അൽഫോൻസാമ്മ ആധുനിക ലോകത്തിനു മാർഗദീപം: മാർ ഇഞ്ചനാനിയിൽ
അൽഫോൻസാമ്മ ആധുനിക ലോകത്തിനു മാർഗദീപം: മാർ ഇഞ്ചനാനിയിൽ
Friday, July 22, 2016 1:14 PM IST
ഭരണങ്ങാനം: ക്രിസ്തുവെന്ന പെസഹാരഹസ്യത്തിലൂടെ കടന്നു ഹൃദയത്തിൽ ദൈവത്തിന്റെ സ്നേഹം നിറച്ചു മറ്റുള്ളവർക്കു പകർന്നുനൽകേണ്ടവരാണു നാമെല്ലാവരുമെന്നു താമരശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ചു വിശു ദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു ബിഷപ്.

ക്രിസ്തുവിന്റെ മുഖമായ സഭയോടൊത്തു നിൽക്കാൻ വിശുദ്ധർ നമുക്കു പ്രചോദനമാകുന്നു. വിശുദ്ധ യോഹന്നാൻ ശ്ലീഹാ പറയുന്നതുപോലെ “നാമാരും ദൈവത്തെ കണ്ടിട്ടില്ല. എന്നാൽ, ദൃശ്യവസ്തുക്കളിലൂടെ ദൈവസാന്നിധ്യം നമ്മിൽ വന്നു വസിക്കുന്നു’. ദൈവം തരുന്ന സഹനങ്ങൾ പോരാ എന്നു പരാതി പറഞ്ഞു കൂടുതൽ സഹനം വാങ്ങാൻ അൽഫോൻസാമ്മയ്ക്കു കഴിഞ്ഞു.

ഒരു സാധാരണ മനുഷ്യനു കഴിയുന്ന കാര്യമല്ല ഇത്. ഹൃദയം നിറഞ്ഞ ദൈവസ്നേഹത്തിന്റെ മറ്റൊരു മുഖമാണ് ഇതുവഴി നമുക്കു കാണിച്ചുതന്നത്. എന്റെ ഹൃദയം മുഴുവൻ സ്നേഹമാണ്. ഒന്നിനെയും വെറുക്കാൻ എനിക്കു കഴിയുകയില്ല എന്ന അൽഫോൻസാമ്മയുടെ ഏറ്റുപറച്ചിൽ ആധുനിക ലോകത്തിനു വലിയ മാർഗദീപമാണ്.


ജീവിതത്തിൽ കുരിശുകളേറ്റുവാങ്ങി എന്നാൽ ആർക്കും കുരിശുകൾ നൽകാത്ത വ്യക്‌തിത്വമായിരുന്നു അമ്മയുടേത്. കാരുണ്യമായി മാറുന്ന വിശുദ്ധയുടെ വാക്കുകളിൽ പുഞ്ചിരി ഒരു തിരിവെട്ടമാണ്, സങ്കടപ്പെടുന്നവരുടെ മുഖത്തുനോക്കി സ്നേഹപൂർവം ഞാൻ പുഞ്ചിരിക്കും.’ഈ മനോഭാവം നാം ജീവിതത്തിൽ പകർത്തുമ്പോഴേ ഈ തിരുനാളാഘോഷം അർഥവത്താകൂ.

1986ൽ രൂപീകൃതമായ താമരശേരി രൂപതയുടെ മധ്യസ്‌ഥയായ വിശുദ്ധ അൽഫോൻസാമ്മവഴി ലഭിച്ച അനുഗ്രഹങ്ങളെ അനുസ്മരിച്ചാണു ബിഷപ് പ്രസംഗം അവസാനിപ്പിച്ചത്. വിശുദ്ധ കുർബാനയിൽ ഫാ. ജോസ് നെല്ലിക്കത്തെരുവിൽ, ഫാ. സെബാസ്റ്റ്യൻ മാമ്പള്ളിക്കുന്നേൽ എന്നിവർ സഹകാർമികരായിരുന്നു. ഇന്നു രാവിലെ 11ന് ഛാന്ദാ രൂപത മെത്രാൻ മാർ എഫ്രോം നരിക്കുഴി വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. ഉച്ചകഴിഞ്ഞ് 2.30ന് മദ്രാസ്– മൈലാപ്പൂർ ആർച്ച്ബിഷപ് തമിഴിൽ വി ശുദ്ധ കുർബാന അർപ്പിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.