ആരോഗ്യ മേഖലയെ പൂർണമായും ജനസേവനത്തിനു തയാറാക്കണം: മന്ത്രി
ആരോഗ്യ മേഖലയെ പൂർണമായും ജനസേവനത്തിനു തയാറാക്കണം: മന്ത്രി
Friday, July 1, 2016 3:16 PM IST
തിരുവനന്തപുരം: പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകുംവിധം ആരോഗ്യ മേഖലയെ പൂർണമായും ജനസേവനത്തിനു തയാറാക്കണമെന്നു ആരോഗ്യമന്ത്രി കെ.കെ ശൈലജ. വിദ്യാഭ്യാസ മേഖലയിൽ എത്ര തുക ചിലവാക്കുന്നു എന്നോർത്തു വ്യാകുലപ്പെടേണ്ടതില്ല. ഇതുപോലെയാണു ആരോഗ്യരംഗത്തും. തിരുവനന്തപുരത്തു മികച്ച ഡോക്ടർമാർക്കുള്ള പുരസ്കാര വിതരണം നടത്തി പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യമേഖലയെ സംരക്ഷിക്കാൻ പണം അനിവാര്യഘടകം തന്നെയാണ്. സാധാരണക്കാരനു മെച്ചപ്പെട്ട ചികിത്സ ലഭിക്കണമെങ്കിൽ ആശുപത്രികളും അതിനൊത്തു സജ്‌ജമാകണമെന്നും ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി സർക്കാർ സമഗ്ര ആരോഗ്യ നയം നടപ്പാക്കുമെന്നും അവർ പറഞ്ഞു.

സമഗ്ര ആരോഗ്യനയമെന്നതു പറയുംപോലെ നടപ്പാക്കാൻ അത്ര എളുപ്പമല്ല. പണം തന്നെയാണ് ഇതിനെല്ലാം അടിസ്‌ഥാന ഘടകം. സംസ്‌ഥാനത്തെ പ്രൈമറി ഹെൽത്ത് സെന്ററുകളെ സർക്കാർ കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളാക്കി മാറ്റുമെന്നും മന്ത്രി ശൈലജ പറഞ്ഞു.


പൊതുജനാരോഗ്യ രംഗത്ത് ആരോഗ്യ ഡയറക്ടറേറ്റിലെ അസിസ്റ്റന്റ് ഡയറക്ടർ ഡോക്ടർ ബിപിൻ കെ. ഗോപാൽ, മെഡിക്കൽ വിദ്യാഭ്യാസ രംഗത്തു തൃശൂർ മെഡിക്കൽ കോളജിലെ റേഡിയോ ഡയഗ്നോസിസ് വിഭാഗം തലവൻ ഡോക്ടർ കെ.മോഹനൻ, കൊല്ലം ഇഎസ്ഐ ഡിസ്പൻസറിയിലെ ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ ഡോക്ടർ വി.ലീല, കോഴിക്കോട് ഡന്റൽ കോളജിലെ ഓറൽ പതോളജി വിഭാഗം മേധാവി ഡോക്ടർ എസ്.സുധ, സ്വകാര്യ മെഡിക്കൽ രംഗത്തെ പ്രവർത്തനത്തിനു വയനാട് കൽപ്പറ്റയിലെ ഫാത്തിമ മാതാ ഹോസ്പിറ്റലിലെ ഡോക്ടർ അച്ചാമ്മ ജോസഫ് (സിസ്റ്റർ ഡോ. ബെറ്റി ജോസ്) എന്നീ ഡോക്ടർമാരാണു പുരസ്കാരം വാങ്ങിയത്.

കെ.മുരളീധരൻ എംഎൽഎ അധ്യക്ഷനായിരുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തു പ്രസിഡന്റ് വി.കെ. മധു, കൗൺസിലർ ഐ.പി.ബിനു ആരോഗ്യ ഡയറക്ടർ ഡോക്ടർ ആർ.രമേശ് എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.