രാഷ്ട്രീയക്കാർക്കു ഗുണ്ടാനിയമം വേണ്ട: മുഖ്യമന്ത്രി
രാഷ്ട്രീയക്കാർക്കു ഗുണ്ടാനിയമം വേണ്ട: മുഖ്യമന്ത്രി
Thursday, July 21, 2016 11:07 AM IST
<ആ>പി. ജയകൃഷ്ണൻ

കണ്ണൂർ: സംസ്‌ഥാനത്തു രാഷ്ട്രീയ അക്രമങ്ങൾ വർധിക്കുകയും കൊലപാതകങ്ങൾ അരങ്ങേറുകയും ചെയ്യുമ്പോഴും രാഷ്ട്രീയക്കാരെ ഗുണ്ടാനിയമ (കേരള ആന്റീ –സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് –കാപ്പ)ത്തിൽനിന്ന് ഒഴിവാക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്‌ഥർക്കു മുഖ്യമന്ത്രിയുടെ നിർദേശം. പ്രത്യേക ഉത്തരവിറക്കാതെ ജില്ലാതലത്തിൽ വീഡിയോ കോൺഫറൻസിംഗിലൂടെയാണു മുഖ്യമന്ത്രി പോലീസ് മേധാവികൾക്കും ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർക്കും നിർദേശം നല്കിയത്.

രാഷ്ട്രീയക്കാർക്കെതിരേ ഉപയോഗിക്കാനുള്ളതല്ല കാപ്പ നിയമമെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. പൊതുജനത്തിനു ശല്യമായ ഗുണ്ടകൾക്കെതിരേയും തീവ്രവാദികൾക്കെതിരേയും ഉപയോഗിക്കാനുള്ളതാണു പ്രസ്തുത നിയമമെന്നാണ് മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിംഗിലൂടെ വ്യക്‌തമാക്കിയത്. രാഷ്ട്രീയ പ്രതിയോഗികളെ അക്രമിച്ചാലും സമരത്തിന്റെ മറവിൽ പൊതുമുതലുകളും മറ്റും നശിപ്പിച്ചാലും രാഷ്ട്രീയക്കാരനാണെങ്കിൽ കാപ്പ നിയമത്തിൽ ഇനി ഉൾപ്പെടില്ല.

എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ പ്രത്യേക സർക്കുലർ ഇറക്കാൻ ആഭ്യന്തരവകുപ്പ് തയാറായിട്ടില്ല. രാഷ്ട്രീയ ക്രിമിനലുകളിൽ പലരും ഇന്ന് ആക്രമണങ്ങളിൽനിന്നും മറ്റും പിൻമാറാനുള്ള പ്രധാന കാരണം ഇവരെ കാപ്പ നിയമത്തിൽ ഉൾപ്പെടുത്തി ഗുണ്ടകളായി പ്രഖ്യാപിച്ചതിനാലായിരുന്നു. ചിലരെ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തിയെന്ന ആരോപണം നിലനില്ക്കുന്നുണ്ട് എന്നതും വസ്തുതയാണ്.


പൊതുമുതൽ നശിപ്പിക്കൽ അടക്കം അഞ്ച് അക്രമക്കേസുകളിൽ ഉൾപ്പെട്ടവരെയാണു സാധാരണ കാപ്പ കേസുകളിൽ ഉൾപ്പെടുത്തുന്നത്. ഇതിൽ രണ്ടു കേസിലെങ്കിലും പരാതിക്കാർ പോലീസുകാരായിരിക്കരുത് എന്നാണ് നിയമം. ഇത്തരത്തിൽ കാപ്പയിൽ ഉൾപ്പെടുത്തിയവരെ നാടു കടത്തുകയാണ് പതിവ്. രാഷ്ട്രീയ പ്രവർത്തകർക്കെതിരേ ഗുണ്ടാ ആക്ട് വേണ്ടെന്ന നിർദേശത്തോടെ കണ്ണൂരടക്കമുള്ള വടക്കൻ ജില്ലകളിൽ രാഷ്ട്രീയ ക്രിമിനലുകൾ അഴിഞ്ഞാടുമെന്നാണു കോൺഗ്രസ് നേതാക്കളും ചില സമാധാന കാംക്ഷികളും പറയുന്നത്.

പാർട്ടി നേതാക്കളിൽ ചിലർക്കും തങ്ങളും ഈ നിയമത്തിൽ കുരുങ്ങുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. അക്രമത്തിൽനിന്ന് അവരെ പിന്തിരിപ്പിക്കാനും ഈ നിയമത്തിലൂടെ സാധിച്ചിരുന്നു. രാഷ്ട്രീയക്കാരെ ഇതിൽനിന്ന് ഒഴിവാക്കിയതോടെ രാഷ്ട്രീയ സംഘർഷം പെരുകുമെന്ന ആശങ്കയും പലരും പങ്കുവയ്ക്കുന്നുണ്ട്. വരും ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ ഈ നിർദേശം വലിയ വിവാദങ്ങൾക്കു വഴിവയ്ക്കും.

കൂടാതെ ജാതി–മത സ്പർധ ഒഴിവാക്കാനായി വിവിധ മതവിഭാഗങ്ങളെ സംഘടിപ്പിച്ചുള്ള പരിപാടികൾക്കു പിന്തുണ നല്കാനും ജനമൈത്രീ പോലീസ് കാര്യക്ഷമമാക്കാനും മുഖ്യമന്ത്രി നിർദേശിച്ചതായി അറിയുന്നു. ചിലർ ഐഎസിലേക്ക് പോയെന്ന പരാതി ഉയരുന്ന സാഹചര്യത്തിൽ അപ്രത്യക്ഷരായവരെക്കുറിച്ചു വിശദമായ അന്വേഷണം നടത്താനും മുഖ്യമന്ത്രി നിർദേശം നല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.