ഫുട്ബോൾ റഫറിയിംഗ്: കാമറയിൽ കാര്യമില്ലെന്നു മാസിമോ ബുസാക്ക
ഫുട്ബോൾ റഫറിയിംഗ്: കാമറയിൽ കാര്യമില്ലെന്നു മാസിമോ ബുസാക്ക
Sunday, July 24, 2016 12:24 PM IST
കൊച്ചി: ഫുട്ബോൾ റഫറിയിംഗിന് വീഡിയോ റഫറൻസിന്റെ സഹായം തേടുന്നതു കളിയെ സഹായിക്കുമെന്നു കരുതുന്നില്ലെന്നു ഫിഫ ചീഫ് റഫറി മാസിമോ ബുസാക്ക പറഞ്ഞു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ് ) നേതൃത്വത്തിൽ ഫുട്ബോൾ റഫറിമാർക്കുള്ള ഒരാഴ്ച നീളുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയതായിരുന്നു ബുസാക്ക. ഒരു കാമറയെ ആശ്രയിച്ചു തീരുമാനങ്ങൾ എടുക്കുന്നത് കളിക്കു ഗുണകരമാകില്ല. കളിയുടെ തുടർച്ചയും സമയവും നഷ്‌ടപ്പെടും. കളിയുടെ ഏതൊക്കെ മേഖലകളിൽ വീഡിയോ റഫറൻസ് ടെക്നോളജി ഉപയോഗപ്പെടുത്താമെന്നു പരിശോധിക്കും. ഫിഫയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബറിൽ നടക്കുന്ന സൗഹൃദ മത്സരങ്ങളിൽ ഇതു പരീക്ഷിക്കുമെന്നു മാസിമോ ബുസാക്ക പറഞ്ഞു.

കളിയുടേയും കളിക്കാരുടേയും സ്വഭാവവിശേഷങ്ങൾ മനസിലാക്കി വേണം റഫറിമാർ കളി നിയന്ത്രിക്കാൻ. കൃത്യമായ തീരുമാനങ്ങൾ എടുക്കുന്നതിനും കളിക്കളത്തിൽ എല്ലായിടത്തും ശ്രദ്ധയെത്തുന്നതിനും അത് സഹായിക്കും. റഫറിമാർക്കു പരിശീലനം നൽകാനുള്ള തീരുമാനം അഭിനന്ദനീയമാണ്. അതിനായി ഒരു നല്ല പദ്ധതി തയാറാക്കി പ്രവർത്തിക്കണം. ഒറ്റ ദിവസം കൊണ്ടു മാറ്റം ഉണ്ടായിക്കൊള്ളണമെന്നില്ല. അതിനു സമയമെടുക്കും.


കളിക്കാർ നടത്തുന്ന കഠിനമായ പരിശീലനംപോലെ തന്നെ റഫറിമാരും പരിശീലിക്കണം. അടുത്ത ദിവസങ്ങളിൽ അത്തരത്തിലുള്ള പരിശീലന പരിപാടികളാണു നടക്കാൻ പോകുന്നത്. നമ്മുടെ പരിശ്രമം ഇതുപോലെ തന്നെ തുടർന്നാൽ അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന റഫറിമാർ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

മികച്ച റഫറിയായി തെരഞ്ഞെടുക്കപ്പെട്ട ആളാണ് താൻ. പക്ഷേ, തനിക്കും കളിക്കിടയിൽ തെറ്റുകൾ പറ്റാറുണ്ട്. അതു മറന്ന് അടുത്ത കളിയിൽ ആ തെറ്റ് പറ്റാതിരിക്കാനും കൃത്യമായ തീരുമാനമെടുക്കാനും ശ്രമിക്കണം. റഫറിമാരും മനുഷ്യരാണ്. തെറ്റു വരാത്തവരായി ആരും ഉണ്ടാകില്ല. വിമർശനങ്ങളെ നേരിടുക അത്ര എളുപ്പമല്ലെന്നും താൻ വിമർശനങ്ങളെ കാര്യമായി എടുക്കാറില്ലെന്നും മാസിമോ ബുസാക്ക കൂട്ടിച്ചേർത്തു.

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി കുശാൽ ദാസ്, എഐഎഫ്എഫ് റഫറീസ് കമ്മിറ്റി തലവൻ കേണൽ ഗൗതം ഖർ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.