ഏലത്തോട്ടത്തിൽ മരം വീണ് മൂന്നു സ്ത്രീകൾ മരിച്ചു
ഏലത്തോട്ടത്തിൽ മരം വീണ് മൂന്നു സ്ത്രീകൾ മരിച്ചു
Friday, July 1, 2016 3:16 PM IST
അടിമാലി: ഉണങ്ങിയ മരം കടപുഴകി വീണ് ഏലത്തോട്ടത്തിൽ പണിയെടുത്തുകൊണ്ടിരുന്ന മൂന്നു സ്ത്രീ തൊഴിലാളികൾ മരിച്ചു. അഞ്ചുപേർക്കു പരിക്കേറ്റു.

കുഞ്ചിത്തണ്ണി ഇരുപതേക്കർ പനച്ചിക്കൽ ഷാജിയുടെ ഭാര്യ മേഴ്സി (മോളി– 47), നെല്ലിക്കാട് സ്വദേശി തങ്കവേലുവിന്റെ ഭാര്യ പാണ്ഡ്യമ്മ തങ്കം (35), പൊട്ടൻകാട് ചിറ്റേടത്തുകുന്നേൽ രാജുവിന്റെ ഭാര്യ പുഷ്പ (45) എന്നിവരാണു മരിച്ചത്. ഇരുപതേക്കർ പുത്തനായിൽ ശകുന്തള(38), നെല്ലിക്കാട് സ്വദേശികളായ പരിമള(50), തവിടമ്മ (46), ടെൻമ (35), മുനിയമ്മ(51) എന്നിവർക്കു പരിക്കേറ്റു.

ബൈസൺവാലി പഞ്ചായത്തിലെ ഇരുട്ടള നെല്ലിക്കാട് ജോൺസൺ എസ്റ്റേറ്റിൽ ഇന്നലെ ഉച്ചയ്ക്ക് 12.50–ഓടെയാണ് സംഭവം. ഉണങ്ങി നിന്നിരുന്ന കൂറ്റൻ പ്ലാവ് കടപുഴകി കരിങ്കൽ കയ്യാലയിൽ പതിച്ച് ഒടിഞ്ഞ് തൊഴിലാളികളുടെമേൽ വീഴുകയായിരുന്നു.

മരം വീഴുന്നതു കണ്ടു തൊഴിലാളികളോട് സൂപ്പർ വൈസർ ഓടിമാറാൻ പറഞ്ഞുവെങ്കിലും പലർക്കും അതിനു കഴിഞ്ഞില്ല. മരം കയ്യാലയിൽ വീണതിനെത്തുടർന്നു പാറക്കല്ല് തെറിച്ച് തലയിൽകൊണ്ടാണു പുഷ്പ മരിച്ചത്. മരക്കഷണം തെറിച്ചുകൊണ്ടു മണ്ണിനടിയിൽ പൂണ്ടനിലയിലായിരുന്നു മേഴ്സി. പാണ്ഡിയമ്മയുടെ ദേഹത്തേയ്ക്കു മരം നേരേ പതിക്കുകയായിരുന്നു.


നാട്ടുകാരും തൊഴിലാളികളുംചേർന്ന് അടിമാലി താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും മൂന്നു പേരുടെയും ജീവൻ രക്ഷിക്കാനായില്ല.

അടിമാലി സിഐ കുര്യക്കോസ്, രാജാക്കാട് എസ്ഐ എം.പി. ജോണി എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുകൾക്ക് വിട്ടുകൊടുത്തു പാണ്ഡ്യമ്മയുടെ സംസ്കാരം ഇന്ന് 10ന് നെല്ലിക്കാട് നടക്കും. മക്കളില്ല.

മേഴ്സിയുടെ സംസ്കാരം ഇന്ന് മൂന്നിന് ആഡിറ്റ് സിഎസ്എ പള്ളിയിൽ. മക്കൾ: ആതിര, അജിത്ത്. പുഷ്പയുടെ സംസ്കാരം പിന്നീട്. മക്കൾ: ആതിര, ആര്യ.

നൂറ്റിയാറ് തൊഴിലാളികൾ പണിയെടുക്കുന്ന എസ്റ്റേറ്റിൽ ഇരുപത്തിയാറുപേരാണ് ഇന്നലെ പണിക്കിറങ്ങിയത്. രണ്ടുദിവസമായി പെയ്യുന്ന മഴയ്ക്കും കാറ്റിനും ശമനം കണ്ടതിനെത്തുടർന്നാണു തൊഴിലാളികൾ പണിക്കിറങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.