പകൽസമയത്ത് ആളില്ലാത്ത വീടുകളിൽ മോഷണം; പുതുച്ചേരി സ്വദേശി അറസ്റ്റിൽ
പകൽസമയത്ത് ആളില്ലാത്ത വീടുകളിൽ മോഷണം; പുതുച്ചേരി സ്വദേശി അറസ്റ്റിൽ
Thursday, July 21, 2016 11:31 AM IST
ചങ്ങനാശേരി: പകൽ സമയങ്ങളിൽ ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന പുതുച്ചേരി സ്വദേശിയായ യുവാവിനെ ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തു. കാരക്കൽ മേലേകാസക്കുടി എൽജിആർ കോളനി 23–ാംനമ്പർ വീട്ടിൽ ദീപക് ജാംഗ്ലിൻ (22) ആണ് അറസ്റ്റിലായത്. ചങ്ങനാശേരി മോർക്കുളങ്ങരയിലുള്ള ഒരു വീട്ടിൽ കഴിഞ്ഞദിവസം രാവിലെ വീട് കുത്തിപ്പൊളിച്ച് മോഷണം നടത്തുമ്പോൾ സമീപവാസികൾ കണ്ട് ബഹളംവച്ചപ്പോൾ ഓടി രക്ഷപ്പെട്ട ദീപകിനെ ബുധനാഴ്ച പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

തമിഴ്നാട്ടിൽനിന്നു കേരളത്തിലെത്തി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലെ അമ്പതോളം വീടുകളിൽ മോഷണം നടത്തി സ്വർണവും പണവും കംപ്യൂട്ടറുകളും മോഷ്‌ടിച്ച കേസിലെ പ്രതികൂടിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ആദ്യമായാണ് ഇയാൾ കേരള പോലീസിന്റെ പിടിയിലാകുന്നത്. തമിഴ്നാട്ടിൽ നിരവധി മോഷണക്കേസുകളുള്ള ദീപക് രണ്ടുതവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. കോട്ടയം എസ്പി എൻ. രാമചന്ദ്രൻ നായരുടെ നിർദേശപ്രകാരം ഡിവൈഎസ്പി കെ. ശ്രീകുമാർ, സിഐ സക്കറിയാ മാത്യു, എസ്ഐ സിബി തോമസ്, ഷാഡോ പോലീസുകാരായ എഎസ്ഐ കെ.കെ. റെജി, പ്രദീപ് ലാൽ, സിബിച്ചൻ ജോസഫ്, ആന്റണി സെബാസ്റ്റ്യൻ, പ്രദീഷ് രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കേസിനെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: രാത്രിയിൽ ബസിൽകയറുന്ന ദീപക് ബസിലിരുന്ന് ഉറങ്ങും. നേരം പുലരുമ്പോൾ ഇയാൾ ഏതെങ്കിലും സ്റ്റോപ്പിലിറങ്ങും. അടഞ്ഞുകിടക്കുന്ന വീടുകളിൽ ആളില്ലെന്ന് ഉറപ്പ് വരുത്തി വീടിന്റെ പിന്നിലുള്ള ജനാലയോ വാതിലോ കുത്തിപ്പൊളിച്ച് അകത്ത് കടന്ന് മോഷണം നടത്തുകയാണ് ഇയാളുടെ മോഷണ ശൈലി. അറസ്റ്റിലായപ്പോൾ ദീപക്കിന്റെ കൈയിൽനിന്നു ഒരു ടാബ് ലഭിച്ചു. ഈ ടാബ് കോഴിക്കോടുള്ള കടയിൽ നിന്നും വാങ്ങിയതാണെന്ന് ഇയാൾ പറഞ്ഞു. പോക്കറ്റിൽകിടന്ന ബസ് ടിക്കറ്റ് പരിശോധിച്ചപ്പോൾ ഇയാൾ കോഴിക്കോട്ട് പോയിട്ടില്ലെന്ന് മനസിലായി. തുടർന്ന് ടാബിന്റെ ഐഎംഇഐ നമ്പർ പരിശോധിച്ച് അതിൽനിന്നു കോൾ വിവരങ്ങൾ ശേഖരിച്ചാണ് ഇയാളുടെ മോഷണവിവരം പോലീസ് കണ്ടെടുത്തത്. കണ്ണൂർ തളിപ്പറമ്പിലുള്ള വിദേശമലയാളി ഉമാശങ്കറിന്റെ വീട്ടിൽനിന്നു മോഷ്‌ടിച്ച ടാബാണെന്ന് മനസിലായി.

തമിഴ്നാട്ടിലെ മോഷണ കേസിലെ ജയിൽവാസത്തിനിടെ സഹതടവുകാരനായ ദീപുരാജുമായി പരിചയപ്പെടുകയും ഇയാളുമായി ചേർന്ന് മാനന്തവാടി, കൽപ്പറ്റ, സുൽത്താൻബത്തേരി എന്നിവിടങ്ങളിൽ 15 മോഷണങ്ങൾ നടത്തിയതായും ദീപക് മൊഴി നൽകിയിട്ടുണ്ട്. കോഴിക്കോട് ഏങ്ങാപ്പുഴ സ്‌ഥലത്തുള്ള വീട്ടിൽനിന്നും മോഷ്‌ടിച്ച ബൈക്കിൽ സഞ്ചരിക്കുമ്പോൾ ദീപകിന് അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ നടത്തിയിരുന്നു.

