ബാർ കോഴ, പാറ്റൂർ കേസുകൾ പുനരന്വേഷിക്കാൻ നീക്കം
ബാർ കോഴ, പാറ്റൂർ കേസുകൾ പുനരന്വേഷിക്കാൻ നീക്കം
Friday, July 1, 2016 3:16 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബാർ കോഴ, പാറ്റൂർ ഭൂമി കൈയേറ്റ കേസുകളിൽ പുനരന്വേഷണ സാധ്യതയ്ക്കു നിയമോപദേശം തേടാൻ വിജിലൻസ് തീരുമാനം. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഇരു കേസുകളും അട്ടിമറിക്കപ്പെട്ടെന്ന വിലയിരുത്തലിന്റെ അടിസ്‌ഥാനത്തിലാണ് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് പുനരന്വേഷണ സാധ്യത തേടുന്നത്. അന്വേഷണ ഉദ്യോഗസ്‌ഥരുടെ ഭാഗത്തുണ്ടായ വീഴ്ചകളും നിയമപരമായി പരിശോധിക്കാൻ നിർദേശിക്കും.

വിജിലൻസിന്റെ അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ വക്കം ജി. ശശീന്ദ്രനെ ഒഴിവാക്കി നിയമോപദേശം തേടാനാണു തീരുമാനം. അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷന്റെ ഒത്താശയോടെ കേസുകൾ അട്ടിമറിച്ചെന്നാണ് വിജിലൻസ് ഡയറക്ടറുടെ വിലയിരുത്തൽ.

ബാർ കോഴ ആരോപണത്തിൽ മുൻ മന്ത്രിമാരായ കെ.എം. മാണി, കെ. ബാബു എന്നിവർക്കെതിരായ കേസുകളും പാറ്റൂരിൽ ഫ്ളാറ്റ് നിർമാണ കമ്പനി ജല അഥോറിറ്റിയുടെ ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട കേസുമാണ് അന്വേഷിക്കുന്നത്. കെ. ബാബുവിനെതിരായ ബാർ കോഴ കേസിൽ അന്വേഷണ ഉദ്യോഗസ്‌ഥരുടെ ഭാഗത്തു വീഴ്ചയുണ്ടായെന്ന നിഗമനത്തിലാണു ജേക്കബ് തോമസ്. അന്വേഷണത്തിനു മേൽനോട്ടം വഹിച്ച വിജിലൻസ് മധ്യമേഖലാ എസ്പിമാരായിരുന്ന കെ.എം. ആന്റണി, ആർ. നിശാന്തിനി, ത്വരിതപരിശോധന നടത്തിയ ഡിവൈഎസ്പി എം.എൻ. രമേശ് എന്നിവരുടെ ഭാഗത്തു വീഴ്ച സംഭവിച്ചെന്നാണു നിഗമനം. അന്വേഷണസംഘത്തിനു വീഴ്ച സംഭവിച്ചതായി കണ്ടെത്തിയാൽ ഇവർക്കെതിരേ നടപടി സ്വീകരിക്കുന്നതിന്റെ സാധ്യതകൾ ആരായും.


പാറ്റൂരിൽ സർക്കാർ ഭൂമി കൈയേറിയത് ആദ്യം കണ്ടെത്തിയത് വിജിലൻസാണ്. കൈയേറ്റക്കാർക്കെതിരേ നടപടിക്കു ശിപാർശ നൽകിയിട്ടും ഫലമുണ്ടായില്ല. കമ്പനിയുടെ ആവശ്യപ്രകാരം ജല അഥോറിറ്റി പൈപ്പ് ലൈൻ മാറ്റി സ്‌ഥാപിക്കാൻ അധികൃതർ ഒത്താശ ചെയ്തു.

ഇതു മന്ത്രിതല തീരുമാനമായതിനാൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, റവന്യു മന്ത്രിമാരായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ, അടൂർ പ്രകാശ്, മുൻ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷൺ, ലാൻഡ് റവന്യു കമീഷണർ, ജില്ലാ കളക്ടർ, ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർ എന്നിവരുടെ പങ്ക് പുനരന്വേഷിക്കാനാണ് ആലോചന.

പാറ്റൂർ കേസ് ഇപ്പോൾ ലോകായുക്‌തയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തിലാണു നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തിൽ തുടർനടപടികൾ കൈക്കൊള്ളാൻ തീരുമാനിച്ചിട്ടുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.