പ്രമുഖ അഭിഭാഷകർക്കെതിരേ അച്ചടക്ക നടപടിക്കു നീക്കം
പ്രമുഖ അഭിഭാഷകർക്കെതിരേ അച്ചടക്ക നടപടിക്കു നീക്കം
Friday, July 22, 2016 1:37 PM IST
<ആ>സ്വന്തം ലേഖകൻ

കൊച്ചി: ഹൈക്കോടതിയിലും പരിസരത്തും അഭിഭാഷകർ മാധ്യമപ്രവർത്തകരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ മാധ്യമപ്രവർത്തകർക്ക് അനുകൂലമായ അഭിപ്രായ പ്രകടനം നടത്തിയ മുതിർന്ന അഭിഭാഷകർക്കെതിരേ അച്ചടക്ക നടപടിക്കു ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ നീക്കം തുടങ്ങി. ഡോ. സെബാസ്റ്റ്യൻ പോൾ, കാളീശ്വരം രാജ്, സി.പി. ഉദയഭാനു, ശിവൻ മഠത്തിൽ, എ. ജയശങ്കർ, സംഗീത ലക്ഷ്മണ തുടങ്ങിയവർക്കെതിരേയാണു നടപടിനീക്കം.

ഇവർക്ക് ഉടൻതന്നെ കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നാണു സൂചന. മറുപടി കിട്ടിയതിനുശേഷം എന്തു നടപടി എടുക്കണമെന്ന കാര്യം തീരുമാനിക്കും. നടപടി നീക്കമുണ്ടെന്ന് അസോസിയേഷൻ ഭാരവാഹികൾ സ്‌ഥിരീകരിച്ചെങ്കിലും ആർക്കൊക്കെ എതിരേ എന്നതടക്കമുള്ള വിശദാംശങ്ങൾ തിങ്കളാഴ്ച പറയാമെന്നാണു അറിയിച്ചത്.

നടപടിയെടുക്കുന്നതിന് സംഘടനാവിരുദ്ധ പ്രവർത്തനങ്ങളൊന്നും തങ്ങൾ ചെയ്തിട്ടില്ലെന്ന നിലപാടിലാണു നടപടി ഭീഷണിയുയർന്ന അഭിഭാഷകർ. അസോസിയേഷന്റെ തത്ത്വങ്ങൾക്കു യോജിക്കാത്ത വിധം പ്രവർത്തിച്ചതായി ഇതുവരെ തോന്നിയിട്ടില്ലെന്ന് അഡ്വ.എ. ജയശങ്കർ പ്രതികരിച്ചു. അച്ചടക്ക നടപടിയെക്കുറിച്ചു മാധ്യമങ്ങളിലൂടെ അറിഞ്ഞുള്ള വിവരം മാത്രമേയുള്ളൂ. കാരണം കാണിക്കൽ നോട്ടീസ് ഒന്നും ഔദ്യോഗികമായി ലഭിച്ചിട്ടില്ല. നോട്ടീസ് കിട്ടിയ ശേഷം പ്രതികരിക്കും. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങളിൽ താൻ സ്വീകരിച്ച നിലപാടുകളിൽ ഒരു മാറ്റവുമില്ലെന്നും ജയശങ്കർ പറഞ്ഞു.

അസോസിയേഷന്റെ നോട്ടീസ് കിട്ടിയാലും ഇല്ലെങ്കിലും തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായി അഡ്വ.കാളീശ്വരം രാജ് പറഞ്ഞു. ശരിയാണെന്ന ഉത്തമബോധ്യമുള്ള കാര്യങ്ങളാണു പറഞ്ഞത്. നിയമവാഴ്ചയെ സംരക്ഷിക്കേണ്ടവർ തന്നെ നിയമം കൈയിലെടുക്കുന്നതിനെതിരേയാണു പ്രതികരിച്ചത്. പല കാര്യങ്ങളിലും അസോസിയേഷനും തനിക്കും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം. അതു തുറന്നുപറയുകതന്നെ ചെയ്യും.


അഭിപ്രായസ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശമാണ്. അതു സംരക്ഷിക്കേണ്ട അഭിഭാഷകർ തന്നെ അതു നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ല. കാരണംകാണിക്കൽ നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ല. അതു ലഭിക്കുന്ന പക്ഷം കൂടുതൽ പ്രതികരണങ്ങളാകാമെന്നും അദ്ദേഹം പറഞ്ഞു.

നിലപാടിൽ ഉറച്ചുനിൽക്കുമെന്നും ഒരുകാരണവശാലും പിന്നോട്ടു പോകില്ലെന്നും അഡ്വ.സി.പി. ഉദയഭാനു പ്രതികരിച്ചു. സ്വതന്ത്രമായ അഭിപ്രായ പ്രകടനം അച്ചടക്കലംഘനമല്ല. ഏതെങ്കിലും അസോസിയേഷന്റെ ചട്ടക്കൂടുകൾകൊണ്ടു തന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയാനാകില്ല. നോട്ടീസ് കിട്ടിയാൽ ഉള്ളടക്കം നോക്കി മറുപടി നൽകും.

ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ നിയമം ലംഘിക്കുകയോ പ്രവർത്തനങ്ങളെയോ തീരുമാനങ്ങളെയോ എതിർക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ തനിക്കെതിരേ അച്ചടക്കലംഘനത്തിനു നോട്ടീസ് അയയ്ക്കുമെന്നതു നീതിയുക്‌തമാണെന്നു കരുതുന്നില്ലെന്ന് അഡ്വ.ശിവൻ മഠത്തിൽ പറഞ്ഞു. തന്റെ അഭിപ്രായം മാത്രമാണു പറഞ്ഞത്.

അഭിഭാഷകരും മാധ്യമങ്ങളും തമ്മിലുണ്ടായ സംഘർഷത്തിൽ തന്റെ നിലപാടു വ്യക്‌തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. അച്ചടക്കലംഘനത്തിനു നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ല. അതു ലഭിച്ചതിനുശേഷം അഭിപ്രായം അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.