അന്ത്യനിമിഷങ്ങളിലെ സ്വർഗീയാനന്ദം
അന്ത്യനിമിഷങ്ങളിലെ സ്വർഗീയാനന്ദം
Thursday, July 21, 2016 11:48 AM IST
1946 ജൂലൈ 28, ഞായറാഴ്ച. മരണം സമീപത്തെത്തിയതായി അൽഫോൻസാമ്മ അറിഞ്ഞു. വരാന്തയിലെ വാതിലിനു സമീപം ഇരുന്നു മഠം ചാപ്പലിലെ ദിവ്യബലിയിൽ സംബന്ധിക്കുകയായിരുന്നു അവൾ. മെല്ലെ എണീറ്റ് മുറിയിലെത്തി കട്ടിലിൽ കിടന്നു. 36 വർഷത്തെ സഹനബലി പൂർത്തിയാക്കാനുള്ള സമയം. പാരവശ്യവും വേദനയും കഠോരമായി. സഹിക്കാൻ ശക്‌തികിട്ടുന്നതിനായി പ്രാർഥിക്കാൻ അൽഫോൻസാമ്മ സഹോദരിമാരോട് അപേക്ഷിച്ചു. ആ പീഡാനുഭവം സന്തോഷത്തോടെ പൂർത്തിയാക്കാൻ ആഗ്രഹിച്ചു പുഞ്ചിരിയോടെയാണ് അൽഫോൻസാമ്മ പായ വിരിച്ച കയറിട്ട കട്ടിലിൽ കിടന്നത്.

പെട്ടെന്നു ചുണ്ടുകൾ ചുവന്നു. കണ്ണുകൾ തുറന്നു. ചുറ്റും നിന്നവരെ നോക്കി പുഞ്ചിരിച്ചു. മൂന്നു തവണ എക്കിൾ ഉണ്ടായി. എനിക്കു സഹിക്കാൻ കഴിയുന്നില്ല. എനിക്കുവേണ്ടി പ്രാർഥിക്കുവിൻ’മരണവേദനയിൽ അവൾ കേണപേക്ഷിച്ചു.

കണ്ണുകൾ നിറഞ്ഞൊഴുകുന്നു ണ്ടായിരുന്നു. ശരീരം നുറുങ്ങുന്ന വേദനയും പിടച്ചിലും കണ്ടുനി ൽക്കുന്നവർക്ക് സഹിക്കാനാവു ന്നില്ലെന്നു കണ്ടു പുതപ്പിനുള്ളിൽ അവൾ മുഖം മറച്ചു. പുതപ്പ് മാറ്റി സമയം എത്രയായെന്നു ചോദിച്ചു. പന്ത്രണ്ടുമണിയോടെ വീണ്ടും സമയം ചോദിച്ചറിഞ്ഞു.


പിന്നീട് എന്റെ മാതാവേ, എന്റെ അമ്മേ’’എന്നുറക്കെ നിലവിളിച്ചു. “നല്ല ഉടുപ്പും കപ്പൂസും ഇടുവിക്കുവിൻ, എന്നെ വിട്ടയയ്ക്കുക’എന്നു പറഞ്ഞ അൽഫോൻസാമ്മ ഈശോ മറിയം യൗസേപ്പേ’’ എന്നു ചൊല്ലി അന്ത്യശ്വാസം വലിച്ചുതുടങ്ങി. “”കേട്ടോ എന്റെ ചങ്കിൽ ഒരു ശബ്ദം, കേൾക്കാൻ രസമല്ലേ’’എന്ന് അടുത്തുനിന്ന സന്തത സഹചാരിയും ശുശ്രൂഷകയുമായിരുന്ന സിസ്റ്റർ ഗബ്രിയേലിനോടു പറഞ്ഞശേഷം രണ്ടുതവണകൂടി ശ്വാസം വലിച്ചു. പിന്നീട് ആ ശരീരം നിശ്ചലമായി. ഉടൻ ഡോക്ടറെയും വികാരിയച്ചനെയും വിവരം അറിയിച്ചു. ഫാ. കുരുവിള പ്ലാത്തോട്ടം അന്ത്യകൂദാശ നൽകി.

പന്ത്രണ്ടരയോടെ ഡോക്ടർ മരണം സ്‌ഥിരീകരിച്ചു. അപ്പോഴും ആ മുഖത്ത് തേജോമയമായ പുഞ്ചിരി നിഴലിച്ചിരുന്നു. രണ്ടു മണിയോടെ ഭരണങ്ങാനം പള്ളിയുടെ മണിനാവുകൾ ആ മരണം പുറംലോകത്തെ അറിയിച്ചു.

(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.