ജഡ്ജിമാരുടെ സംഘം ഇടമലക്കുടിയിലേക്ക്
ജഡ്ജിമാരുടെ സംഘം  ഇടമലക്കുടിയിലേക്ക്
Thursday, July 21, 2016 12:21 PM IST
തൊടുപുഴ: ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ആദിവാസികളുടെ ദയനീയ സ്‌ഥിതി ദീപിക റിപ്പോർട്ടുകളിലൂടെ പുറത്തുവന്നതിനെത്തുടർന്ന് ജഡ്ജിമാരുടെ സംഘം ഇടമലക്കുടി സന്ദർശിക്കാൻ തീരുമാനിച്ചു. ഇടമലക്കുടിയിൽ കഴിയുന്ന മുതുവാൻ സമൂഹം മഴക്കാലമെത്തിയതോടെ കടുത്ത പട്ടിണിയിലും ദുരിതത്തിലുമാണെന്ന വിവരം ദീപിക പുറത്തുവിട്ടിരുന്നു.

ഇടമലക്കുടിക്കാരുടെ ദൈന്യതയുടെ ചിത്രം വ്യക്‌തമായതോടെയാണ് ജഡ്ജിമാരുടെ സംഘം ഇടമലക്കുടി സന്ദർശിക്കാൻ തീരുമാനിച്ചത്. ആദിവാസികളുടെ ആരോഗ്യപ്രശ്നം, വിദ്യാഭ്യാസം, സർക്കാർതല സേവനങ്ങൾ എന്നിവ വിലയിരുത്താനും ആരോഗ്യ ക്ലിനിക് തുടങ്ങുന്നതിനെക്കുറിച്ചു തീരുമാനിക്കാനുമാണു സംഘം 26ന് ഇടമലക്കുടി എത്തുന്നത്.

ലീഗൽ സർവീസസ് അഥോറിറ്റി ചെയർമാനും ഇടുക്കി ജില്ലാ ജഡ്ജിയുമായ കെ. ജോർജ് ഉമ്മൻ, ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ ടി.പി. പ്രഭാഷ് ലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്‌ഥ സംഘവും ഉണ്ടാകും. ഇടമലക്കുടിക്കുവേണ്ടി ശേഖരിച്ച അരിയും മറ്റു വസ്തുക്കളും സംഘം വിതരണംചെയ്യും. കഴിഞ്ഞ ദിവസം ലീഗൽ സർവീസസ് അഥോറിറ്റി ഈ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വിവിധ വകുപ്പ് മേധാവികളുടെ യോഗം വിളിച്ചിരുന്നു.


ഇടമലക്കുടി നിലവിളിക്കുന്നു, വിശന്നിട്ട്’ എന്ന തലക്കെട്ടിൽ ദീപിക പുറത്തുവിട്ട വാർത്തയിലൂടെയാണു ദുരിതം ജനശ്രദ്ധയിലെത്തുന്നത്. ദേശീയ മനുഷ്യാവകാശ സാമൂഹ്യനീതി കമ്മീഷൻ അംഗങ്ങൾ ഇടമലക്കുടിയിലെ ദുരിതങ്ങൾ സംബന്ധിച്ചു വിവിധ തലങ്ങളിൽ നിരവധി പരാതികൾ നൽകിയിരുന്നു.

വിവിധ വകുപ്പുകൾ ആദിവാസി ജനസമൂഹത്തെ അവഗണിക്കുന്നതായി യോഗത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ടു. കുടികളിലെ ആദിവാസികൾക്ക് ആരോഗ്യം, പഠനം, സർക്കാർതല സേവനങ്ങൾ എന്നിവ ലഭ്യമാകുന്നില്ലെന്ന വാർത്ത ഗൗരവമായി കാണേണ്ടതാണെന്നു സബ്ജഡ്ജ് പ്രഭാഷ് ലാൽ അറിയിച്ചു. വാർത്തകളിലെ സത്യാവസ്‌ഥ മനസിലാക്കി ആദിവാസിമേഖലയെ രക്ഷിക്കുകയാണു ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. നിത്യോപയോഗ സാധനങ്ങളും അരിയും ലഭിക്കാതെ കുട്ടികൾ അടക്കമുള്ളവർ നേരിടുന്ന ദയനീയസ്‌ഥിതി പുറത്തുകൊണ്ടു വന്ന ദീപികയുടെ മാധ്യമധർമത്തെ യോഗത്തിൽ അഭിനന്ദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.