120 മലയാളികൾ വഞ്ചിതരായി
Saturday, July 23, 2016 1:33 PM IST
കൊച്ചി: ജോലി വാഗ്ദാനം ചെയ്തു മുംബൈ ആസ്‌ഥാനമായ നഴ്സിംഗ് റിക്രൂട്ട്മെന്റ് സ്‌ഥാപനം വഞ്ചിച്ചെന്ന പരാതിയുമായി മലയാളി നഴ്സുമാർ. സംസ്‌ഥാനത്തും പുറത്തും ജോലിചെയ്യുന്ന 120ഓളം മലയാളി നഴ്സുമാരാണു മുംബൈ പോലീസിനും കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകിയിരിക്കുന്നത്. മുംബൈ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഹീലിയസ് ടൂർസ് ആൻഡ് ട്രാവൽസ് എന്ന സ്‌ഥാപനമാണ് ഫിൻലൻഡിലേക്കും ബ്രസീലിലേക്കും ജോലി വാഗ്ദാനം ചെയ്ത് മലയാളികളടക്കം 140ഓളം നഴ്സുമാരെ തട്ടിപ്പിനിരയാക്കിയത്.

ഗുജറാത്ത് സ്വദേശിയായ രാഹുൽ പട്ടേൽ ആണ് റിക്രൂട്ട്മെന്റ് സ്‌ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ. 1500 മുതൽ 3,000വരെ യൂറോ ശമ്പളം വാഗ്ദാനം ചെയ്ത് ഒന്നര ലക്ഷം മുതൽ 3.5 ലക്ഷം രൂപ വരെ ഉദ്യോഗാർഥികളുടെ കൈയിൽനിന്നു സ്‌ഥാപനം വാങ്ങിയിട്ടുണ്ടെന്നു പരാതിയിൽ പറയുന്നു. പലരുടെയും പാസ്പോർട്ട് അടക്കമുള്ള രേഖകൾ റിക്രൂട്ട്മെന്റ് ഏജൻസിയുടെ കൈവശമാണ്. ചിലർക്കു പാസ്പോർട്ടുകൾ തിരിച്ചയച്ചിട്ടുണ്ടെന്ന് ഏജൻസി പറയുന്നുങ്കെിലും ഇതുവരെ ആർക്കും ലഭിച്ചിട്ടില്ല.

ഉദ്യോഗാർഥികളുടെ പക്കൽനിന്ന് ആദ്യഘട്ടമായി രജിസ്ട്രേഷൻ ഫീസ് എന്ന പേരിൽ 20,000 രൂപയാണ് ഏജൻസി വാങ്ങുന്നത്. പിന്നീട് ഇന്റർവ്യൂ, ഓഫർ ലെറ്റർ, വീസ സ്റ്റാമ്പിംഗ് എന്നിങ്ങനെ ഓരോ ആവശ്യങ്ങൾക്കായി മൂന്നു ലക്ഷത്തോളം രൂപ വാങ്ങിയെടുത്തിട്ടുണ്ട്. ടെലിഫോൺ ഇന്റർവ്യൂ അടക്കമുള്ള കാര്യങ്ങൾ നടത്തിയത് ഫിൻലൻഡിൽനിന്നുള്ള പ്രതിനിധികളായിരുന്നു.

ടെലിഫോൺ ഇന്റർവ്യൂ നടത്തിയ നമ്പറുകൾ പരിശോധിച്ചതിൽനിന്ന് കോൾ വന്നത് ഫിൻലൻഡിലെ ഉലു എന്ന സ്‌ഥലത്തുനിന്നാണെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു.

