സെൻകുമാറിന്റെ ഹർജി തള്ളി
സെൻകുമാറിന്റെ ഹർജി തള്ളി
Thursday, July 21, 2016 12:02 PM IST
കൊച്ചി: സംസ്‌ഥാന പോലീസ് മേധാവി സ്‌ഥാനത്തുനിന്നു നീക്കിയതിനെതിരേ ടി.പി. സെൻകുമാർ നൽകിയ ഹർജി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി. സംസ്‌ഥാന സർക്കാർ നൽകിയ വിശദീകരണം അംഗീകരിച്ചാണ് ഉത്തരവ്. എന്നാൽ, പോലീസ് മേധാവി സ്‌ഥാനം വഹിച്ചിരുന്നപ്പോൾ അദ്ദേഹത്തിനു ലഭിച്ചിരുന്ന ശമ്പളവും ആനുകൂല്യങ്ങളും മാറ്റമില്ലാതെ തുടരണമെന്നു ട്രൈബ്യൂണൽ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.

പരവൂർ പുറ്റിംഗൽ ദുരന്തം, ജിഷവധം എന്നീ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്നും ഇതു ജനങ്ങളിൽ പോലീസിനെക്കുറിച്ച് അവമതിപ്പ് ഉണ്ടാക്കിയെന്നുമാണു സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. ട്രൈബ്യൂണലിൽ സെൻകുമാറിന് അനുകൂലമായ നിലപാടു കേന്ദ്രസർക്കാർ ആദ്യം സ്വീകരിച്ചെങ്കിലും പിന്നീടു സംസ്‌ഥാന സർക്കാരിന്റെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടില്ലെന്നു വ്യക്‌തമാക്കി ഒഴിഞ്ഞുമാറി.


ഉന്നത പദവിയിൽനിന്നു രണ്ടു വർഷം സേവനം പൂർത്തിയാക്കാതെ മാറ്റുന്നതു നിയമപരമല്ലെന്നും പുറ്റിംഗൽ വെടിക്കെട്ട് ദുരന്തം, ജിഷ വധക്കേസ് എന്നിവയിൽ വീഴ്ച പറ്റിയിട്ടില്ലെന്നുമാണു സെൻകുമാറിന്റെ വാദം. ഡിജിപി ആയിരിക്കെ തന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ആർക്കും തർക്കങ്ങളില്ലായിരുന്നുവെന്നും അദ്ദേഹം വാദിച്ചു. സിഎടി ഉത്തരവിനെതിരേ സെൻകുമാർ ഇന്നു ഹൈക്കോടതിയിൽ അപ്പീൽ നൽകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.