ഹൈക്കോടതി സംഭവത്തിൽ ജുഡീഷൽ അന്വേഷണം
ഹൈക്കോടതി സംഭവത്തിൽ ജുഡീഷൽ അന്വേഷണം
Saturday, July 23, 2016 1:41 PM IST
<ആ>സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചിയിൽ അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുള്ള പ്രശ്നങ്ങൾക്കും തുടർന്നുണ്ടായ സംഘർഷങ്ങൾക്കും പരിഹാരം. ഹൈക്കോടതിക്കു പുറത്തു നടന്ന സംഭവങ്ങളെക്കുറിച്ചും അതിനിടയാക്കിയ പ്രശ്നങ്ങളെക്കുറിച്ചും ജുഡീഷൽ അന്വേഷണം നടത്താനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്‌ഥിരം സമിതി രൂപീകരിക്കാനും ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ എറണാകുളം ഗസ്റ്റ് ഹൗസിൽ വിളിച്ച അനുരഞ്ജന യോഗത്തിൽ ധാരണയായി.

ബാർ കൗൺസിലിന്റെയും ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെയും പത്രപ്രവർത്തക യൂണിയന്റെയും ഭാരവാഹികളുമായി നടത്തിയ ചർച്ചകൾക്കു ശേഷം മുഖ്യമന്ത്രി അറിയിച്ചതാണ് ഇക്കാര്യം.

ഹൈക്കോടതിക്കു പുറത്തു ഇരുകൂട്ടരുമായി ഉണ്ടാകാവുന്ന പ്രശ്നങ്ങളിൽ പരിഹാരം കാണാനും ഇത്തരം സംഭവങ്ങൾ ഇനി ഉണ്ടാകാതിരിക്കാനും അഡ്വക്കറ്റ് ജനറൽ അധ്യക്ഷനായി സ്‌ഥിരം സമിതിക്കു രൂപം നൽകും. ബാർ കൗൺസിലിന്റെ ഒരു പ്രതിനിധിയും ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ, പത്രപ്രവർത്തക യൂണിയൻ എന്നിവയുടെ മൂന്നു വീതം പ്രതിനിധികളും ഉൾപ്പെട്ടതാണു സമിതി. പോലീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത്തരം യോഗങ്ങളിൽ സംസ്‌ഥാന പോലീസ് മേധാവിയെകൂടി വിളിക്കാമെന്നു മുഖ്യമന്ത്രി നിർദേശിച്ചു.

ഓരോ പ്രശ്നത്തിലും പ്രതിഷേധവും പ്രക്ഷോഭവും ഉയരുംമുമ്പേ സമിതി യോഗം ചേർന്നു പരിഹാരം കണ്ടെത്തും. 19നു മുമ്പ് അഭിഭാഷകരും മാധ്യമപ്രവർത്തകരും സ്വീകരിച്ചിരുന്ന സൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും അന്തരീക്ഷം മടക്കിക്കൊണ്ടുവരണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ പ്രശ്നങ്ങൾ നിർഭാഗ്യകരമാണ്. പ്രശ്നങ്ങളിൽ അഭിമാനിക്കാൻ ഇരുകൂട്ടർക്കും വകയില്ല. സമൂഹവും ഇക്കാര്യത്തിൽ ആശങ്കപ്പെടുന്നുണ്ട്. സംഘർഷങ്ങളുമായി ബന്ധപ്പെട്ടുണ്ടായ കേസുകൾ അതിന്റെ വഴിക്കു നടക്കും. അയ്യായിരത്തോളം അഭിഭാഷകരാണ് ഹൈക്കോടതിയിലുള്ളത്. നൂറിൽ താഴെ മാത്രമാണ് അവിടെ മാധ്യമപ്രവർത്തകരുടെ എണ്ണം. ഇവർ തമ്മിലുള്ള സംഘർഷം ചിന്തിക്കാൻകൂടി കഴിയാത്ത കാര്യമാണ്. സംഘർഷം അടഞ്ഞ അധ്യായമായി കാണണം. ഒരു തരത്തിലുള്ള അതിക്രമവും സർക്കാർ അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.


അത്യന്തം നിർഭാഗ്യകരമായ സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായതെന്ന് ഇരുവിഭാഗവും ചർച്ചയിൽ അംഗീകരിച്ചു. ഇത് ആവർത്തിക്കരുതെന്ന കാര്യത്തിലും ഇരുകൂട്ടരും ഏകാഭിപ്രായക്കാരായിരുന്നു. ഉച്ചയ്ക്ക് 12.30ന് അഭിഭാഷകരുടെ പൊതുവേദിയായ ബാർ കൗൺസിൽ പ്രതിനിധികൾ, ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രതിനിധികൾ, പത്രപ്രവർത്തക യൂണിയൻ പ്രതിനിധികൾ എന്നിവരുമായി പ്രത്യേകം ചർച്ച നടത്തി. അഡ്വക്കറ്റ് ജനറൽ സി.പി. സുധാകരപ്രസാദ്, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായർ, അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ എൻ. നഗരേഷ്, സ്റ്റേറ്റ് അറ്റോർണി കെ.വി. സോഹൻ, അഡീഷണൽ അഡ്വക്കറ്റ് ജനറൽമാരായ കെ.കെ. രവീന്ദ്രനാഥ്, രഞ്ജിത് തമ്പാൻ തുടങ്ങിയവർ മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.

പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് കെ. രവികുമാർ, സെക്രട്ടറി എസ്. ഉണ്ണികൃഷ്ണൻ, സംസ്‌ഥാന വൈസ് പ്രസിഡന്റ് ആർ. ഗോപകുമാർ, നിയമകാര്യ ലേഖകരെ പ്രതിനിധീകരിച്ചു റോസമ്മ ചാക്കോ, ബാർ കൗൺസിൽ പ്രസിഡന്റ് ജോസഫ് ജോൺ, ഹൈക്കോടതി അഡ്വ.അസോസിയേഷൻ പ്രസിഡന്റ് എസ്.യു. നാസർ, വൈസ് പ്രസിഡന്റുമാരായ ഷീല ദേവി, കൃഷ്ണദാസ് പി. നായർ, സെക്രട്ടറി ജഗൻ ഏബ്രഹാം, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.