ചെറുകിട സ്വർണ വ്യാപാരികളെ തകർക്കാൻ നീക്കമെന്ന്
Saturday, July 23, 2016 1:05 PM IST
ആലപ്പുഴ: സ്വർണ വ്യാപാര രംഗ ത്തെ കുത്തക കമ്പനികൾ ചെറുകിട സ്വർണവ്യാപാരികളെ തകർക്കാനുള്ള നീക്കങ്ങൾ നടത്തുന്നെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. ഒരു വർഷം സംസ്‌ഥാനത്ത് 50,000 കോടി രൂപയ്ക്കു താഴെയാണ് സ്വർണ വ്യാപാര മേഖലയിലെ വിറ്റുവരവ്. എന്നാൽ ഇതിനെ ചിലർ പെരുപ്പിച്ച് കാട്ടുകയും സ്വർണത്തിനുള്ള നികുതി സംബന്ധിച്ച് ഉപഭോക്‌താക്കളെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നതായും ഭാരവാഹികൾ പറഞ്ഞു. കോംപൗണ്ടിംഗ് സമ്പ്രദായത്തിൽ ചെറുകിട വ്യാപാരികൾക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാകുന്നുണ്ട്.


തുടർച്ചയായി അഞ്ചുവർഷം കോംപൗണ്ടിംഗ് സ്വീകരിച്ചവർക്ക് മുൻ സാമ്പത്തിക വർഷത്തെ നികുതി നിരക്കിൽ തുടരുന്നതിനു അനുമതി നല്കണമെന്നും, കൂടുതൽ വ്യാപാരികൾ കോംപൗണ്ടിംഗ് നികുതിയിലേക്ക് വരുന്നതിനായി രണ്ടുമാസത്തേക്കുകൂടി സമയപരിധി നീട്ടി നല്കണമെന്നും അവർ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആലപ്പി മോഹൻ, സെക്രട്ടറി എബി പാലത്ര, പി.എസ്. ചന്ദ്രശേഖരൻ, ടോംസൺ വർഗീസ് എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.