ടൂർ പാക്കേജുകൾ നടത്തുന്ന സ്‌ഥാപനമായ ഹീലിയസ് ടൂർസ് ആൻഡ് ട്രാവൽസിന്റെ നേതൃത്തിൽ നടത്തുന്ന ആദ്യ റിക്രൂട്ട്മെന്റാണ് ഇതെന്നും ഫിൻലൻഡിലെ എംഡി യൂറോപ്പ് എന്ന സ്‌ഥാപനം വഴിയാണു റിക്രൂട്ട്മെന്റ് നടത്തുന്നതെന്നും ഉദ്യോഗാർഥികളെ ഏജൻസി ആദ്യംതന്നെ അറിയിച്ചിരുന്നു. മൂന്നു മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കി വീസ നൽകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, പത്തു മാസം കഴിഞ്ഞിട്ടും പലർക്കും വീസ ലഭിക്കാത്തതിനെപ്പറ്റി അന്വേഷിച്ചപ്പോൾ തങ്ങൾക്കുള്ള പരിചയക്കുറവു മൂലമാണെന്നാണു കാലതാമസം വരുന്നതെന്നാണ് ഏജൻസിയിൽനിന്ന് ഉദ്യോഗാർഥികൾക്കു ലഭിച്ച മറുപടി. തുടർന്ന് കഴിഞ്ഞ 11ന് പാസ്പോർട്ടിന്റെ സ്റ്റാമ്പ്ഡ് കോപ്പി ഉദ്യോഗാർഥികൾക്ക് മെയിൽ ചെയ്തു നൽകുകയും ചെയ്തു.


ഉടൻതന്നെ പാസ്പോർട്ടും വീസയും ലഭിക്കുമെന്നും അതു കിട്ടുന്ന മുറയ്ക്കു ഫിൻലൻഡിലേക്കു പോകാമെന്നുമാണ് അറിയിച്ചിരുന്നത്. പാസ്പോർട്ട് കിട്ടാത്തതിനാൽ സ്‌ഥാപനവുമായി ബന്ധപ്പെട്ടപ്പോൾ എംഡിയുടെ പിതാവ് മരിച്ചതിനാൽ അവധിയാണെന്നായിരിന്നു മറുപടി. നേരിട്ട് അന്വേഷിച്ചപ്പോൾ സ്‌ഥാപനം അടഞ്ഞുകിടക്കുകയായിരുന്നു. അതുവരെ ഉദ്യോഗാർഥികളുടെ ഫോൺ കോളുകൾ എടുത്തിരുന്നത് ഉദ്യോഗാർഥികളുമായി ബന്ധപ്പെട്ട കൗൺസിലർമാരായിരുന്നു. എന്നാൽ, പിന്നീടു കൗൺസിലർമാരുടെ ഫോൺ കോളുകൾ എല്ലാം ഡൈവേർട്ട് ചെയ്ത് എംഡിയായ രാഹുൽ പട്ടേലാണ് അറ്റൻഡ് ചെയ്തിരുന്നത്.

18ന് എല്ലാ ഉദ്യോഗാർഥികളുടെയും ഫോണിലേക്കു സോറി എന്നു രാഹുൽ സന്ദേശം അയയ്ക്കുകയായിരുന്നു. തുടർന്നു ബന്ധപ്പെട്ടപ്പോൾ ഫിൻലൻഡ് ആസ്‌ഥാനമായുള്ള എംഡി യൂറോപ്പ് എന്ന കമ്പനി വഴിയാണു തങ്ങൾ റിക്രൂട്ട്മെന്റ് നടത്താൻ ഉദ്ദേശിച്ചിരുന്നതെന്നും അവർ ഈ പണം മുഴുവൻ തട്ടിയെടുത്ത് റിക്രൂട്ട്മെന്റ് നടത്താൻ വിസമ്മതിക്കുകയായിരുന്നെന്നും രാഹുൽ പട്ടേൽ അറിയിച്ചു. സ്വന്തം വീടു വിറ്റെങ്കിലും രണ്ടു മാസത്തിനുള്ളിൽ ഉദ്യോഗാർഥികളുടെ പണം തിരിച്ചു നൽകുമെന്നും രാഹുൽ പട്ടേൽ പറഞ്ഞതായി ഉദ്യോഗാർഥികൾ പറഞ്ഞു. ഇതേത്തുടർന്നു സ്‌ഥാപനവുമായി ബന്ധപ്പെട്ട ചിലരുടെ പേരുവിവരങ്ങളും ഫോട്ടോയും ഫോൺ നമ്പറുകളും സഹിതം മുംബൈ പോലീസിൽ പരാതി നൽകി. എന്നാൽ, അന്വേഷണ പുരോഗതി ഉണ്ടാകാത്തതിനാൽ തട്ടിപ്പിനിരയായ നഴ്സുമാർ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.