വിമലിന്റെയും സജീവിന്റെയും തിരിച്ചുവരവിനായി പ്രാർഥനയോടെ ഗ്രാമം
വിമലിന്റെയും സജീവിന്റെയും തിരിച്ചുവരവിനായി പ്രാർഥനയോടെ ഗ്രാമം
Saturday, July 23, 2016 1:41 PM IST
കോഴിക്കോട്: വിമലിന്റെയും സജീവിന്റെയും തിരിച്ചുവരവിനായി പ്രാർഥനയോടെ കഴിയുകയാണു ഗ്രാമം. കഴിഞ്ഞ വെള്ളിയാഴ്ചയാണു ചെന്നൈയിൽനിന്നു പോർട്ട്ബ്ലയറിലേക്ക് ഇന്ത്യൻ വ്യോമസേനയുടെ എഎൻ 32 വിമാനത്തിൽ വിമലുൾപ്പെടെയുള്ള 29 പേർ യാത്രതിരിച്ചത്. വിമലിനെയും സജീവിനെയുംകുറിച്ചോ ഇവർ സഞ്ചരിച്ച വിമാനത്തെക്കുറിച്ചോ പിന്നീടു യാതൊരു വിവരവും ലഭിച്ചിട്ടില്ല.

പോർട്ട്ബ്ലയറിലേക്കുള്ള രണ്ടാമത്തെ യാത്രയായിരുന്നു കക്കോടി സ്വദേശിയായ വിമലിന്റേത്. ജൂണിയർ എൻജിനിയർ എന്ന സ്‌ഥാനക്കയറ്റത്തോടെ പ്രതീക്ഷകളോടെയാണു വിമൽ പറന്നുയർന്നത്. വിമലിനെ കാണാതായതു മുതൽ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ കോട്ടുപ്പാടത്തേക്കു വരുന്നുണ്ട്. കോട്ടുപ്പാടത്തെ ചെറിയാറമ്പത്ത് വീട്ടിൽ വളർന്ന വിമലിന്റെ പ്രാഥമിക വിദ്യാഭ്യാസം കോനാടത്ത് എൽപി സ്കൂളിലായിരുന്നു. പിന്നീടു മാതൃബന്ധു യുപി സ്കൂളിലും കക്കോടി ഗവ. സ്കൂളിലും പഠനം പൂർത്തിയാക്കിയ വിമൽ ഗവ. ആർട്സ് കോളജിൽ ഡിഗ്രി കഴിഞ്ഞ ശേഷമാണു സൈന്യത്തിൽ ചേർന്നത്. 13 വർഷം മുമ്പു കരസേനയിൽ സൈനികനായി സേവനമനുഷ്ഠിച്ച വിമൽ രണ്ടുവർഷം മുമ്പാണ് രേഷ്മയെ വിവാഹം ചെയ്തത്.

സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നതിനിടെ രണ്ടുവർഷം മുമ്പാണ് വിമലിനു മിലിറ്ററി എൻജിനിയറിംഗ് കോളജിൽ സിവിൽ എൻജിനിയറിംഗ് പഠിക്കാൻ അവസരം ലഭിച്ചത്. സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നവരിൽനിന്നു യോഗ്യതയുടെ അടിസ്‌ഥാനത്തിൽ പ്രത്യേകമായി തെരഞ്ഞെടുത്തവർക്കാണു രണ്ടു വർഷത്തെ കോഴ്സ് പഠിക്കാനുള്ള അവസരം. ചെറുപ്പകാലം മുതൽ പഠനത്തിൽ മികവ് പുലർത്തിയ വിമൽ ഡിപ്ലോമ കോഴ്സിലേക്ക് എളുപ്പത്തിൽ പ്രവേശനം നേടി. പൂനയിലെ സിഎംഇ (കോളജ് ഓഫ് മിലിട്ടറി എൻജിനിയറിംഗ്)യിലായിരുന്നു പഠനം. രണ്ടു വർഷത്തെ കോഴ്സ് പൂർത്തീകരിച്ച ശേഷമാണു പോർട്ട്ബ്ലയറിലേക്ക് പോസ്റ്റിംഗ് ലഭിച്ചത്. ഏപ്രിലിൽ കോഴ്സ് പൂർത്തീകരിച്ച വിമൽ രണ്ടു മാസത്തെ അവധിക്കായി നാട്ടിലെത്തി.


പൂനയിൽ ഒപ്പം താമസിച്ചിരുന്ന ഭാര്യയെയും നാട്ടിലേക്കു കൂട്ടിയിരുന്നു. അവധി കഴിഞ്ഞ് ജൂൺ 20ന് പോർട്ട്ബ്ലയറിലെത്തി ജോലിക്ക് ഹാജരായി. കോഴ്സ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായാണു വീണ്ടും അവിടെ നിന്ന് ചെന്നൈയിലെത്തിയത്. രണ്ടു ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും ചെന്നൈയിലെ സൈനിക അക്കാദമിയിലെ സാങ്കേതിക കാരണങ്ങളാൽ വൈകുകയായിരുന്നു.

പിന്നീട് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണു വീണ്ടും ചെന്നൈയിലേക്കു പോയത്. അവിടെനിന്നും 8.30ന് പറന്നുയർന്ന എഎൻ 32 വിമാനത്തിലാണു വിമൽ പോർട്ട്ബ്ലയറിലേക്ക് പുറപ്പെട്ടത്.

കാക്കൂർ തച്ചൂർ അപ്പുനിവാസിൽ രാജന്റെ മകൻ സജീവ്കുമാർ(38) പോർട്ട് ബ്ലെയറിൽ നേവി ഉദ്യോഗസ്‌ഥനാണ്. ഡൽഹിയിൽ ജോലിചെയ്തിരുന്ന സജീവ് ഒരു വർഷം മുമ്പാണ് പോർട്ട് ബ്ലെയറിലെത്തിയത്. പതിന്നാലു വർഷമായി നേവിയിൽ ഉദ്യോഗസ്‌ഥനാണ്. ബംഗളൂരുവിൽ മൂത്രാശയ സംബന്ധമായ അസുഖത്തിനു ചികിത്സയ്ക്കെത്തിയതായിരുന്നു സജീവ്. രണ്ടു മാസം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കു വിധേയനായി. രണ്ടാഴ്ച മുമ്പാണ് വിദഗ്ധ ചികിത്സയ്ക്കു ബംഗളൂരുവിലേക്കു പോയത്.

ജൂൺ നാലിനാണ് അവസാനമായി നാട്ടിൽ വന്നത്. ഭാര്യ ജെസിയും മകൾ ദിയാലക്ഷ്മിയും പോർട്ട് ബ്ലെയറിലാണ്. വിവരമറിഞ്ഞ് മന്ത്രി എ.കെ. ശശീന്ദ്രൻ, എം.കെ. രാഘവൻ എംപി തുടങ്ങി സമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിലെ നിരവധിപ്പേർ കുടുംബാംഗങ്ങലെ ആശ്വസിപ്പിക്കാനായി എത്തുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.