കൈക്കൂലി: നാലു പോലീസുകാർക്കു സസ്പെൻഷൻ
Thursday, July 21, 2016 11:31 AM IST
കാസർഗോഡ്: ദേശീയപാത വഴിയുള്ള വാഹനയാത്രക്കാരിൽനിന്നു കൈക്കൂലിയായി 21,030 രൂപ വാങ്ങിയതിന് വിജിലൻസ് പിടികൂടിയ നാലു പോലീസുകാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ആദൂർ എഎസ്ഐ എ.പി. ബേഡു, ഡ്രൈവർ ടി.സജിത്ത് കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ടി.രതീഷ്, എം.ടി.രതീഷ്കുമാർ എന്നിവരെയാണു ജില്ലാ പോലീസ് മേധാവി തോംസൺ ജോസ് സസ്പെൻഡ് ചെയ്തത്.

വിജിലൻസ് ഉദ്യോഗസ്‌ഥർ നൽകിയ റിപ്പോർട്ടിനെത്തുടർന്നാണു സസ്പെൻഷൻ.

17നു പുലർച്ചെ 4.30ഓടെ ഉപ്പള നയാബസാറിൽ വാഹനപരിശോധന നടത്തുകയായിരുന്ന ഹൈവേ പോലീസ് സംഘത്തിൽനിന്നാണു വിജിലൻസ് കൈക്കൂലിപ്പണം പിടിച്ചെടുത്തത്. ഹൈവേ പട്രോളിംഗിന്റെ ചുമതലയിലുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്‌ഥൻ അവധിയായതിനാൽ പകരം എത്തിയതായിരുന്നു എഎസ്ഐ എ.പി.ബേഡു.


രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ കാസർഗോഡ് വിജിലൻസ് ഡിവൈഎസ്പി കെ.വി.രഘുരാമൻ, എസ്ഐ രാംദാസ്, എഎസ്ഐ ശശിധരൻ പിള്ള, പോലീസുകാരായ രാധാകൃഷ്ണൻ, ജോസഫ്, ദാസ് എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തി പോലീസ് ഉദ്യോഗസ്‌ഥരിൽനിന്നു പണം പിടികൂടിയത്. എഎസ്ഐയുടെ കൈയിൽനിന്ന് 2030 രൂപയും സമീപത്തെ കടവരാന്തയിൽനിന്നു ബാക്കി തുകയും കണ്ടെടുക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.