പിണറായി സർക്കാരിനെതിരേ അഴിമതി ആരോപണവുമായി ബിജെപി
പിണറായി സർക്കാരിനെതിരേ അഴിമതി ആരോപണവുമായി ബിജെപി
Friday, July 1, 2016 2:58 PM IST
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിനെതിരേ അഴിമതി ആരോപണവുമായി ബിജെപി രംഗത്ത്. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല സഹകരണ പ്രഫഷണൽ വിദ്യാഭ്യാസ പരിശീലന സ്‌ഥാപനമായ കേപ്പ് എന്നിവയ്ക്കെതിരേയാണ് ആരോപണം. സംസ്കൃത സർവകലാശാലാ ലൈബ്രറിയിൽ ഇല്ലാത്ത തസ്തികയിലേക്ക് ഏഴു പേരെ അനധികൃതമായി നിയമിച്ചെന്ന് ബിജെപി സംസ്‌ഥാന വക്‌താവ് അഡ്വ ജെ.ആർ. പത്മകുമാർ ആരോപിച്ചു.

ഇതു സംബന്ധിച്ച് നാലു ദിവസം മുൻപ് ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി ബി. ശ്രീനിവാസ് ഇറക്കിയ ഉത്തരവ് ചട്ടങ്ങൾ മറികടന്നാണ്. സർവകലാശാലാ ലൈബ്രറിയിൽ ടെക്നിക്കൽ അസിസ്റ്റന്റ് എന്ന തസ്തിക ഇല്ലെന്നിരിക്കെ അവിടേക്ക് ആളുകളെ സ്‌ഥാനകയറ്റം നൽകി നിയമിച്ചത് അഴിമതിയാണ്. ശമ്പള കമ്മീഷൻ റിപ്പോർട്ട് അനുസരിച്ച് സംസ്കൃത സർവകലാശാലയിൽ റഫറൻസ് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ് എന്നീ തസ്തികകൾ മാത്രമാണ് ഉള്ളത്.

ടെക്നിക്കൽ അസിസ്റ്റന്റ് തസ്തിക സൃഷ്‌ടിച്ച് ആൾക്കാരെ നിയമിക്കാൻ കഴിഞ്ഞ യുഡിഎഫ് സർക്കാരും ശ്രമിച്ചിരുന്നു. എന്നാൽ, ഇതു നിയമവിരുദ്ധവും അമിത സാമ്പത്തികബാധ്യത ഉണ്ടാക്കുന്നതുമായതിനാൽ അനുവദിക്കാനാവില്ലെന്നു ലോക്കൽ ഫണ്ട് ഓഡിറ്റ്, ധനകാര്യ ഇൻസ്പെക്ഷൻ വിഭാഗം എന്നിവർ റിപ്പോർട്ട് നൽകിയിരുന്നു. അതേത്തുടർന്ന് യുഡിഎഫ് സർക്കാർ അന്ന് ഉപേക്ഷിച്ച നിയമനമാണ് ഇപ്പോൾ ഇടതുസർക്കാർ നടപ്പാക്കിയത്. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിപിഎം നേതാവിന്റെ ഇടപെടലാണ് അഴിമതിക്കു പിന്നിലെന്നും പത്മകുമാർ ആരോപിച്ചു.കോ–ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രഫഷണൽ എഡ്യൂക്കേഷനിൽ (കേപ്പ്) റാങ്ക് ലിസ്റ്റ് നിലനിൽക്കെ 16 തസ്തികകളിൽ പിൻവാതിൽ നിയമനം നടത്താൻ ശ്രമിക്കുന്നതായും പത്മകുമാർ ചൂണ്ടിക്കാട്ടി. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ചെയർമാനായ സ്‌ഥാപനത്തിലാണ് ഇതു നടക്കുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.