സിമന്റ് വില : സർക്കാർ ഇടപെടണമെന്ന്
Saturday, July 23, 2016 1:10 PM IST
ആലപ്പുഴ: സിമന്റ് വില ക്രമാതീതമായി ഉയരുകയും കൃത്രിമക്ഷാമം ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യത്തിൽ വിപണിയിൽ ഇടപെടാൻ സർക്കാർ തയാറാകണമെന്ന് ലൈസൻസ്ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ–ലെൻസ്ഫെഡ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

നിർമാണമേഖല തിരിച്ചടി നേരിടുന്ന സാഹചര്യത്തിൽ സ്വകാര്യ സിമന്റ് കമ്പനികൾ കൃത്രിമക്ഷാമം സൃഷ്‌ടിച്ചു വില വർധിപ്പിക്കുകയാണ്. സർക്കാർ ഭാഗത്തുനിന്നും ഇതു നിയന്ത്രിക്കാൻ നടപടികളൊന്നുമുണ്ടാകുന്നുമില്ല. കേരളത്തിനാവശ്യമായ സിമന്റിന്റെ പത്തുശതമാനം മാത്രമാണ് കേരളത്തിൽ ഉത്പാദിപ്പിക്കുന്നത്. പൊതുമേഖലയിലെ സിമന്റ് ഉത്പാദനം വർധിപ്പിച്ച് സാധാരണക്കാർക്ക് ന്യായവിലയ്ക്ക് സിമന്റ് ലഭ്യമാക്കുന്നതിനുള്ള നടപടി സർക്കാർ സ്വീകരിക്കണം. നിർമാണസാമഗ്രികൾ ന്യായവിലയ്ക്ക് ലഭ്യമാക്കാൻ കൺസ്ട്രക്ഷൻ മെറ്റീരിയൽ കോർപറേഷൻ സർക്കാർ തലത്തിൽ ആരംഭിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.


പത്രസമ്മേളനത്തിൽ ലെൻസ്ഫെഡ് ജില്ലാ പ്രസിഡന്റ് കെ. എ. ശിവൻ, സെക്രട്ടറി വി.ഡി. ജയകുമാർ, സംസ്‌ഥാന ട്രഷറർ ആർ. ജയകുമാർ, സംസ്‌ഥാന വൈസ്പ്രസിഡന്റ് വി.എസ്. ശ്രീകുമാർ, എൻ.ടി. മൈക്കിൾ, ഷൈൻ ജോസഫ് എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.