ദളിത്– പിന്നോക്ക പീഡനങ്ങൾക്കു മോദി കണക്കു പറയേണ്ടിവരും: ചെന്നിത്തല
ദളിത്– പിന്നോക്ക പീഡനങ്ങൾക്കു മോദി കണക്കു പറയേണ്ടിവരും: ചെന്നിത്തല
Saturday, July 23, 2016 1:19 PM IST
തിരുവനന്തപുരം: ദളിത് പീഡനങ്ങൾ മുഖമുദ്രയാക്കി മുന്നോട്ടു പോന്ന നരേന്ദ്ര മോദിസർക്കാർ ജനങ്ങളോടു കണക്കു പറയേണ്ടി വരുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മോദിയുടെ മധുര മനോജ്‌ഞ ഗുജറാത്തിൽ അരങ്ങേറിയ കാട്ടാളത്തം മനുഷ്യത്വത്തിന്റെ എല്ലാ സീമകളെയും ലംഘിക്കുന്നതായിരുന്നു.

2014ൽ മോദിസർക്കാർ അധികാരത്തിലെത്തിയ ശേഷം ദളിതർക്കു നേരേയുള്ള ആക്രമണങ്ങൾ തുടർക്കഥയാവുകയാണ്. ഈ ആക്രമണങ്ങളെല്ലാം സംഘടിപ്പിക്കുന്നതു സംഘപരിവാറിന്റെ പോഷക സംഘടനകളാണ്. രോഹിത് വെമുലയുടെ ആത്മഹത്യക്കു പിന്നിൽ ബിജെപിയുടെ വിദ്യാർഥി സംഘടയായ എബിവിപിയും അവരുടെ താളത്തിനു തുള്ളിയ രണ്ടു കേന്ദ്രമന്ത്രിമാരുമായിരുന്നു. ഹരിയാനയിൽ ഒരു ദളിത് പെൺകുട്ടി രണ്ടു തവണയാണ് ഒരേ അക്രമികളാൽ കൂട്ട ബലാത്സംഗത്തിന് ഇരയായത്. കോടതിയിൽ മൊഴിമാറ്റി പറയാനും കേസ് ഒത്തുതീർപ്പാക്കാനും പെൺകുട്ടിയുടെ വീട്ടുകാർ സമ്മതിക്കാതിരുന്നതാണ് ഇതിനു കാരണം.

മായാവതിക്കെതിരായുള്ള ബിജെപി നേതാവിന്റെ പരാമർശം രാഷ്ട്രീയ മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചു. നവി മുംബൈയിലും ഇതര ജാതിക്കാരിയായ പെൺകുട്ടിയ പ്രേമിച്ചുവെന്ന പേരിൽ ഒരു ദളിത് യുവാവിനെ അടിച്ചു കൊന്നു. ഇത്തരം കൊലകൾ വ്യാപകമായി ഹരിയാനയിലും മഹാരാഷ്ട്രയിലും അറങ്ങേറുന്നുണ്ട്.


ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങളിൽ മാത്രം ദളിത് പീഡനങ്ങൾ വ്യാപകമാകുന്നതിന്റെ രഹസ്യം അവിടെ അക്രമികൾക്കു ഭരണകൂടത്തിന്റെ സംരക്ഷണം ലഭിക്കുന്നുവെന്നതു കൊണ്ടാണ്. ഗുജറാത്തിലെ ഈ കൊടും ക്രൂരതയുടെ രഹസ്യവും മറ്റൊന്നല്ല.

വരുന്ന തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് പിടിക്കാൻ കഴിയില്ലെന്ന നിരാശയിൽനിന്ന് ഉയർക്കൊണ്ടതാണ് മായാവതിക്കെതിരായ ബിജെപി നേതാവിന്റെ പരാമർശം. മുഖ്യമന്ത്രിയായിരുന്ന മായവതിയുടെ അവസ്‌ഥ ഇതാണെങ്കിൽ ദളിത് വിഭാഗത്തിൽപെട്ട ഒരു സാധാരണക്കാരന്റെ അവസ്‌ഥയെന്തായിരിക്കും.

ദളിത് ആക്രമണങ്ങൾക്കെതിരെ ഗുജറാത്തിൽ ആഞ്ഞടിക്കുന്ന പ്രതിഷേധ കൊടുങ്കാറ്റ് അവിടെ തന്നെ കെട്ടടങ്ങുമെന്നാണു മോദിയും സംഘവും ചിന്തിക്കുന്നതെങ്കിൽ അവർക്കു തെറ്റുപറ്റി. കഴിഞ്ഞ ദിവസം കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി ഗുജറാത്തിൽ മർദനമേറ്റ ദളിത് യുവാക്കളെയും അവരുടെ കുടുംബങ്ങളെയും സന്ദർശിച്ചു. ഇതു വലിയൊരു രാഷ്ട്രീയ മാറ്റമാണ് അവിടെ സൃഷ്ടിക്കുന്നത്.

ഗുജറാത്തിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടുകൂടി മോദി കെട്ടിപ്പൊക്കിയ പൊള്ളയായ ഗുജറാത്ത് മാതൃക തകർന്നടിയും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പോടെ ഈ പ്രതിഭാസം ഇന്ത്യ മുഴുവൻ ആവർത്തിക്കുമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.