മോൺ. കുര്യൻ വയലുങ്കലിന്റെ മെത്രാഭിഷേകം തിങ്കളാഴ്ച
മോൺ. കുര്യൻ വയലുങ്കലിന്റെ മെത്രാഭിഷേകം തിങ്കളാഴ്ച
Friday, July 22, 2016 1:23 PM IST
കോട്ടയം: പാപുവാ ന്യൂഗിനിയുടെ അപ്പസ്തോലിക് നൂൺഷ്യോയായി നിയമിതനായ കോട്ടയം അതിരൂപതാംഗം മോൺസിഞ്ഞോർ കുര്യൻ വയലുങ്കലിന്റെ മെത്രാഭിഷേക ശുശ്രൂഷയ്ക്കുള്ള ഒരുക്കം പൂർത്തിയാകുന്നു. കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മെത്രാഭിഷേകച്ചടങ്ങുകൾ ആരംഭിക്കും. ചടങ്ങിനെത്തുന്ന കർദിനാൾമാർക്കും വത്തിക്കാൻ നയതന്ത്ര പ്രതിനിധികൾക്കും അൻപതിലധികം മെത്രാൻമാർക്കും കത്തീഡ്രൽ കവാടത്തിൽ സ്വീകരണം നൽകും. മെത്രാഭിഷേകത്തിന് കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികത്വം വഹിക്കും. ഈജിപ്തിലെ മുൻ നൂൺഷ്യോ ആർച്ച്ബിഷപ് മൈക്കിൾ ലൂയിസ് ഫിറ്റ്സ്ജെറോൾഡും സിബിസിഐ സെക്രട്ടറി ജനറൽ റവ.ഡോ.തെയഡോർ മസ്ക്കെരാനോസും സഹകാർമികരായിരിക്കും.

സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭയുടെ മേജർ ആർച്ചുബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ദിവ്യബലി മധ്യേ വചന സന്ദേശം നൽകും.

സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ.സൂസപാക്യം എന്നിവർ സന്ദേശങ്ങൾ നൽകും. വത്തിക്കാൻ പ്രതിനിധികളും ഇന്ത്യയിൽനിന്നും വിദേശ രാജ്യങ്ങളിൽനിന്നുമുള്ള 50 ഓളം മെത്രാന്മാരും ശുശ്രൂഷകളിൽ പങ്കാളികളാകും.


നീണ്ടൂർ ഇടവക വയലുങ്കൽ എം.സി. മത്തായിയുടെയും അന്നമ്മയുടെയും മൂത്തപുത്രനായ മോൺ. കുര്യൻ വയലുങ്കൽ തിരുഹൃദയക്കുന്ന് സെന്റ് സ്റ്റനിസ്ലാവൂസ് മൈനർ സെമിനാരിയിലും ആലുവ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിലും വൈദിക പഠനം പൂർത്തിയാക്കി. 1991 ഡിസംബർ 27ന് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ മാർ കുര്യാക്കോസ് കുന്നശേരിയിൽനിന്നും വൈദിക പട്ടം സ്വീകരിച്ച മോൺ.വയലുങ്കൽ രാജപുരം, കള്ളാർ, എൻആർസിറ്റി, സേനാപതി പള്ളികളിൽ അജപാലന ശുശ്രൂഷ നിർവഹിച്ചിട്ടുണ്ട്. റോമിലെ സാന്താക്രോചെ യൂണിവേഴ്സിറ്റിയിൽനിന്നു സഭാനിയമത്തിൽ ഡോക്ടറേറ്റ് നേടി. വത്തിക്കാൻ നയതന്ത്ര അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കുകയും ചെയ്ത മോൺ. വയലുങ്കൽ ഗിനിയ, കൊറിയ, ഡൊമിനിക്കൻ റിപ്പബ്ലിക്, ബംഗ്ലാദേശ്, ഹംഗറി എന്നിവിടങ്ങളിലെ വത്തിക്കാൻ എംബസികളിൽ സേവനംചെയ്തു. 2001ൽ മോൺസിഞ്ഞോർ പദവിയും 2011ൽ പ്രിലേറ്റ് ഓഫ് ഓണർ പദവിയും ലഭിച്ചിട്ടുണ്ട്. ഹയ്ത്തിയിലെ ഭൂകമ്പ ദുരന്തത്തിനുശേഷമുള്ള വത്തിക്കാൻ പുനരധിവാസ പ്രവർത്തനങ്ങളിൽ മോൺസിഞ്ഞോർ വയലുങ്കൽ പങ്കളിയായിട്ടുണ്ട്.

ഈജിപ്തിലെ വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിൽ പ്രഥമ കൗൺസിലറായി ശുശ്രൂഷ ചെയ്യുമ്പോഴാണ് മാർപാപ്പ അദ്ദേഹത്തെ വത്തിക്കാൻ സ്‌ഥാനപതിയായി ഉയർത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.