നിയമ, പോലീസ്, ഫോറസ്റ്റ് വകുപ്പുകളിലെ അനധികൃത ബീക്കൺ ലൈറ്റുകൾ നീക്കാൻ നിർദേശം
നിയമ, പോലീസ്, ഫോറസ്റ്റ് വകുപ്പുകളിലെ അനധികൃത ബീക്കൺ ലൈറ്റുകൾ നീക്കാൻ നിർദേശം
Friday, July 22, 2016 1:14 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: നിയമ, പോലീസ്, ഫോറസ്റ്റ് വകുപ്പുകളിലെ ചില ഉന്നത ഉദ്യോഗസ്‌ഥരുടെ ഔദ്യോഗിക വാഹനങ്ങളിൽ അനധികൃതമായി ഉപയോഗിക്കുന്ന ബീക്കൺ ലൈറ്റുകൾ അടിയന്തരമായി നീക്കണമെന്നാവശ്യപ്പെട്ടു ഗതാഗത കമ്മീഷണർ ടോമിൻ തച്ചങ്കരി കത്തു നൽകി. സർക്കാർ പ്ലീഡർമാരുടെ വാഹനങ്ങളിൽ അനധികൃതമായി ഉപയോഗിക്കുന്ന ബീക്കൺ ലൈറ്റുകൾ നീക്കാൻ നിർദേശം നൽകണമെന്ന് അഭ്യർഥിച്ച് അഡ്വക്കറ്റ് ജനറൽ സി.പി. സുധാകരപ്രസാദിനും ഗതാഗത കമ്മീഷണർ കത്തു നൽകി.

സർക്കാർ പ്ലീഡർമാരുടെ വാഹനങ്ങളിൽ ബീക്കൺ ലൈറ്റുകൾ ഉപയോഗിക്കാൻ വ്യവസ്‌ഥയില്ല. ഹൈക്കോടതി ചീഫ് ജസ്റ്റീസും തുല്യ പദവിയിലുള്ളവരും മാത്രമേ ഫ്ളാഷോടുകൂടിയ ചുവന്ന ലൈറ്റ് വാഹനത്തിനു മുകളിൽ ഉപയോഗിക്കാൻ പാടുള്ളൂ. ഹൈക്കോടതി ജഡ്ജിമാർക്കും തുല്യ പദവിയുള്ളവർക്കും ഇതേ ബീക്കൺ ലൈറ്റ് ഉപയോഗിക്കാം. അഡ്വക്കറ്റ് ജനറലിനു ഫ്ളാഷില്ലാതെയുള്ള ചുവന്ന ലൈറ്റ് ഉപയോഗിക്കാം. ജില്ലാ ജഡ്ജിമാർക്കും തുല്യപദവിയുള്ളവർക്കും ഫ്ളാഷോടെയുള്ള നീല ബീക്കൺ ലൈറ്റ് ഉപയോഗിക്കാം. എൻക്വയറി കമ്മീഷണർമാർക്കും സ്പെഷൽ ജഡ്ജിമാർക്കും വിജിലൻസ് ട്രൈബ്യൂണൽ അംഗങ്ങൾക്കും നീല ബീക്കൺ ലൈറ്റ് ഉപയോഗിക്കാം.

ക്രമസമാധാന ചുമതലയില്ലാത്ത ക്രൈംബ്രാഞ്ച്, ഇന്റലിജൻസ് വിഭാഗം പോലീസ് ഉദ്യോഗസ്‌ഥരുടെ വാഹനങ്ങളിൽ ബീക്കൺ ലൈറ്റ് ഉപയോഗിക്കാൻ പാടില്ല. കേന്ദ്രസർക്കാരിന്റെ ഹൈക്കോടതി കോൺസുലർമാർ, ഹൈക്കോടതിയിലെ ഗവൺമെന്റ് ലോ ഓഫീസർമാർ എന്നിവരുടെ വാഹനങ്ങളിൽ ഉപയോഗിക്കേണ്ട ബോർഡുകൾ സംബന്ധിച്ചും കൃത്യമായ നിർദേശം നൽകിയിട്ടുണ്ട്.


പോലീസിൽനിന്നു പൊതുമേഖലാ സ്‌ഥാപനങ്ങളിലേക്ക് അടക്കം ഡെപ്യൂട്ടേഷനിൽ പോകുന്ന ഉദ്യോഗസ്‌ഥർ ബീക്കൺ ലൈറ്റുകൾ ഉപയോഗിക്കുന്നതു തടയാൻ നിർദേശം നൽകണമെന്നു നിർദേശിച്ചു സംസ്‌ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കു വീണ്ടും കത്തു നൽകി. ഇതോടൊപ്പം വനം മേധാവിക്കും ഗതാഗത കമ്മീഷണർ കത്തു നൽകിയിട്ടുണ്ട്.

അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററിൽതാഴെ റാങ്കിലുള്ള ഉദ്യോഗസ്‌ഥരുടെ ഔദ്യോഗിക വാഹനങ്ങളിൽ ബീക്കൺ ലൈറ്റുകൾ ഉപയോഗിക്കാൻ പാടില്ലെന്നും വകുപ്പിൽ ഇത്തരം ലൈറ്റുകൾ ഉപയോഗിക്കുന്നവരുണ്ടെങ്കിൽ തടയാൻ കർശന നടപടി സ്വീകരിക്കണമെന്നുമാണു കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

വൈൽഡ് ലൈഫ് സ്ക്വാഡ്, ഫ്ളൈയിംഗ് സ്ക്വാഡ് എന്നിവർക്കേ മൾട്ടി കളർ ബീക്കൺ ലൈറ്റ് ഉപയോഗിക്കാൻ അനുവാദമുള്ളൂ. നിയമത്തിൽ നിർദേശിക്കാത്ത വാഹന ങ്ങളിൽനിന്നു ലൈറ്റുകൾ നീക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം.

ഫ്ളാഷോടുകൂടിയ ചുവന്ന ബീക്കൺ ലൈറ്റ് ഉപയോഗിക്കാൻ ഗവർണർ, മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, പ്രതിപക്ഷനേതാവ്, ചീഫ് ജസ്റ്റീസ്, ഹൈക്കോടതി ജഡ്ജിമാർ, ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ എന്നിവർക്കാണു യോഗ്യത. ഡെപ്യൂട്ടി സ്പീക്കർ, ചീഫ് സെക്രട്ടറി, സംസ്‌ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ, പിഎസ്സി ചെയർമാൻ, മൈനോരിറ്റി കമ്മീഷൻ ചെയർമാൻ, പട്ടികജാതി–വർഗ കമ്മീഷൻ ചെയർമാൻ എന്നിവർക്കു മാത്രമേ ഫ്ളാഷില്ലാതെയുള്ള ചുവന്ന ബീക്കൺ ലൈറ്റ് ഉപയോഗിക്കാൻ വ്യവസ്‌ഥയുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.