സോളാർ തട്ടിപ്പുകേസ്: ബിജുവിനെയും സരിതയെയും കണ്ടിട്ടില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മൊഴി
സോളാർ തട്ടിപ്പുകേസ്: ബിജുവിനെയും സരിതയെയും കണ്ടിട്ടില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മൊഴി
Friday, July 1, 2016 2:49 PM IST
കൊച്ചി: സോളാർ തട്ടിപ്പുകേസിലെ മുഖ്യപ്രതികളായ ബിജു രാധാകൃഷ്ണനെയും സരിത എസ്. നായരെയും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നു മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ സോളാർ കമ്മീഷനിൽ മൊഴി നൽകി. സരിത ഒരു തവണ തന്റെ ഫോണിലേക്കു വിളിച്ചിരുന്നു.

എന്നാൽ ഫോൺ എടുത്ത ഗൺമാൻ അത് തനിക്കു തരുന്നതിനു മുമ്പ് കട്ടായി. തന്റെ ഫോണിൽ നിന്നും 19 സെക്കൻഡ് ദൈർഘ്യമുള്ള ഒരു കോൾ സരിതയുടെ ഫോണിലേക്ക് പോയിരുന്നതായി സംശയിക്കുന്നതായും തിരുവഞ്ചൂർ ജസ്റ്റീസ് ജി. ശിവരാജൻ കമ്മീഷനു മൊഴി നൽകി.

സിനിമ–സീരിയൽ താരം ശാലുമേനോനെ അറിയാം. ശാലുമേനോന്റെ വീടുമാറ്റത്തിന് പോയിരുന്നു. അതൊരു സാമൂഹിക സദസ് മാത്രമായിരുന്നതിനാലാണ് ആ പരിപാടിയിൽ പങ്കെടുത്തത്. അവിടെ അന്ന് ബിജു രാധാകൃഷ്ണനെ കണ്ടതായി ഓർമയില്ല. താൻ ആ ചടങ്ങിൽ പങ്കെടുക്കുന്ന സമയം ശാലുമേനോന് എന്തെങ്കിലും കേസുള്ളതായി അറിഞ്ഞിരുന്നില്ലന്നും മുൻമന്ത്രി മൊഴി നൽകി. തലശേരി എസ്ഐ ബിജു ജോൺ ലൂക്കോസ് സരിതയെ അറസ്റ്റു ചെയ്യുന്നതിന് മുമ്പ് പെരുമ്പാവൂർ പോലിസ് അവരെ അറസ്റ്റ് ചെയ്തതു മുകളിൽ നിന്നുള്ള നിർദേശപ്രകാരമായിരുന്നോ എന്നറിയില്ല.


താൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് അത്തരമൊരു നിർദേശം നൽകിയിരുന്നില്ലെന്നും തിരുവഞ്ചൂർ കമ്മീഷനിൽ മൊഴി നൽകി. തിരുവഞ്ചൂരിന്റെ വിസ്താരം അഞ്ചിന് തുടരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.