ബിടെക് പരീക്ഷ: ഒന്നാം വർഷം ഒരു വിഷയം പോലും ജയിക്കാതെ 2000 പേർ
Thursday, July 21, 2016 10:56 AM IST
<ആ>തോമസ് വർഗീസ്

തിരുവനന്തപുരം: ബിടെക് ഒന്നാം വർഷത്തെ രണ്ടു സെമസ്റ്ററുകളുടെ പരീക്ഷാഫല പ്രഖ്യാപനം നടത്തിയപ്പോൾ ഒരു വിഷയത്തിൽ പോലും വിജയിക്കാത്തത് 2000 വിദ്യാർഥികൾ. കേരളാ ടെക്നിക്കൽ സർവകലാശാലയ്ക്കു കീഴിലുള്ള എൻജിനിയറിംഗ് കോളജുകളിൽ ബിടെക് ഒന്നാം വർഷം 40,000 വിദ്യാർഥികളാണ് ആകെ പരീക്ഷയ്ക്കിരുന്നത്.

ഒന്നും രണ്ടും സെമസ്റ്ററുകളിൽ ആറു പേപ്പർ വീതമാണു ബിടെക്കിനുള്ളത്.

സംസ്‌ഥാനത്തെ പല എൻജിനിയറിംഗ് കോളജുകളിലും വിജയശതമാനം പത്തു ശതമാനത്തിൽ താഴെ മാത്രമാണെന്നു കണ്ടെത്തിയതിനു പിന്നാലെയാണ് ഒരു വിഷയത്തിനു പോലും വിജയിക്കാത്ത 2000 വിദ്യാർഥികളുടെ കണക്ക് പുറത്തുവരുന്നത്.

രണ്ടു സെമസ്റ്ററുകളിലുമായി 47 ക്രെഡിറ്റുകളാണു വിദ്യാർഥികൾക്കു നല്കുന്നത്. ഇതിൽ 35 ക്രെഡിറ്റുകൾ നേടുന്ന വിദ്യാർഥികളെ രണ്ടാം വർഷത്തിലേയ്ക്കു പ്രവേശിപ്പിക്കും. ഓരോ പേപ്പറിനും നല്കുന്ന മാർക്കുകൾ ചേർത്താണ് ആകെ ക്രെഡിറ്റ് തീരുമാനിക്കുന്നത്. ഒന്നാം വർഷത്തിൽ ആകെയുള്ള 12 പേപ്പറിൽ എട്ടു പേപ്പറുകൾക്കു വിജയിച്ചാൽ ഇയർ ഔട്ട് ആകാതെ അവർക്ക് രണ്ടാം വർഷത്തേയ്ക്ക് പ്രവേശനം നല്കും.


ഒന്നാം സെമസ്റ്ററിൽ ഓപ്പൺ എൻജിനിയറിംഗ് എന്ന പേപ്പറിന് 97 ശതമാനം വിദ്യാർഥികളും സസ്റ്റെയ്നബിൽ എൻജിനിയറിംഗിന് 95 ശതമാനം വിദ്യാർഥികളും വിജയം നേടിയിരുന്നു. ഈ രണ്ടു വിഷങ്ങളിൽ പോലും വിജയിക്കാൻ കഴിയാത്ത 2000 വിദ്യാർഥികളാണ് ഇപ്പോൾ സംസ്‌ഥാനത്തെ എൻജിനിയറിംഗ് കോളജുകളിൽ പഠനം നടത്തുന്നത്.

ഒന്നാം സെമസ്റ്റർ റെഗുലർ പരീക്ഷയിൽ 35 ക്രെഡിറ്റ് നേടിയ 65 ശതമാനം വിദ്യാർഥികളാണ് ഇപ്പോളുള്ളത്. ഇതിന്റെ സപ്ലിമെന്ററി പരീക്ഷ കൂടി കഴിയുന്നതോടെ മുപ്പത്തഞ്ചോ അതിൽ കൂടുതലോ ക്രെഡിറ്റ് ലഭിച്ച വിദ്യാർഥികളുടെ എണ്ണം 80 ശതമാനത്തിൽ കൂടുതൽ വരുമെന്നാണ് സാങ്കേതിക സർവകലാശാല അധികൃതരുടെ കണക്കുകൂട്ടൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.