മാർ ഈവാനിയോസിന്റെ വിശുദ്ധ ജീവിതം സഭയുടെ ശക്‌തിസ്രോതസ്: മാർ ക്ലീമിസ് കാതോലിക്കാബാവാ
മാർ ഈവാനിയോസിന്റെ വിശുദ്ധ ജീവിതം സഭയുടെ ശക്‌തിസ്രോതസ്: മാർ ക്ലീമിസ് കാതോലിക്കാബാവാ
Friday, July 1, 2016 2:58 PM IST
തിരുവനന്തപുരം: ദൈവദാസൻ മാർ ഈവാനിയോസിന്റെ വിശുദ്ധജീവിതം സഭയുടെ ശക്‌തിസ്രോതസും ലോകത്തിനു മാതൃകയുമാണെന്നു കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ.

പട്ടം സെന്റ് മേരീസ് കത്തീഡ്രൽ ദൈവാലയത്തിലെ കബറിങ്കൽ 63–ാം മാർ ഈവാനിയോസ് ഓർമപ്പെരുന്നാളിനു പ്രാരംഭം കുറിച്ചുകൊണ്ടു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ദൈവസമ്പാദനത്തിനുള്ള ഔൽസുക്യം കാണിക്കാൻ മാർ ഈവാനിയോസിന്റെ വിശുദ്ധ കബറിടം ജനതകളെ സഹായിക്കുന്നുവെന്നും ബാവാ പറഞ്ഞു.

കബറിടം കേന്ദ്രമായി വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന അഖണ്ഡ പ്രാർഥനായജ്‌ഞത്തിനും തുടക്കമായി. സഭയിലെ സുവിശേഷസംഘമാണ് മാർ ഈവാനിയോസ് പ്രയർ മിനിസ്ട്രി എന്ന ഈ പരിപാടിക്ക് നേതൃത്വം നൽകുന്നത്.


വൈകുന്നേരം നടന്ന കുർബാനയ്ക്കു പൂന–കട്കി എക്സാർക്കേറ്റ് അധ്യക്ഷൻ ബിഷപ് ഡോ. തോമസ് മാർ അന്തോണിയോസ് നേതൃത്വം നൽകി. നിരവധി വൈദികരും സന്യസ്തരും വിശ്വാസികളും ചടങ്ങുകളിൽ സംബന്ധിച്ചു. ഇന്നു രാവിലെ മുതൽ മധ്യസ്‌ഥ പ്രാർഥനയും വൈകുന്നേരം കുർബാനയും നടക്കും. ഇന്നു മാവേലിക്കര രൂപത വികാരി ജനറാൾ ജോർജ് ചരുവിള കോർ എപ്പിസ്കോപ്പാ നേതൃത്വം നൽകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.