പ്രവചനമായി മാറിയ ചരമപ്രസംഗം
പ്രവചനമായി മാറിയ ചരമപ്രസംഗം
Saturday, July 23, 2016 1:19 PM IST
ചരിത്രമാണ് ആ പ്രസംഗം. അൽഫോൻസാമ്മയുടെ ആത്മീയ ഉപദേശകനും കുമ്പസാരക്കാരനുമായ ഫാ. റോമുളൂസ് സിഎംഐ, അൽഫോൻസാമ്മയുടെ സംസ്കാര ശുശ്രൂഷയിൽ സംബന്ധിച്ചു നടത്തിയ പ്രസംഗം ശരിക്കും പ്രവാചക ശബ്ദമായിരുന്നു. ഭരണങ്ങാനം ഭാരതത്തിന്റെ ലിസ്യുവാകുമെന്നും ഭാരതത്തിലെ മെത്രാന്മാരെന്നല്ല, കർദിനാൾമാർതന്നെ ഈ കന്യകയുടെ കുഴിമാടം സന്ദർശിച്ചു പ്രാർഥിക്കുമെന്നും പറഞ്ഞു നടത്തിയ പ്രസംഗം പിൽക്കാലത്ത് അക്ഷരാർഥത്തിൽ ശരിയാകുകയായിരുന്നു.

“” ഒരു യുവകന്യകയുടെ ശവസംസ്കാരത്തിനായിട്ടാണു നാം ഇവിടെ കൂടിയിരിക്കുന്നത്. ധനികയായ ഒരു കുടുംബിനി, ബിരുദധാരിണി, കവയിത്രി, കഥാകാരി, സിനിമാ താരം എന്നീ നിലകളിൽ ലോകത്തിനു മഹത്തായ സേവനങ്ങൾ അനുഷ്ഠിക്കുകയും ലോകപ്രസിദ്ധി നേടുകയും ചെയ്യാൻ കഴിവുണ്ടായിരുന്ന ഈ യുവതീരത്നം അവളുടെ ജീവിതകാലം മുഴുവൻ കന്യകാലയത്തിന്റെ മതിൽക്കെട്ടുകൾക്കുള്ളിൽ ലോകത്തിനു മഹത്തരം എന്നു കരുതുവാൻ സാധിക്കുന്നതായതൊന്നും ചെയ്യാനാവാതെ രോഗശയ്യയിൽ കഴിച്ചു ജീവിതം പാഴാക്കി മരണമടഞ്ഞിരിക്കുന്നതായി തോന്നുന്നു. ബഹുജനദൃഷ്ടിയിൽ ഇപ്രകാരം നിഷ്പ്രയോജനമായി ജീവിതം അവസാനിപ്പിച്ചു എന്നതിനു തെളിവല്ലയോ ഞാൻ ഇവിടെ കാണുന്ന തുച്ഛമായ ഈ ആൾക്കൂട്ടം.’’ എന്നു പറഞ്ഞു തുടങ്ങിയ പ്രസംഗം അൽഫോൻസാമ്മയുടെ ജീവിതവിശുദ്ധി വെളിവാക്കപ്പെടുന്ന വിധത്തിൽ പെയ്തിറങ്ങുകയായിരുന്നു.


“”എന്നാൽ, ഈ കന്യകയെ ഏറ്റം അടുത്തറിഞ്ഞിട്ടുള്ള ചുരുക്കം ആളുകളിൽ ഒരാൾ എന്ന നിലയിൽ ഞാൻ പറയുന്നു, എന്റെ ഹൃദയത്തിന്റെ അത്യഗാധമായ വിശ്വാസത്തിൽനിന്നു ഞാൻ പറയുന്നു, കേരളത്തിൽ എന്നല്ല, ഭാരതത്തിൽത്തന്നെ ഈ രണ്ടായിരം വർഷങ്ങൾക്കിടയിൽ ഉണ്ടായിട്ടുള്ള ഉൽകൃഷ്ടവ്യക്‌തികളിൽ ദൈവസമക്ഷം വളരെ മാഹാത്മ്യം നേടിയ ഒരു പുണ്യകന്യകയുടെ ശവസംസ്കാരത്തിലാണു നാം പങ്കു കൊള്ളുന്നത്. എന്നു തുടങ്ങി “”ആകയാൽ പരേതയുടെ വത്സല പിതാവേ, ദുഃഖിക്കേണ്ട, ഈ പുണ്യാത്മാവിന്റെ പിതൃത്വം ലഭിച്ചതിൽ ആനന്ദിക്കുക. ഒരു പുണ്യകന്യകയുടെ സഹോദരിയാകാൻ ഭാഗ്യം ലഭിച്ചവളേ, കരയേണ്ട സന്തോഷിക്കുക. കന്യകാലയ സഹോദരികളേ, കണ്ണീർ ചൊരിയേണ്ട, ഈ വീരകന്യകയോടുകൂടെ വസിക്കുന്നതിനും ഇവളെ പരിചരിക്കുന്നതിനും ഭാഗ്യം ലഭിച്ചതിൽ ആഹ്ലാദിക്കുക. ഇവൾ വസിച്ച കന്യകാമഠം ഭാഗ്യപ്പെട്ടത്. ഇവളുടെ പൂജ്യശരീരം അടക്കം ചെയ്യപ്പെടുന്ന ഈ ഭരണങ്ങാനം ഗ്രാമം ഭാഗ്യപ്പെട്ടത്’’ എന്നും കൂട്ടിച്ചേർത്താണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്. പിൽക്കാലത്ത് അവയെല്ലാം അക്ഷരംപ്രതി ശരിയാകുകയും ചെയ്തു.

(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.