരിനൊപ്പം തുന്നിച്ചേർത്ത് ഫാഷൻ ഡിസൈനിംഗ് രംഗത്തു മലയാളി പെൺകുട്ടിയുടെ താരോദയം.

ഏഴാംവയസിൽ ഡ്രസ് ഡിസൈനിംഗ്, ഭാരതത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ഡിസൈനർ, ദുബായിലെ മിർന എൽ ഹേജ് ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ ഡിസൈനിംഗ് വിദ്യാർഥിനി എന്നീ ബഹുമതികൾ. തൃശൂർ ഗുരുവായൂർ സ്വദേശികളായ ബിനോജ്–പ്രസീന ദമ്പതികളുടെ മകൾ അപക്ഷയാണ് വയസ് 11 പിന്നിടുമ്പോഴേക്കും ഫാഷന്റെ ലോകത്ത് വിസ്മയം തീർക്കുന്നത്. ഈ ചെറുപ്രായത്തിൽ തന്നെ ഫാഷൻ രംഗവുമായി ബന്ധപ്പെട്ട രണ്ട് റിക്കാർഡുകളും പുരസ്കാരങ്ങളും ഈ കൊച്ചുമിടുക്കിയെ തേടി എത്തിക്കഴിഞ്ഞു.

തമിഴ്നാട്ടിലാണ് അപക്ഷ ജനിച്ചതെങ്കിലും മൂന്നാംമാസം മുതൽ വളർന്നതു ദുബായിലാണ്. ഏഴാം വയസിൽ സ്വന്തം ഉടുപ്പുകളും അടുത്ത ചില ബന്ധുക്കളുടെ വസ്ത്രങ്ങളും ഡിസൈൻ ചെയ്തു തുടങ്ങി. 2013ൽ ഇംഗ്ലണ്ടിലെ ബേബി ഷോപ്പ് ബ്രാൻഡ് നടത്തിയ ഡ്രസ് ഡിസൈനിംഗ് മത്സരത്തിൽ പങ്കെടുത്തു. ദുബായിലെ മിർന എൽ ഹേജ് ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു പഠിക്കുന്നതിനു നിശ്ചിത യോഗ്യത പ്ലസ്ടുവാണെങ്കിലും ഡിസെനിംഗിലുള്ള അപക്ഷയുടെ കഴിവുകൾ പരിഗണിച്ച് നേരിട്ടു പ്രവേശനം നല്കി. അവിടെ നിന്നു ഫസ്റ്റ് ലവൽ ഗ്രാജ്വേഷൻ പൂർത്തിയാക്കി. ഈ വർഷത്തെ ഫാഷൻ ഷോയിൽ പങ്കെടുക്കാനുള്ള അവസരവും ഈ മിടുക്കിയെ തേടിയെത്തി. കേരളത്തനിമയുള്ള പട്ടുപാവാടയും ബ്ലൗസും തുടങ്ങി വൈവിധ്യമാർന്ന ഫ്രോക്കുകൾ വരെ ഇതോടകം അപക്ഷ ഡിസൈൻ ചെയ്തിട്ടുണ്ട്. 105 വ്യത്യസ്ത രീതിയിലുള്ള ഡിസൈനുകൾ രൂപകൽപന ചെയ്ത് യു.ആർ.എഫ് റിക്കാർഡ്സ്, വേൾഡ് റിക്കാർഡ്സ് ഓഫ് ഇന്ത്യ എന്നീ പുരസ്കാരങ്ങൾക്കും ഈ മിടുക്കി അർഹയായിട്ടുണ്ട്. ഇന്ത്യൻ എക്സലൻസ് സ്കൂളിൽ ആറാംക്ലാസ് വിദ്യാർഥിനിയാണ്. അപെക് ഡ്രീംസ് ഓഫ് ഡിസൈൻ എന്നപേരിലുള്ള സ്വന്തം ബ്രാൻഡിലെ ഡിസൈനുകൾ ഉൾപ്പെടുത്തി ‘അപെക് ഫാഷൻ ഷോ 2016 ദുബായ്’ എന്ന പേരിൽ ഒക്ടോബറിൽ ഒരു പ്രദർശനം നടത്താനുള്ള തയാറെടുപ്പിലാണ് അപക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.