സിപിഎമ്മും ബിജെപിയും വാൾ ഉറയിലിടണം: രമേശ് ചെന്നിത്തല
സിപിഎമ്മും ബിജെപിയും വാൾ ഉറയിലിടണം: രമേശ് ചെന്നിത്തല
Saturday, July 23, 2016 1:25 PM IST
പയ്യന്നൂർ: അക്രമംകൊണ്ടും കൊലപാതകംകൊണ്ടും ഒന്നും നേടാനാകില്ലെന്ന തിരിച്ചറിവോടെ സിപിഎമ്മും ബിജെപിയും വാൾ ഉറയിലിടണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുന്നരുവിലെ സ്വാതന്ത്ര്യസമര സേനാനി എൻ.വി.കോരൻ മാസ്റ്ററുടെ 103 ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടു കുടുംബങ്ങളെ അനാഥമാക്കിക്കൊണ്ടു നടത്തിയ കൊലപാതകത്തിലൂടെ സിപിഎമ്മും ബിജെപിയും എന്തു നേടിയെന്ന് ചെന്നിത്തല ചോദിച്ചു. ഇനി ഫണ്ട് പിരിച്ചുകൊടുത്താലും കൊല്ലപ്പെട്ടവരുടെ മക്കൾക്ക് അവരുടെ അച്ഛനെ തിരിച്ചുകിട്ടില്ല. ഇതു രാഷ്ട്രീയമല്ല, മനുഷ്യത്വമില്ലാത്ത കാടത്തമാണ്. കൊലപാതകങ്ങൾ അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കൊലപാതക രാഷ്ട്രീയം ജനങ്ങളിൽ പുച്ഛമാണുണ്ടാക്കുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇതു തിരിച്ചറിയണമെന്നും ചെന്നിത്തല പറഞ്ഞു.


ജന്മദിനം ആഘോഷിക്കുന്ന കോരൻമാസ്റ്ററെ രമേശ് ചെന്നിത്തല പൊന്നാടയണിയിച്ച് ആദരിച്ചു. ഡിസിസി പ്രസിഡന്റ് കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ.ഡി.കെ.ഗോപിനാഥ്, എം.കെ.രാജൻ, എം.നാരായണൻകുട്ടി, എ.പി.നാരായണൻ, എം.പി.ഉണ്ണിക്കൃഷ്ണൻ, വി.കൃഷ്ണൻ, അത്തായി പത്മിനി, ലളിത ടീച്ചർ എന്നിവർ സംസാരിച്ചു.

അക്രമത്തിൽ പരിക്കേറ്റു ചികിത്സയിൽ കഴിയുന്ന പയ്യന്നൂർ കോളജിലെ കെഎസ്യു യൂണിറ്റ് പ്രസിഡന്റ് തോംസൺ ബെന്നിയെയും കൊല്ലപ്പെട്ട അന്നൂരിലെ ബിജെപി പ്രവർത്തകൻ സി.കെ.രാമചന്ദ്രന്റേയും കുന്നരുവിലെ സിപിഎം പ്രവർത്തകൻ സി.വി.ധനരാജന്റെയും വീടുകളും സന്ദർശിച്ച ശേഷമാണു രമേശ് ചെന്നിത്തല കോരൻമാസ്റ്ററുടെ വീട്ടിൽ നടന്ന ചടങ്ങിനെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.