എംപിക്ക് കോഴിക്കോട് ജില്ലാ കളക്ടറുടെ ട്രോൾ; മാപ്പിനു പകരം കുന്നംകുളത്തിന്റെ മാപ്പ്’
എംപിക്ക് കോഴിക്കോട് ജില്ലാ കളക്ടറുടെ ട്രോൾ; മാപ്പിനു പകരം കുന്നംകുളത്തിന്റെ മാപ്പ്’
Friday, July 1, 2016 3:16 PM IST
കോഴിക്കോട്: എംപി ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് തനിക്കെതിരേ അപകീർത്തികരമായ പരാമർശം നടത്തിയതിന് കോഴിക്കോട് ജില്ലാ കളക്ടർ എൻ. പ്രശാന്ത് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട എം.കെ. രാഘവൻ എംപിക്ക് കളക്ടറുടെ ട്രോൾ. ഒരുകാലത്ത് ഡ്യൂപ്ലിക്കേറ്റിന്റെ പര്യായമായി ആക്ഷേപിക്കപ്പെട്ടിരുന്ന കുന്നംകുളത്തിന്റെ മാപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് കളക്ടറുടെ പരിഹാസം. ‘

മാനത്തെകൊട്ടാരം’ എന്ന സിനിമയിൽ ഫിലോമിനയുടെ ഡയലോഗ് ഏറ്റുപിടിച്ചാണു കുന്നംകുളത്തിന്റെ മാപ്പ് കളക്ടർ പോസ്റ്റ് ചെയ്തതത്രെ.

തനിക്കെതിരേ വാർത്താക്കുറിപ്പിലൂടെ വാസ്തവവിരുദ്ധമായ പ്രചാരണം നടത്തിയ കളക്ടർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് വ്യാഴാഴ്ച വാർത്താസമ്മേളനം വിളിച്ചുചേർത്ത് എംപി പറഞ്ഞിരുന്നു. നിയമനടപടി സ്വീകരിക്കേണ്ടെങ്കിൽ കളക്ടർ മാപ്പു പറയണമെന്നും എം.കെ. രാഘവൻ ആവശ്യപ്പെട്ടു.

എന്നാൽ, മാപ്പ് പറയാൻ തയാറായില്ലെന്ന് മാത്രമല്ല, എംപിയെ പരിഹസിക്കുകകൂടി ചെയ്തിരിക്കുകയാണ് കളക്ടർ. തന്നെ കളിയാക്കി കുന്നംകുളത്തിന്റെ മാപ്പു പോസ്റ്റ് ചെയ്ത കളക്ടറുടെ നടപടിയിൽ എംപി രോഷാകുലനായി. എംപിയെ തെരഞ്ഞെടുത്ത വോട്ടർമാരെ അപമാനിക്കുന്ന നടപടിയാണ് കളക്ടറുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് എംകെ രാഘവൻ പറഞ്ഞു. കളക്ടർക്കെതിരേ സൈബർ സെല്ലിനും പ്രിവിലേജ് കമ്മിറ്റിക്കും പരാതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, രോഷാകുലനാകാൻ മാത്രം ഒന്നും സംഭവിച്ചില്ലെന്നാണ് കളക്ടറുടെ പ്രതികരണം. ആരെയും അധിക്ഷേപിക്കാനല്ല, മറിച്ച് പൊതുസമൂഹം ഭൂമിശാസ്ത്രം അറിയാനാണ് കുന്നംകുളത്തിന്റെ മാപ്പിട്ടത്. വ്യക്‌തിപരമായിട്ടാണ് തന്നെ ആക്രമിക്കുന്നത്.

എന്നാൽ അത് വിവാദമാക്കാനില്ലെന്നും കളക്ടർ എൻ. പ്രശാന്ത് വ്യക്‌തമാക്കി.എംപി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പദ്ധതികൾക്ക് ഭരണാനുമതി നൽകാതെയും വൈകിപ്പിച്ചും പദ്ധതി നടത്തിപ്പിന് കളക്ടർ തടസം നിൽക്കുന്നുവെന്നായിരുന്നു എംപിയുടെ പരാതി. പണി പൂർത്തിയാക്കി ചെലവുകൾക്ക് അംഗീകാരം ലഭിച്ച പദ്ധതികളുടെ തുക പാസാക്കതെ മനഃപൂർവം വൈകിപ്പിക്കുകയാണെന്നും എംപി ആരോപിച്ചിരുന്നു. കളക്ടറേറ്റിൽ നടന്ന എംപി ഫണ്ട് വിനിയോഗ അവലോകനയോഗമാണ് പ്രശ്നങ്ങൾക്കു നിദാനം. യോഗത്തിൽ എംപി, ഉദ്യോഗസ്‌ഥരെ ഭീഷണിപ്പെടുത്തിയെന്നും, സർക്കാർ ജീവനക്കാരെ ഭീഷണിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും വിശദീകരിച്ച് പിആർഡി മുഖേന കളക്ടർ പത്രക്കുറിപ്പ് ഇറക്കിയതാണ് എംപിയെ ചൊടിപ്പിച്ചത്.


യുഡിഎഫ് ഭരണകാലത്ത്് വനിതാ കമ്മീഷൻ അംഗം അഡ്വ. നൂർബീന റഷീദ്, കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി.അബു എന്നിവരടക്കം പലരുമായി മുൻപ് ഫേസ്ബുക്കിൽ ഏറ്റുമുട്ടി ‘ ഫേസ്ബുക്ക് ആരാധകരുടെ’ കൈയടി നേടിയ പ്രശാന്ത് ഒടുവിൽ ജനപ്രതിനിധിയുമായി അങ്കം കുറിച്ചതു ഫേസ്ബുക്കിൽ വൈറലാവുകയാണ്. കളക്ടറെ അനുകൂലിച്ചും രൂക്ഷമായി വിമർശിച്ചും ഫേസ്ബുക്കിൽ പോസ്റ്റുകൾ പ്രവഹിക്കുന്നു. കോൺഗ്രസ് എം.പിയായ എം.കെ.രാഘവനെ വിമർശിച്ച കളക്ടറെ അനുകൂലിച്ച് ഭരണപക്ഷത്തെ പലരും രംഗത്തിറങ്ങിയതോടെ ഉടനെയൊന്നും കസേര തെറിക്കില്ലെന്ന ഉറപ്പിലാണത്രെ എൻ.പ്രശാന്ത്.

കളക്ടർ ബ്രോയെ അനുകൂലിച്ച് നിരവധി ട്രോളുകളുണ്ട്. ലക്ഷത്തിലധികം പേരുടെ വോട്ടുകൊണ്ട് എംപിയായ രാഘവനെയും, വെറുമൊരു ജില്ലാ കളക്ടറായ പ്രശാന്തിനേയും തൂക്കിയാൽ രാഘവന്റെ ത്രാസ് താഴ്ന്നുതന്നെയിരിക്കുമെന്നാണ് ഒരു ട്രോൾ.’

ദി കിംഗ്’ സിനിമയിൽ കളക്ടറുടെ വേഷമണിഞ്ഞ മമ്മുട്ടിയുടെ ഡയലോഗുകൾ ആളെ നോക്കാതെ വെച്ചുകാച്ചുന്ന കളക്ടറെ തളയ്ക്കണമെന്നാണ് മറ്റൊരു ട്രോൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.