കനാലിലേക്കു ടിപ്പർ മറിഞ്ഞു ഡ്രൈവർ മുങ്ങിമരിച്ചു
കനാലിലേക്കു ടിപ്പർ മറിഞ്ഞു ഡ്രൈവർ മുങ്ങിമരിച്ചു
Thursday, July 21, 2016 11:07 AM IST
വൈപ്പിൻ: റോഡ് നിർമാണത്തിനുവേണ്ടി പാറമടയിൽനിന്നുള്ള വേസ്റ്റുമായി പോയ ടിപ്പർ ലോറി കനാലിലേക്കു മറിഞ്ഞു ഡ്രൈവർ മുങ്ങിമരിച്ചു. മലയാറ്റൂർ ചാക്കുവെട്ടി കവലയിൽ തൊടുകുളം തോമസിന്റെ മകൻ ടോണി(26) ആണു മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് ഞാറക്കൽ അപ്പങ്ങാട് പാലത്തിനു കിഴക്കായിരുന്നു അപകടം.

റോഡിലേക്കു തള്ളിനിൽക്കുന്ന ഒരു തെങ്ങിന്റെ കടയിൽ മുട്ടാതിരിക്കാൻ ടിപ്പർ വെട്ടിച്ചു മാറ്റുന്നതിനിടെ കനാലിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞാണു ടിപ്പർ കനാലിൽ വീണത്. വെള്ളത്തിലേക്കു മറിഞ്ഞ ടിപ്പറിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുക്കാൻ ഓടിക്കൂടിയ നാട്ടുകാർ ശ്രമം നടത്തിയെങ്കിലും ഫലവത്തായില്ല.

ഞാറക്കൽ പോലീസ് സ്‌ഥലത്തെത്തി ജെസിബി ഉപയോഗിച്ചു ടിപ്പർ ഉയർത്താൻ നടത്തിയ ശ്രമവും വിഫലമായി. ഒരു മണിക്കൂറിനുശേഷം ക്രെയിൻ സ്‌ഥലത്തെത്തിച്ചാണു ടിപ്പർ കനാലിൽ നിന്നുയർത്തിയത്. ഡ്രൈവർ അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്കു മാറ്റി. സംസ്കാരം പിന്നീട് മലയാറ്റൂർ സെന്റ് തോമസ് പള്ളിയിൽ. അമ്മ: പൗളി മലയാറ്റൂർ വടക്കൻ കുടുംബാംഗമാണ്. സഹോദരങ്ങൾ: റോണി (സൗദി അറേബ്യ), സോണിയ (നഴ്സ്, ലിസി ആശുപത്രി എറണാകുളം).


ഞാറക്കൽ അപ്പങ്ങാട് പാലത്തിനുസമീപം റോഡ് നിർമാണത്തിനായി മലയാറ്റൂർ ഭാഗത്തുനിന്നാണു പാറമടവേസ്റ്റ് എത്തിക്കുന്നത്.

വലിയ ടിപ്പർ കനാലിന്റെ തീരത്തുകൂടി കടന്നുപോകില്ലെന്നു പരിസരവാസികൾ നൽകിയ മുന്നറിയിപ്പ് അവഗണിച്ചാണു ടിപ്പറുകൾ മടവേസ്റ്റുമായി ഇതുവഴി പായുന്നതെന്നു നാട്ടുകാർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.