തിരുവവന്തപുരം, ആലപ്പുഴ, കോട്ടയം, ഏറ്റുമാനൂർ, മുണ്ടക്കയം, തലശേരി, കണ്ണൂർ, കാസർഗോട് തുടങ്ങിയ സ്‌ഥലങ്ങളിലെ അമ്പതോളം വീടുകളിലാണ് ഇയാൾ മോഷണം നടത്തിയതെന്നാണ് ചോദ്യംചെയ്യലിൽ പോലീസിനു ലഭിച്ച വിവരം. കോടതിയിൽ ഹജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യലും തെളിവെടുപ്പും നടത്തിയെങ്കിൽ മാത്രമേ കൂടുതൽ കേസുകൾ കണ്ടെത്താനാകുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്. കേസുകൾ സംബന്ധിച്ച് കൂടുതൽ സ്‌ഥിരീകരണത്തിനായി പ്രതിയുടെ ഫിംഗർ പ്രിന്റ് കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും അയച്ചുകൊടുത്തിട്ടുള്ളതായും പോലീസ് പറഞ്ഞു. <യൃ><യൃ><ആ>ദീപക് ജാംഗ്ലിൻ കംപ്യൂട്ടർ ഡിപ്ലോമാധാരി, 22 വയസിനിടെ അമ്പതിലേറെ മോഷണം


ചങ്ങനാശേരി: കഴിഞ്ഞദിവസം ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്ത പുതുച്ചേരി സ്വദേശി ദീപക് ജാംഗ്ലിൻ കംപ്യൂട്ടർ ഡീപ്ലോമാധാരി. 22 വയസിനിടയിൽ കേരളത്തിലും തമിഴ്നാട്ടിലുമായി ദീപക്കിന്റെ പേരിലുള്ളത് അമ്പതിലേറെ മോഷണ കേസുകൾ. പലകേസുകളിലായി നാലുലക്ഷത്തിലേറെ രൂപയും 14 പവൻ സ്വർണവും കവർന്നതായാണ് കേസ്. തമിഴ്നാട്ടിൽ രണ്ടു തവണ ജയിൽശിക്ഷ അനുഭവിച്ചു.

രണ്ടുവർഷം മുമ്പ് ജെസിബി ഓപ്പറേറ്ററായാണ് ദീപക് കൊല്ലം നെടുമൺകാവിലെത്തിയത്. കുറച്ചു ദിവസങ്ങൾ മാത്രമാണ് ദീപക് ഈ ജോലി നോക്കിയത്. തുടർന്ന് മോഷണത്തിലേക്ക് തിരിയുകയായിരുന്നു. മോഷണങ്ങൾ നടത്തി പണവുമായി പുതുച്ചേരിയിലെമ്പോൾ ജെസിബി ഓപ്പറേറ്ററാണെന്നുതന്നെയാണ് വെളിപ്പെടുത്തിയിരുന്നത്. പുതുച്ചേരിയിലുള്ള കോളജിൽ ഡിഗ്രി വിദ്യാർഥിനിയായ ഭാര്യ ദീപയുടെ പഠനച്ചെലവും മോഷണ തുക വിനിയോഗിച്ചാണ് ദീപക് നടത്തിയിരുന്നത്. മോഷണത്തിലൂടെ ലഭിച്ച തുക വിനിയോഗിച്ച് ദീപക് ഒരു ബൈക്കും വാങ്ങി.

പായിപ്പാട് നാലുകോടി ആലത്തറ മോനിച്ചന്റെ വീട്ടിൽ നിന്നും 77000 രൂപ, ടോർച്ച്, സുൽത്താൻബത്തേരി പാട്ടവയലിൽ നിന്നും ഇരുപതിനായിരം രൂപയും രണ്ട് പവൻ സ്വർണം, കാസർകോട് ബസ് സ്റ്റാൻഡിനടുത്തുള്ള നാലു വീടുകളിൽ നിന്നും സ്വർണം, പണം, പയ്യന്നൂർ പഴയങ്ങാടി കോളജിനു സമീപത്തുള്ള വീട്ടിൽ നിന്നും 46000 രൂപ, തളിപ്പറമ്പ് ഇരുമ്പനംപാറ ഭാഗത്തുള്ള വീട്ടിൽ നിന്നും 13200രൂപ, തിരുവനന്തപുരത്തുള്ള ഒരു വീട്ടിൽ നിന്നും രണ്ടു പവൻ, പതിനായിരം രൂപ, ആലപ്പുഴ ബോട്ട് ജെട്ടിക്കടുത്തുള്ള വീട്ടിൽ നിന്നും ആറായിരം രൂപ എന്നിങ്ങനെയും മോഷണം നടത്തിയതായും ദീപക് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

തളിപ്പറമ്പ് കണ്ടിച്ചിക്കുടി മഠത്തിൽ വീട്ടിൽ നിന്നും 46000രൂപയും മോഷ്‌ടിച്ചിട്ടുണ്ട്. ജൂൺ 27ന് കോട്ടയം കഞ്ഞിക്കുഴി തൊമ്മച്ചൻപടി പാറപ്പുറം ജയകുമാറിന്റെ വീടിന്റെ വെന്റിലേഷൻ പൊളിച്ചെങ്കിലും മോഷണം വിഫലമായിരുന്നു. ദീപകിനെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞ് മോഷണത്തിനിരയായ പലരും പരാതിയുമായി എത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.