അമിറുൾ ഇസ്ലാമിനെ മൃഗപീഡന കേസിൽ അറസ്റ്റ് ചെയ്തു
അമിറുൾ ഇസ്ലാമിനെ മൃഗപീഡന കേസിൽ അറസ്റ്റ് ചെയ്തു
Friday, July 1, 2016 3:16 PM IST
<ആ>സ്വന്തം ലേഖകർ

കൊച്ചി/ പെരുമ്പാവൂർ: പെരുമ്പാവൂരിൽ നിയമ വിദ്യാർഥിനി ജിഷ കൊല്ലപ്പെട്ട കേസിലെ പ്രതി അമിറുൾ ഇസ്ലാമിനെ ആടിനെ ലൈംഗിക വൈകൃതത്തിനു വിധേയമാക്കിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. കുറുപ്പംപടി പോലീസ് ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നു പ്രതി ജുഡീഷൽ കസ്റ്റഡിയിൽ കഴിയുന്ന കാക്കനാട്ടെ എറണാകുളം ജില്ലാ ജയിലിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസിൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ് കുറുപ്പംപടി കോടതിയിൽ അപേക്ഷയും നൽകി.

ജിഷയുടെ കൊലപാതകം നടക്കുന്നതിനു രണ്ടാഴ്ച മുമ്പാണ് ആടിനെ പീഡിപ്പിച്ച സംഭവം ഉണ്ടായത്. ജിഷയുടെ വീടിന് ഒരു കിലോമീറ്റർ അകലെ ഒരു പോലീസ് കോൺസ്റ്റബിളിന്റെ വീട്ടിൽ വളർത്തിയിരുന്നു ആടിനെ അമിറുൾ പീഡിപ്പിച്ചുവെന്ന കേസിലാണ് അറസ്റ്റ്. കനാലിന്റെ കരയിൽ കെട്ടിയിട്ടിരുന്ന ആടിനെയാണ് പീഡനത്തിനു വിധേയമാക്കിയത്. ജിഷ കേസിന്റെ വിചാരണ വേളയിൽ അമിറുളിനെതിരായി ചുമത്തിയിട്ടുള്ള കുറ്റങ്ങൾക്കു ഈ കേസ് കൂടുതൽ ബലം നൽകുമെന്നും അന്വേഷണസംഘം പ്രതീക്ഷിക്കുന്നു.

അതിനിടെ പ്രതിയുടെ മുഖം തിരിച്ചറിഞ്ഞതോടെ ഇയാളുമായി ബന്ധപ്പെട്ട മറ്റു ചില വിവരങ്ങളും പോലീസിനു ലഭിച്ചതായി വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഒരു വർഷം മുമ്പ് ആടിനെ പീഡിപ്പിച്ചുകൊന്ന സംഭവത്തിൽ ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ച സംഭവം പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അമിറുളിനോട് സാമ്യമുള്ളയാളെയാണ് അന്നു പിടികൂടിയതെന്നും നാട്ടുകാർ വെളിപ്പെടുത്തിയ പശ്ചാത്തലത്തിൽ പോലീസ് പഴയ സംഭവവും അന്വേഷണ വിധേയമാക്കും.


അതിനിടെ തന്റെ കക്ഷിയെ കണ്ടു സംസാരിക്കാൻ അവസരം നൽകണമെന്ന പ്രതിയുടെ അഭിഭാഷകൻ പി. രാജൻ നൽകിയ അപേക്ഷ പെരുമ്പാവൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുവദിച്ചു. വ്യാഴാഴ്ച അമിറുൾ ഇസ്ലാമിനെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പ്രതിയെ കണ്ട് സംസാരിക്കാൻ ഇതുവരെ അവസരം നൽകിയിട്ടില്ലെന്നുകാണിച്ച് അദ്ദേഹം അപേക്ഷ നൽകിയത്. ഇതു കോടതി ഇന്നലെ പരിഗണിക്കാനായി മാറ്റുകയായിരുന്നു.

കാക്കനാട്ടെ ജില്ലാ ജയിലിൽ സി ബ്ലോക്കിലെ സെല്ലിൽ മറ്റ് രണ്ടു തടവുകാർക്കൊപ്പമാണ് അമിറുളിനെ പാർപ്പിച്ചിരിക്കുന്നത്. കേസിൽ നേരത്തെ ഇയാളെ ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തപ്പോൾ ഒറ്റയ്ക്ക് ഒരു സെല്ലിൽ കർട്ടനിട്ട് മറച്ച നിലയിലാണ് പാർപ്പിച്ചിരുന്നത്. അന്നു പ്രത്യേക കാവലും ഏർപ്പെടുത്തിയിരുന്നു. ജിഷ കൊലപാതകക്കേസ് സിബിഐക്കു കൈമാറണമെന്ന് ആവശ്യപ്പെട്ട് ബിജെപി പെരുമ്പാവൂർ മണ്ഡലം കുറുപ്പംപടി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.