മീഡിയ റൂമുകൾ ഉടൻ തുറക്കും
Friday, July 22, 2016 1:37 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോടതികളുടെയും മാധ്യമങ്ങളുടെയും പ്രവർത്തനം സുഗമമാക്കാൻ വേണ്ട നടപടികൾ ഉടൻ കൈക്കൊള്ളുമെന്നു ഹൈക്കോടതി ജഡ്ജിമാർ. ഹൈക്കോടതിയിലും തിരുവനന്തപുരത്തും അഭിഭാഷകർ മാധ്യമപ്രവർത്തകർക്കു നേരേ നടത്തിയ അതിക്രമങ്ങളെക്കുറിച്ചും തുടർന്നുണ്ടായ അനിഷ്‌ടസംഭവങ്ങളെക്കുറിച്ചും അന്വേഷിക്കാനെത്തിയ ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിമാരായ ജസ്റ്റീസ് പി.ആർ. രാമചന്ദ്രമേനോനും ജസ്റ്റീസ് പി. എൻ. രവീന്ദ്രനുമാണ് മാധ്യമപ്രവർത്തകർക്ക് ഈ ഉറപ്പു നൽകിയത്.

ഹൈക്കോടതിയിൽനിന്നെത്തിയ ജഡ്ജിമാരുമായി തിരുവനന്തപുരം ജില്ലാ ജഡ്ജിയും കേരള പത്രപ്രവർത്തക യൂണിയൻ ഭാരവാഹികളും നടത്തിയ ചർച്ചയിലാണു തീരുമാനം.

ജനാധിപത്യത്തിന്റെ സുഗമമായ നടത്തിപ്പിനു കോടതികളും മാധ്യമങ്ങളും സ്തുത്യർഹസേവനമാണു നൽകുന്നത്. ഈ സാഹചര്യത്തിൽ ഇരുകൂട്ടരും ഒരുമിച്ച് പോകേണ്ടതുണ്ട്. ഇതിനായി ജില്ലകളിൽ മീഡിയ റിലേഷൻ കൗൺസിൽ രൂപവത്കരിക്കുമെന്നും ജഡ്ജിമാർ വ്യക്‌തമാക്കി. ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയിൽ മാധ്യമപ്രതിനിധികൾ, ബാർ അസോസിയേഷൻ ഭാരവാഹികൾ, ക്ലാർക്ക് അസോസിയേഷൻ പ്രതിനിധികൾ, വനിതാ പ്രതിനിധികൾ എന്നിവരുണ്ടാകും. കോടതിയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി പ്രവർത്തിക്കുന്ന സ്‌ഥിരം സമിതിയായിരിക്കും രൂപവത്കരിക്കുന്നതെന്നും ജഡ്ജിമാർ വ്യക്‌തമാക്കി.


ഹൈക്കോടതിയിലെയും തിരുവനന്തപുരം ജില്ലാ കോടതിയിലെയും മീഡിയ റൂമുകൾ ഉടൻ തുറക്കുമെന്നു ജഡ്ജിമാർ ഉറപ്പുനൽകിയതായി പത്രപ്രവർത്തക യൂണിയൻ ഭാരവാഹികൾ അറിയിച്ചു. വഞ്ചിയൂർ കോടതിയിൽ മാധ്യമ പ്രവർത്തകരെ അഭിഭാഷകർ കൈയേറ്റം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ആറു കേസുകൾ വഞ്ചിയൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകൾ അനുരഞ്ജനത്തിലൂടെ പരിഹരിക്കാൻ ശ്രമിക്കുമെന്ന് ജഡ്ജിമാർ ഉറപ്പുനൽകിയതായും അവർ അറിയിച്ചു.

രാവിലെ ജില്ലാ കോടതിയിലെത്തിയ ജഡ്ജിമാർ പ്രിൻസിപ്പൽ ജില്ലാ ജഡ്ജി വി. ഷിർസിയുടെ അധ്യക്ഷതയിൽ അഭിഭാഷകരുമായും ബാർ അസോസിയേഷൻ പ്രതിനിധികളുമായും സംസാരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.